Connect with us

Kozhikode

മർകസ് സമ്മേളനം: സാമൂഹ്യക്ഷേമ പദ്ധതി സമർപ്പിച്ചു

മൂന്ന് മാസങ്ങളിലായി ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതികൾക്ക് പതിമൂവായിരത്തിലധികം ഗുണഭോക്താക്കളാണുള്ളത്.

Published

|

Last Updated

കോഴിക്കോട് | മർകസിന് കീഴിൽ രാജ്യമെമ്പാടും നടപ്പിലാക്കി വരുന്ന വിവിധ സാമൂഹ്യക്ഷേമ പദ്ധതികളുടെ സമർപ്പണം പിന്നോക്കക്ഷേമ പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ നിർവ്വഹിച്ചു. ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ആവിഷ്കരിച്ച പദ്ധതികളാണ് മാർച്ച് 2 ന് നടക്കുന്ന സമ്മേളനത്തോടനുബന്ധിച്ച് ഗുണഭോക്താക്കൾക്കായി നൽകിയത്. സമർപ്പണ ചടങ്ങിൽ ജനറൽ സെക്രട്ടറി കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ അധ്യക്ഷത വഹിച്ചു.

മൂന്ന് മാസങ്ങളിലായി ഇന്ത്യയിലെ ഒമ്പത് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതികൾക്ക് പതിമൂവായിരത്തിലധികം ഗുണഭോക്താക്കളാണുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴിൽ, കുടുംബം തുടങ്ങിയ വിവിധ മേഖലകളിലാണ് ഇക്കാലയളവിൽ പദ്ധതികൾ ആവിഷ്കരിച്ചത്. ആരോഗ്യമേഖലയിൽ മെഡിക്കൽ ബെഡ്, വാക്കർ, ഗ്ലൂക്കോമീറ്റർ തുടങ്ങിയ 89 ഉപകരണങ്ങൾ വിതരണം ചെയ്തു. കൂടാതെ ഡയാലിസിസ്, സിസേറിയൻ, വിവിധ ശസ്ത്രക്രിയകൾ, മരുന്നുകൾക്കുള്ള ധനസഹായവും നൽകി.

വിഭ്യാഭ്യാസ രംഗത്ത് രണ്ട് സ്കൂളുകളിൽ സ്മാർട്ട് ക്ലാസ് റൂം നിർമിക്കുകയും പഠനകിറ്റ് വിതരണം നടത്തുകയും ചെയ്തു. ആറു ബോട്ടുകൾ, വുഡ് കട്ടർ, പോൾട്രി ഫാം, ഉന്തുവണ്ടി തുടങ്ങിയ ഉപകരണങ്ങളും ജീവിതോപാധികളുമാണ് തൊഴിൽ രംഗത്ത് സമർപ്പിച്ചത്. 94 ഭവനങ്ങൾ, 199 ജലവിഭവ പദ്ധതികൾ, 8 സാമൂഹ്യ കുടിവെള്ള പദ്ധതികൾ, 1458 ശൈത്യകാല ഉപകരണങ്ങൾ, 2000 ശൈത്യകാല വസ്ത്രങ്ങൾ എന്നിവയും ഈ മൂന്ന് മാസങ്ങളിലായി ജനങ്ങൾക്ക് നൽകി. അനാഥാലയം, ക്യാന്റീൻ, കൾച്ചറൽ സെന്റർ പദ്ധതികളും ഈ കാലയളവിൽ പൂർത്തീകരിച്ചിട്ടുണ്ട്.

സാമൂഹ്യപരമായും തൊഴിൽപരമായും പിന്നോക്കം നിൽക്കുന്ന ഗ്രാമങ്ങളിലാണ് പ്രധാനമായും പദ്ധതികൾ നടപ്പിലാക്കിയത്. അർഹരായവരെ പ്രത്യേകം തെരഞ്ഞെടുത്തതും ഓരോ നാടിന്റെയും ആവശ്യങ്ങൾ മനസ്സിലാക്കിയുമാണ് മർകസ് വളണ്ടിയർമാർ ഗുണഭോക്താക്കളെ കണ്ടെത്തി പദ്ധതികൾ ആവിഷ്കരിച്ചുവരുന്നത്. വ്യക്തിത്വ പദ്ധതികളെക്കാൾ ഒരുപാട് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന സാമൂഹ്യ പദ്ധതികളാണ് നടപ്പിലാക്കിയവയിലേറെയും. സമർപ്പണ ചടങ്ങിൽ സി യൂസുഫ് ഹൈദർ, ശമീം കെകെ, അക്ബർ ബാദുശ സഖാഫി, ആശിഖ് സഖാഫി, സ്വാദിഖ് നൂറാനി സംബന്ധിച്ചു.

Latest