Kozhikode
ഖത്മുൽ ബുഖാരിയും സനദ്ദാനവും ജനുവരി രണ്ടിന്
വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ അമ്പതാം വാർഷിക പദ്ധതികളുടെ കൂടുതൽ പ്രഖ്യാപനങ്ങളും പ്രവർത്തനോദ്ഘാടനങ്ങളും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് നടക്കും.
കോഴിക്കോട്| ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ പ്രസിദ്ധമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരി സംഗമവും സഖാഫി പണ്ഡിതരുടെ സനദ് ദാനവും 2027 ജനുവരി 2 ശനിയാഴ്ച നടത്താൻ മർകസ് സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. ജാമിഅ മർകസിന്റെ വിവിധ ഡിപ്പാർട്മെന്റുകളിൽ നിന്നും കഴിഞ്ഞ വർഷം പഠനം പൂർത്തിയാക്കിയ സഖാഫി പണ്ഡിതർക്കും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും വിശുദ്ധ ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിളുകൾക്കുമുള്ള സനദ്ദാനവും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് സംഘടിപ്പിക്കും.
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ ആറര പതിറ്റാണ്ട് നീണ്ട മതാധ്യാപന ചരിത്രത്തിൽ ഏറെ പ്രധാനമാണ് പ്രമുഖ ഹദീസ് ഗ്രന്ഥമായ സ്വഹീഹുൽ ബുഖാരിയുടെ ദർസ്. ആഗോള കീർത്തിനേടിയ ഈ ദർസിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വിദ്യാർഥികളും പണ്ഡിതരും മർകസിൽ എത്താറുണ്ട്. എല്ലാ വർഷവും വിപുലമായി സംഘടിപ്പിക്കുന്ന ഖത്മുൽ ബുഖാരി സംഗമങ്ങളുടെ തുടർച്ചയെന്നോണം മലേഷ്യയിൽ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിലും മറ്റു രാജ്യങ്ങളിൽ പണ്ഡിതസഭകളുടെ മേൽനോട്ടത്തിലും കാന്തപുരം ഉസ്താദ് നേതൃത്വം നൽകുന്ന ഹദീസ് പഠനസംഗമങ്ങൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടന്നുവരുന്നു.
വിദ്യാഭ്യാസ-സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളിൽ അരനൂറ്റാണ്ടിലേക്ക് പ്രവേശിക്കുന്ന മർകസിന്റെ അമ്പതാം വാർഷിക പദ്ധതികളുടെ കൂടുതൽ പ്രഖ്യാപനങ്ങളും പ്രവർത്തനോദ്ഘാടനങ്ങളും ഖത്മുൽ ബുഖാരിയോടനുബന്ധിച്ച് നടക്കും. എല്ലാ ഹിജ്റ വർഷവും ശഅബാൻ മാസത്തിൽ നടക്കാറുള്ള ഖത്മുൽ ബുഖാരി സംഗമം ഇത്തവണ സമസ്ത നൂറാം വാർഷിക സമ്മേളനത്തോടനുബന്ധിച്ചാണ് റജബ് അവസാന വാരത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.
മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്ത യോഗത്തിൽ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. വിപിഎം ഫൈസി വില്യാപ്പള്ളി, സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം, ഡോ. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, സി പി ഉബൈദുല്ല സഖാഫി, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, മജീദ് കക്കാട്, ബി പി സിദ്ദീഖ് ഹാജി, അഡ്വ. മുഹമ്മദ് ശരീഫ്, ഡോ. റോഷൻ നൂറാനി സംബന്ധിച്ചു.
Content Highlights: Jamia Markaz has scheduled its annual Khatmul Bukhari conference, led by Indian Grand Mufti Kanthapuram AP Aboobacker Musliyar, and the Sanad Danam convocation for January 2, 2027. The event will award degrees to Saqafi scholars and Hafiz graduates. Markaz will also launch its 50th-anniversary projects during the gathering.



