Connect with us

Travelogue

മസ്ജിദ് തുവാങ്കു മീസാൻ സൈനുൽ ആബിദീൻ

ഒരു വലിയ വാസ്തുവിദ്യാ അത്ഭുതം തന്നെയാണ് ഈ ആരാധനാലയം. ഈ മസ്ജിദിനോട് ചേർന്നാണ് മലേഷ്യയുടെ പരമോന്നത നീതിന്യായാലയമായ "ഇസ്താനെ കെ ഹാകിമീൻ' സ്ഥിതി ചെയ്യുന്നത്.

Published

|

Last Updated

ഡൽഹിയിലെ റെയ്‌സിന ഹില്ലിലൂടെ നടക്കുന്ന ഒരു അനുഭൂതിയാണ് പെർദാന പുത്രയുടെ മുന്നിലുള്ള ചുവന്ന പാതയിലൂടെ നടക്കുമ്പോളുണ്ടായത്. ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട ഒട്ടനവധി സർക്കാർ സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നത് റെയ്‌സിന ഹില്ലിലാണല്ലോ. ഇന്ത്യൻ രാഷ്ട്രപതിയുടെ ഭവനവും ഓഫീസും ഇന്ത്യൻ പ്രധാനമന്ത്രിയുടെ കാര്യാലയവും നിരവധി സുപ്രധാന മന്ത്രാലയങ്ങളും സ്ഥിതി ചെയ്യുന്ന ആ ചെറു കുന്നിലൂടെ നടക്കുമ്പോൾ തന്നെ കാലിനടിയിലൂടെ ഒരു തരിപ്പ് അനുഭവപ്പെടും. ഏത് നേരത്തും നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥർ, അകമ്പടി സേവിച്ചു വരുന്ന ഉന്നത രാഷ്ട്രീയ നേതാക്കന്മാർ, ഉദ്യോഗസ്ഥർ ഇവരുടെയൊക്കെ സാന്നിധ്യം ആ കുന്നിൻ ചെരുവിൽ ഒരു മൗനവും പ്രൗഢിയും ഉണ്ടാക്കുന്നു. എന്നാലും റെയ്‌സിന ഹില്ലിന്റെ ഗരിമയും പകിട്ടൊന്നും പെർദാന പുത്രക്ക് പൂർണമായും ലഭിച്ചിട്ടില്ല. ഞങ്ങൾ നടക്കുന്നതിന്റെ ഇടതു വശത്തായാണ് ധനകാര്യ മന്ത്രാലയമുള്ളത്. അവിടെ കുറച്ചു വാഹനങ്ങൾ നിർത്തിയിട്ടിട്ടുണ്ട്. എങ്കിലും തിരക്ക് എവിടെയും കാണുന്നില്ല. ഒരു ഒഴിഞ്ഞ അവസ്ഥ.

പുത്രജയയിലെ ഈ വഴികളിലൊക്കെ തന്നെ ആയിരക്കണക്കിന് മലേഷ്യൻ കൊടികൾ പാറുന്നതും കെട്ടിടത്തിന് മുകളിൽ നിന്നും വിവിധ വലുപ്പത്തിലുള്ള കൊടികൾ കീഴ്പോട്ട് തൂക്കിയിട്ടതുമൊക്കെ കാണാം. എവിടെയും ഒരു മലേഷ്യൻ കൊടിമയം. നമ്മുടെ നാട്ടിൽ നിന്നും നേരെ വിഭിന്നമായുള്ള ഒരു കാഴ്ച. ഒരു പക്ഷേ, ലോകത്ത് ദേശീയ പതാകക്ക് വലിയ തോതിലുള്ള പ്രോട്ടോകോൾ നൽകുന്ന അപൂർവം രാജ്യങ്ങളിൽ ഒന്നാകും നമ്മുടെ ഇന്ത്യ.

“അയൺ മസ്ജിദ്’ എന്ന് തദ്ദേശീയർക്കിടയിൽ അറിയപ്പെടുന്ന “മസ്ജിദ് തുവാങ്കു മീസാൻ സൈനുൽ ആബിദീനി’ലേക്കാണ് ഞങ്ങൾ നടന്നത്. പുത്രാ മസ്ജിദിനോളം പ്രാധാന്യവും പ്രസക്തിയും ഈ മസ്ജിദിനും നൽകപ്പെട്ടിട്ടുണ്ട്. ഒരു വലിയ വാസ്തുവിദ്യാ അത്ഭുതം തന്നെയാണ് ഈ ആരാധനാലയം. ഈ മസ്ജിദിനോട് ചേർന്നാണ് മലേഷ്യയുടെ പരമോന്നത നീതിന്യായാലയമായ “ഇസ്താനെ കെ ഹാകിമീൻ’ സ്ഥിതി ചെയ്യുന്നത്. മസ്ജിദിന്റെ ഏറ്റവും വലിയ പ്രത്യേകത നെയ്‌തെടുത്തത് പോലുള്ള ജനൽപ്പാളികളും മറകളുമാണ്. മസ്ജിദിന്റെ ചുറ്റും പുത്രാ തടാകത്തിനാലും വലയം ചെയ്തിട്ടുണ്ട്. അതിലെ നിഴൽ കൂടുതൽ ആഢ്യത്വം മസ്ജിദിനു സമ്മാനിക്കുന്നുണ്ടായിരുന്നു.

