Kerala
മര്‍കസ് നോളജ് സിറ്റി 'ലോഞ്ചിങ് ഇയര്‍' മാര്‍ച്ച് മുതല്‍
'ലോഞ്ചിങ് ഇയര്‍' പരിപാടികളുടെ ആരംഭമായി മാര്‍ച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

നോളജ് സിറ്റി | കോഴിക്കോട് ജില്ലയിലെ കൈതപ്പൊയിലില്‍ 2012 ല്‍ നിര്‍മ്മാണം ആരംഭിച്ച മര്‍കസ് നോളജ് സിറ്റി നഗര പദ്ധതിയുടെ ഔപചാരികമായ സമര്‍പ്പണം വിവിധ പരിപാടികളോടെ മാര്‍ച്ച് മുതല്‍ ആരംഭിക്കും. ‘സിവിലിസ്’ എന്ന പേരില്‍ ഇരുപതിന പരിപാടികള്‍ ആണ് ആസൂത്രണം ചെയ്തിട്ടുള്ളത്. വിദ്യാഭ്യാസ മേഖലയില്‍ അത്ഭുതകരമായ നേട്ടങ്ങള്‍ കൈവരിച്ച മര്‍കസു സഖാഫത്തി സുന്നിയയുടെ ഏറ്റവും പുതിയ സംരംഭമാണ് മര്‍കസ് നോളജ് സിറ്റി.
ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ്, സംയോജിത നഗര പദ്ധതി എന്ന ആശയം രാജ്യത്തു തന്നെ പുതുമയുള്ളതായിരുന്നു. വിദ്യാഭ്യാസം സംസ്‌കാരം പാര്‍പ്പിടം വാണിജ്യം എന്നിവയെ സമന്വയിപ്പിക്കുന്ന ഒരു ചെറു നഗര മാതൃകയാണ് നോളജ് സിറ്റി യാഥാര്‍ത്ഥ്യമാക്കിയത്. ഇതില്‍ നോളജ് അഥവാ അറിവിന് പ്രാമുഖ്യം നല്‍കിയാണ് സിറ്റി നിര്‍മിച്ചിരിക്കുന്നത്. നഗരത്തില്‍ സ്ഥാപിക്കപ്പെട്ട വാണിജ്യ കേന്ദ്രങ്ങള്‍ പോലും ഇത്തരത്തില്‍ അറിവിനെ അടിസ്ഥാനമാക്കിയാണ് സംവിധാനിക്കപ്പെട്ടിരിക്കുന്നത്.
നോളജ് സിറ്റിയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലിൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സും, കണ്‍വെന്‍ഷന്‍ സെന്ററില്‍ ഇവന്‍ മാനേജ്‌മെന്റും പരിശീലിപ്പിക്കപ്പെടുന്നു. ആധുനിക നിര്‍മ്മിതികളുടെ ചാരുതയും ആത്മീയാനുഭവങ്ങളുടെ ശാന്തതയും സംസ്‌കൃതിയുടെ സൗന്ദര്യവും ആധുനികതയുടെ സാധ്യതകളുമായി ഒരു നാഗരിക അനുഭവം സാധ്യമാക്കുകയാണ് മര്‍കസ് നോളജ് സിറ്റി ചെയ്തിരിക്കുന്നത്. ബഹുസ്വരതയിലും സഹകരണത്തിലും അധിഷ്ഠിതമായ നമ്മുടെ പൈതൃകത്തെ ഉയര്‍ത്തിപ്പിടിച്ച് പൗരന്മാരുടെ വിദ്യാഭ്യാസ സാമൂഹിക തൊഴില്‍ ശാക്തീകരണത്തിന് നോളജ് സിറ്റി പദ്ധതികള്‍ ആവിഷ്‌കരിച്ചു കൊണ്ടിരിക്കുന്നു.
വിദ്യാഭ്യാസം, ആരോഗ്യം, സംസ്‌കാരം, ഫൈന്‍ ലിവിങ്ങ്, വാണിജ്യം, കാര്‍ഷികം എന്നിങ്ങനെ ആറ് മേഖലകളിലായി ശ്രദ്ധ പതിപ്പിച്ച് ഐക്യരാഷ്ട്രസഭയുടെ സുസ്ഥിരവികസനലക്ഷ്യങ്ങളിലൂന്നിയാണ് മര്‍കസ് നോളജ് സിറ്റി പ്രവര്‍ത്തിക്കുന്നത്. അന്തര്‍ദേശീയ നിലവാരമുള്ള പഠന മികവിനും പശ്ചാത്തല സൗകര്യങ്ങള്‍ക്കുമൊപ്പം പ്രതിബന്ധരും സേവന സന്നദ്ധരുമായ പ്രൊഫഷണലുകളെ സൃഷ്ടിച്ചെടുക്കുകയാണ് സിറ്റിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. നിലവില്‍, മെഡിക്കല്‍ കോളേജ്, ലോ കോളേജ്, ഗ്ലോബല്‍ സ്‌കൂള്‍, ടെക്‌നോളജി സെന്റര്‍, മാനേജ്മെന്റ് സ്‌കൂള്‍, ഫിനിഷിംഗ് സ്‌കൂള്‍, ലൈബ്രറി, റിസര്‍ച്ച് സെന്റര്‍, ക്വീന്‍സ് ലാന്‍ഡ് അടക്കം നിരവധി വിദ്യാഭ്യാസ സംരഭങ്ങള്‍ നോളജ് സിറ്റിയില്‍ ഉണ്ട്. കൂടാതെ ഹോട്ടല്‍, വെല്‍നെസ്സ് സെന്റര്‍, ആശുപത്രി, പാര്‍പ്പിടസമുച്ചയം എന്നിവയും പ്രവര്‍ത്തിച്ചു വരുന്നു.
