Connect with us

Markaz Conferene 2023

മർകസ് സമ്മേളനം ഇന്ന്

രാവിലെ ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് ആത്മീയ- പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക.

Published

|

Last Updated

കോഴിക്കോട് | മർകസിന്റെ മുറ്റം ഒരിക്കൽ കൂടി ഇന്ന് ചരിത്ര സംഗമത്തിന് സാക്ഷിയാകും. മർകസുസ്സഖാഫത്തിസ്സുന്നിയ്യ വാർഷിക സമ്മേളനത്തിന് നാടിന്റെ നാനാ ഭാഗത്ത് നിന്ന് ഒഴുകിയെത്തുന്ന പതിനായിരങ്ങളെ വരവേൽക്കാൻ വിജ്ഞാന- സാംസ്കാരിക കേന്ദ്രം ഒരുങ്ങി. രാവിലെ ആരംഭിക്കുന്ന സമ്മേളനം വൈകിട്ട് ആത്മീയ- പൊതുസമ്മേളനത്തോടെയാണ് സമാപിക്കുക.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ വൈകിട്ട് അഞ്ചിന് മഹാ ജനസഞ്ചയത്തെ സാക്ഷിയാക്കി സമാപന സംഗമം ഉദ്ഘാടനം ചെയ്യും. മർകസിൽ നിന്ന് പഠനം പൂർത്തിയാക്കിയ 19 സംസ്ഥാനങ്ങളിൽ നിന്നുള്ള 532 യുവ പണ്ഡിതൻമാർക്കുള്ള സനദ്‌ദാന ചടങ്ങും നടക്കും. ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ സദസ്സിനെ അഭിസംബോധന ചെയ്യും. കഴിഞ്ഞ ഏതാനും മാസങ്ങളായി വിശ്രമത്തിൽ കഴിയുന്ന കാന്തപുരം അപൂർവമായി പങ്കെടുക്കുന്ന പൊതുവേദി കൂടിയാണ് ഇന്നത്തെ സമ്മേളനം.

രാവിലെ പത്തിന് മർഹൂം എ പി മുഹമ്മദ് മുസ്‌ലിയാർ സ്‌ക്വയറിൽ നടക്കുന്ന പണ്ഡിത സമ്മേളനത്തോടെയാണ് ചരിത്ര സംഗമത്തിന് സമാരംഭമാകുക. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി ഉദ്ഘാടനം ചെയ്യും. ട്രഷറർ കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ അധ്യക്ഷത വഹിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽഖാദിർ മുസ്‌ലിയാർ, കോടമ്പുഴ ബാവ മുസ്‌ലിയാർ വിഷയം അവതരിപ്പിക്കും. ഹൈദരാബാദ് ജാമിഅ നിസാമിയ്യ ചീഫ് മുഫ്തി ഹാഫിസ് സയ്യിദ് ളിയാഉദ്ദീൻ നഖ്ശബന്ദി മുഖ്യാതിഥിയാകും. 11ന് വിവിധ സംസ്ഥാനങ്ങളിലെ മർകസ് സ്ഥാപന മേധാവികളുടെയും സഹകാരികളുടെയും സംഗമമായ നാഷനൽ എമിനൻസ് മീറ്റിന് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി സ്‌ക്വയർ വേദിയാകും.

ഉച്ചക്ക് രണ്ടിന് തുടങ്ങുന്ന ശൈഖ് സായിദ് പീസ് കോൺഫറൻസിൽ മത- രാഷ്ട്രീയ- സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ എസ് മസ്താൻ, എ എം ആരിഫ് എം പി, രമേശ് ചെന്നിത്തല, പി ടി എ റഹീം എം എൽ എ, അഡ്വ. ഖ്വാജ മുഈനുദ്ദീൻ ചിശ്തി സംബന്ധിക്കും. എത്തിക്കൽ ഹ്യുമൻ, പീസ്ഫുൾ വേൾഡ് എന്ന പ്രമേയത്തിലാണ് പീസ് കോൺഫറൻസ് സംഘടിപ്പിക്കുന്നത്.

സമാപന ആത്മീയ പൊതു സംഗമത്തിൽ മർകസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങൾ അധ്യക്ഷത വഹിക്കും. ഡോ. എ പി അബ്ദുൽ ഹകീം അസ്ഹരി ആമുഖ പ്രഭാഷണം നടത്തും. സന്ദേശ പ്രഭാഷണം മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി നിർവഹിക്കും. സയ്യിദ് ഫസൽ കോയമ്മ തങ്ങൾ കുറാ പ്രാർഥനക്ക് നേതൃത്വം നൽകും. പേരോട് അബ്ദുർറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും.

Latest