വലുതും ആധുനികവും സാധാരണ രൂപകൽപ്പനയിൽ നിന്ന് വളരെ വ്യത്യസ്തവുമായ അയൺ മസ്ജിദ് വലിയ ആകർഷണീയതയും നിർമാണത്തിൽ ഉന്നത നിലവാരവും പുലർത്തിയിട്ടുണ്ട്. എഴുപത് ശതമാനവും ഉരുക്കിൽ നിന്ന് നിർമിച്ചതിനാലാണ് ഇതിന്റെ പേര് ഇങ്ങനെ വന്നത്. സരളം, വായുസഞ്ചാര യോഗ്യം, സുതാര്യത ഈ മൂന്ന് നിർമാണ തത്ത്വങ്ങൾ അടിസ്ഥാനമാക്കിയായിരുന്നു മസ്ജിദിന്റെ രൂപകൽപ്പന നടത്തേണ്ടത് എന്ന് ആസൂത്രകർ കരാറുകാർക്ക് നിർദേശം നൽകിയിരുന്നു. 2005 ഏപ്രിലിൽ ആരംഭിച്ച് അഞ്ച് വർഷത്തിനുള്ളിൽ മസ്ജിദിന്റെ നിർമാണം പൂർത്തിയായി.

മസ്ജിദിന്റെ മുകൾ ഭാഗം വളരെ വിശാലവും ദൃഢമായ ഇരുമ്പിനാൽ ചുറ്റിയ ഒരു മേൽക്കൂരയായി കാണുന്നതും അനിർവചനീയമായ അനുഭവമാണ്. അതിനു നടുവിൽ വലിയ ഖുബ്ബയും അതിനുള്ളിലായി അല്ലാഹു എന്ന് അറബിക് ഭാഷയിൽ എഴുതിയതും സുവ്യക്തമായി കാണാൻ സാധിക്കും. നല്ല തണുപ്പ്‌ നൽകുന്ന തരത്തിൽ രൂപകൽപ്പന ചെയ്ത മസ്ജിദിന്റെ ഉൾഭാഗം, വിശാലമായ വിശ്രമ മുറി, വൃത്തിയുള്ള ശൗചാലയ സംവിധാനങ്ങൾ, മസ്ജിദിന്റെ പുറംഭാഗത്ത്് തയ്യാറാക്കിയ ജലാശയം, അതിന്റെ മുകളിലായി കാണുന്ന ഖുർആൻ സൂക്തങ്ങളുടെ എഴുത്തുകൾ, ഒന്നൊന്നായി കോർത്തിണക്കി നിൽക്കുന്ന ഉരുക്കുദണ്ഡുകൾ, ചിത്രപ്പണികൾ ഇല്ലാത്ത തടികൂടിയ മാർദവമുള്ള വലിയ കാർപ്പെറ്റുകൾ, മസ്ജിദിനു പുറത്തുള്ള പുൽത്തകിടികൾ, ഈ രീതിയിലൊക്കെ സ്രഷ്ടാവിന്റെ ഭവനം ഭംഗിയാക്കിവെച്ചത് കാണുന്നത് തന്നെ ആരെയും ഹഠാതാകർഷിക്കും . ഇത്തരം നിർമിതികളിലൂടെ യാത്ര ചെയ്യുമ്പോൾ പലപ്പോഴും എനിക്ക്‌ തോന്നിയ ഒരു കാര്യം, ഒരു കൂട്ടം ആളുകളുടെ ഒരുപാട്‌ നാളുകളുടെ സ്വപ്നങ്ങളും അതിന്റെ സാക്ഷാത്കാരത്തിന് വേണ്ടിയുള്ള ഒത്തിരിപ്പുകളും കൂടിക്കാഴ്ചകളുമായി മാറുന്നത്‌ നൂറ്റാണ്ടുകളോളം സഞ്ചാരികളുടെ കണ്ണുകൾക്ക് കുളിരുപകരുന്ന ദൃശ്യവിരുന്നാണെന്ന ചിന്തയാണ്.

ഇതിനുമുന്നെയുള്ള വരവിൽ പതിനായിരക്കണക്കിന് ആളുകളോടൊപ്പം മൗലിദ് അക്ബർ സദസ്സിൽ പങ്കുചേർന്നതും അവരിലൊരാളായി ബഹുവന്ദ്യ ഗുരു കാന്തപുരം എ പി അബൂബക്കർ മുസ്്ലിയാരുടെയും ഹബീബ് ഉമർ ഹഫീളിന്റെയും തിരുനബി സ്‌നേഹപ്രഭാഷണം ശ്രവിച്ചതും ഇന്തോനേഷ്യയിൽ നിന്നും മലേഷ്യയിൽ നിന്നുമുള്ള ഗായകസംഘത്തിന്റെ കർണാനന്ദകരമായ പ്രവാചക പ്രകീർത്തനങ്ങൾ കേട്ട് മതിമറന്നു നിന്ന നിമിഷങ്ങളിൽ കഴിഞ്ഞ ഓർമയിലൂടെയാണ് മസ്ജിദ് തുവാങ്കുമീസാൻ സൈനുൽ ആബിദിനിൽ സമയം ചെലവഴിച്ചത്.

Latest