Connect with us

Kerala

തൊണ്ടിമുതലില്‍ കൃത്രിമം; മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ ഫയലുകള്‍ വിളിപ്പിച്ച് കോടതി

അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം

Published

|

Last Updated

തിരുവനന്തപുരം |  തൊണ്ടിമുതലില്‍ കൃത്രിമം കാണിച്ചുവെന്ന മന്ത്രി ആന്റണി രാജുവിനെതിരായ കേസില്‍ ഫയലുകള്‍ വിളിപ്പിച്ച് തിരുവനന്തപുരം സിജെഎം കോടതി . നെടുമങ്ങാട് കോടതിയാണ് കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വിളിപ്പിച്ചത്. 16 വര്‍ഷമായി വിചാരണ വൈകിയ കേസിലാണ് ഇപ്പോള്‍ കോടതി ഇടപെടല്‍. ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ച സജി ചെറിയാന് മന്ത്രിസ്ഥാനം രാജിവെക്കേണ്ടിവന്നതിനു പിന്നാലെയാണ് കേസ് ചര്‍ച്ചയായത്.ലഹരിമരുന്നുമായി എത്തിയ വിദേശിയെ രക്ഷപ്പെടുത്താന്‍ തൊണ്ടിമുതല്‍ മാറ്റി കോടതിയെ കബളിപ്പിച്ചെന്നാണ് കേസ്. 2014 ഏപ്രില്‍ 30 നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കേണ്ടിവരുന്നുവെന്നാണ് ആരോപണം. 22 തവണയാണ് കേസ് പരിഗണിച്ചത്. ഓഗസ്റ്റ് നാലിന് കേസ് 23-ാം തവണ പരിഗണിക്കുമ്പോള്‍ ആന്റണി രാജു മന്ത്രിയാണ്.1994ല്‍ വഞ്ചിയൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അന്ന് ആന്റണി രാജു തിരുവനന്തപുരം ബാറില്‍ ജൂനിയര്‍ അഭിഭാഷകനായിരുന്നു.

അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്‌ട്രേലിയക്കാരനായ ആന്‍ഡ്രൂ സാല്‍വദേര്‍ സര്‍വലിയെ 1990 ഏപ്രില്‍ നാലിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിച്ചു. ആന്റണി രാജു തന്റെ സീനിയറുമായി ചേര്‍ന്ന് വക്കാലത്തെടുത്തു. സെഷന്‍സ് കോടതിയില്‍ കേസ് തോറ്റു. 10 ലക്ഷം രൂപ പിഴയും ഒരുവര്‍ഷം തടവുമായിരുന്നു ശിക്ഷ.എന്നാല്‍, കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി വെറുതേവിട്ടു. ഹാജരാക്കിയ അടിവസ്ത്രത്തിന്റെ അളവ് ചെറുതായിരുന്നു. ഇതിനുപിന്നാലെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ സി ഐ. കെ കെ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. തുടര്‍ന്ന് 2005ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐ ജി യായിരുന്ന ടി പി സെന്‍കുമാര്‍ ഉത്തരവിട്ടു. കോടതിയുടെ കസ്റ്റഡിയിലായിരുന്ന തൊണ്ടിസാധനത്തില്‍ കൃത്രിമം കാട്ടിയതിന് തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ എസ്. ജോസ്, ആന്റണി രാജു എന്നിവരെ പ്രതികളാക്കി കേസെടുത്തു

 

Latest