ആര്‍ക്കിട്ടെക്ച്ചറല്‍ പ്രത്യേകതകളാലും വലിപ്പത്താലും നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹ് മസ്ജിദ് ആഗോള ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.നോളജ് സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ച് ഇക്കാലത്തിനിടയില്‍ നാല്പതോളം രാജ്യങ്ങളില്‍ നിന്നുള്ള വിദേശ അതിഥികള്‍ ഇവിടം സന്ദര്‍ശിച്ചു. കള്‍ച്ചറല്‍ സെന്റ്‌ററിനു താഴെ പണി പൂര്‍ത്തീകരിച്ച് വരുന്ന നൂറ്റി അമ്പതോളം കടകള്‍ അടങ്ങിയ സൂഖ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ വാണിജ്യ രാഗത്ത് പുതിയ അനുഭവമാകും. മലയോര ഗ്രാമീണ ജനതയുടെ വിദ്യാഭ്യാസ തൊഴില്‍ രംഗത്ത് നോളജ് സിറ്റി ഗണ്യമായ സംഭാവനകള്‍ ഇതിനകം നല്‍കിയിട്ടുണ്ട്. പ്രഥമഘട്ടം വിഭാവനം ചെയ്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പൂര്‍ത്തിയാവുന്നതോടെ സംസ്ഥാനത്തെ ഹയര്‍ എജുകേഷനല്‍ ഹബ്ബുകളില്‍ ഒന്നായി നോളജ് സിറ്റി മാറും. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ ഇവിടെയുണ്ട്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ കൂടെ സ്വീകരിക്കുന്നതിന് ആവശ്യമായ പശ്ചാത്തല സൗകര്യങ്ങള്‍ കുറഞ്ഞ കാലയളവിനുള്ളില്‍ പൂര്‍ത്തിയാകും.
‘ലോഞ്ചിങ് ഇയര്‍’ പരിപാടികളുടെ ആരംഭമായി മാര്‍ച്ച് നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ സമര്‍പ്പണ പരിപാടികള്‍ ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ മന്ത്രി ആന്റണി രാജു, പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, പ്രതിപക്ഷ ഉപ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി, സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ മറ്റു ജനപ്രതിധികള്‍, സാമൂഹിക, സാംസ്‌കാരിക, വിദ്യഭാസ, വാണിജ്യ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് അന്താരാഷ്ട്ര മതസൗഹാര്‍ദ്ദ സമ്മേളനം, മലബാര്‍ സാഹിത്യ സംഗമം, ഇന്ത്യ-ആസിയാന്‍ സാമ്പത്തിക ഫോറം, ദേശീയ ഭിന്നശേഷി സമ്മേളനം, മീഡിയ കോണ്‍ക്ലേവ്, വിദ്യഭാസ സെമിനാര്‍, അനാഥ-അഗതി സമ്മേളനം, ലീഗല്‍ കൊളോക്കിയം, ആരോഗ്യ സമ്മേളനം, വിദ്യാര്‍ത്ഥി അസംബ്ലി, ചരിത്ര സെമിനാര്‍, സൂഫി മെഹ്ഫില്‍, ടെക്കി സംഗമം, നാഗരിക സമ്മേളനം എന്നിവ വിവിധ സമയങ്ങളിലായി നടക്കും.
സുസ്ഥിര വികസനം, ആരോഗ്യ ജീവിതം, നൈതിക വാണിജ്യം, പരിസ്ഥിതി സൗഹൃദ വളര്‍ച്ച, പാരമ്പര്യ വിജ്ഞാനം, വിവര സാങ്കേതിക വിദ്യഭാസം, തൊഴില്‍ സാധ്യതകള്‍, ലോക സമാധാനം, ജനാധിപത്യ ജനത, യുവജന-സ്ത്രീ ശാക്തീകരണം, നൂതന സംരഭകത്വം തുടങ്ങിയവ ചര്‍ച്ച ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ സി. മുഹമ്മദ് ഫൈസി (ഡയറക്ടര്‍ ജനറല്‍, മര്‍കസു സഖാഫത്തി സുന്നിയ), ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി (മാനേജിങ് ഡയറക്ടര്‍, മര്‍കസ് നോളജ് സിറ്റി), അഡ്വ. തന്‍വീര്‍ ഉമര്‍ (ചീഫ് അഡ്മിനിസ്‌ട്രേറ്റിവ് ഓഫീസര്‍, മര്‍കസ് നോളജ് സിറ്റി), അഡ്വ. സി അബ്ദുൽ സമദ് (മർകസ് നോളജ് സിറ്റി മാധ്യമ വക്താവ്) എന്നിവർ പങ്കെടുത്തു.