Kozhikode
മർകസ് ഖത്മുൽ ബുഖാരി, സനദ് ദാനം: സ്വാഗതസംഘ രൂപീകരണം ഇന്ന്
യോഗം മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
കാരന്തൂർ| 2027 ജനുവരി 2 ന് നടക്കുന്ന മർകസ് ഖത്മുൽ ബുഖാരി സനദ് ദാനത്തിന്റെ മുന്നൊരുക്കങ്ങൾക്കും പദ്ധതി നടത്തിപ്പുകൾക്കുമായി പ്രവർത്തിക്കുന്ന സ്വാഗതസംഘ കമ്മിറ്റിയുടെ രൂപീകരണയോഗം ഇന്ന് മർകസിൽ നടക്കും. വൈകുന്നേരം 4 ന് കാമിൽ ഇജ്തിമയിൽ നടക്കുന്ന യോഗത്തിൽ സമ്മേളന പരിപാടികൾക്ക് അന്തിമരൂപം കാണും. യോഗം മർകസ് സെക്രട്ടറി സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്യും.
മർകസ് വൈസ് പ്രസിഡന്റ് വിപിഎം ഫൈസി വില്യാപ്പള്ളി അധ്യക്ഷത വഹിക്കും. സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ അവേലം ചർച്ചകൾക്ക് നേതൃത്വം നൽകും. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ, പ്രൊഫ. എകെ അബ്ദുൽ ഹമീദ്, മജീദ് കക്കാട് തുടങ്ങിയവർ സംബന്ധിക്കും.
ജാമിഅ മർകസിലെ വിവിധ ഡിപ്പാർട്ട്മെന്റ്കളിൽ നിന്നും കഴിഞ്ഞ വർഷം പഠനം പൂർത്തീകരിച്ച സഖാഫി പണ്ഡിതർക്കും മർകസ് അക്കാദമി ഓഫ് ഖുർആൻ സ്റ്റഡീസിൽ നിന്നും ഖുർആൻ ഹൃദിസ്ഥമാക്കിയ ഹാഫിളുകൾക്കുമാണ് ഇത്തവണ സനദ് നൽകുന്നത്. സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദിന്റെ ലോകപ്രശസ്തമായ സ്വഹീഹുൽ ബുഖാരി ദർസിന്റെ വാർഷിക സമാപനമായ ഖത്മുൽ ബുഖാരിയും സനദ് ദാനത്തോടനുബന്ധിച്ച് നടക്കും.
Content Highlights: The welcome committee formation meeting for the Markas Khatmul Bukhari and Sanad Danam 2027 will be held today at Markas. The event honors graduating Sakhafi scholars and Quran memorizers. Kanthapuram Aboobacker Musliyar’s Bukhari dars finale will mark the culmination.



