Connect with us

literature

പ്രതിഭയുടെ ബഹുമുഖ ഭാവങ്ങൾ

ബഹുമുഖ പ്രതിഭയാണെങ്കിലും നോവലിസ്റ്റ് എന്ന നിലയിലാണ് റൂത്ത് ഒസേയ്കി കാനഡയുടെയും യു എസിന്റെയും സാംസ്‌കാരിക ലോകത്ത് പ്രശസ്തി നേടിയത്. വ്യത്യസ്ത വിഷയങ്ങൾ ആഴത്തിൽ സ്പർശിക്കുന്നവയാണ് അവരുടെ നോവലുകളെല്ലാം.

Published

|

Last Updated

ഈ വർഷത്തെ പ്രശസ്തമായ വിമെൻസ് പ്രൈസ് നേടിയ റൂത്ത് ഒസേയ്കി (Ruth Ozeki) കാനഡയിലെ അന്താരാഷ്ട്ര പ്രശസ്തി നേടിയ എഴുത്തുകാരിയാണ്. നാല് നോവലുകളിലൂടെ അവർ കാനഡയുടെയും യു എസിന്റെയും അക്ഷരലോകത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയിരിക്കുകയാണ്. അതേസമയം, എഴുത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ഒസേയ്കിയുടെ പ്രതിഭയെന്ന് സംഭവബഹുലമായ ആ ജീവിതം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ദേശീയ പുരസ്‌കാരമുൾപ്പെടെ ഒട്ടേറെ ബഹുമതികൾ നേടിയ നിരവധി ചലച്ചിത്രങ്ങളുടെ സ്രഷ്ടാവ് കൂടിയാണ് ഒസേയ്കി. പരിസ്ഥിതി, ലിംഗപദവി തുടങ്ങിയ വിഷയങ്ങളിലും സജീവമായി ഇടപെടുന്ന ഈ എഴുത്തുകാരി സെൻ ബുദ്ധിസത്തിന്റെ ഏറ്റവും പ്രമുഖയായ ആചാര്യകൂടിയാണ്.

യു കെയിലെ ഏറ്റവും പ്രധാനപ്പെട്ട സാഹിത്യ ബഹുമതികളിൽ ഒന്നാണ് വിമൻസ് പ്രൈസ്. എഴുത്തുകാരും പ്രസാധകരും നിരൂപകരും ലൈബ്രറി പ്രവർത്തകരുമുൾപ്പെടുന്ന വലിയൊരു കൂട്ടായ്മയുടെ ശ്രമഫലമായി 1996 ലാണ് ഈ പുരസ്‌കാരം നൽകിത്തുടങ്ങിയത്. സ്‌പോൺസർമാർ മാറുന്നതനുസരിച്ച് “ഓറഞ്ച് പ്രൈസ്’, “ബെയിലീസ് പ്രൈസ്’ എന്നീ പേരുകളിൽ ചില കാലങ്ങളിൽ ഈ പുരസ്‌കാരം അറിയപ്പെടുകയുണ്ടായി. ലോകത്തെവിടെയുമുള്ള ഒരെഴുത്തുകാരിയുടെ ഇംഗ്ലീഷിൽ എഴുതി യു കെയിൽ പ്രസിദ്ധീകരിച്ച ഏറ്റവും മികച്ച നോവലിനാണ് ഈ പുരസ്‌കാരം നൽകിവരുന്നത്. മുപ്പതിനായിരം പൗണ്ട് സമ്മാനത്തുകയുള്ള ഈ പുരസ്കാരത്തിന്റെ ജൂറി അംഗങ്ങളെല്ലാം സ്ത്രീകൾ തന്നെയാണ്.

ബഹുമുഖ പ്രതിഭയാണെങ്കിലും നോവലിസ്റ്റ് എന്ന നിലയിലാണ് റൂത്ത് ഒസേയ്കി കാനഡയുടെയും യു എസിന്റെയും സാംസ്‌കാരികലോകത്ത് പ്രശസ്തി നേടിയത്. വ്യത്യസ്ത വിഷയങ്ങളെ ആഴത്തിൽ സ്പർശിക്കുന്നവയാണ് അവരുടെ നോവലുകളെല്ലാം തന്നെ. ശാസ്ത്രം, മതം, കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയം, പരിസ്ഥിതി തുടങ്ങിയവയെല്ലാം ഒസേയ്കിയുടെ പ്രധാന വിഷയങ്ങളാണ്. ആദ്യ നോവലുകളായ My Year of Meats (1998), All Over Creation (2003) എന്നിവ കാലാവസ്ഥാ വ്യതിയാനം, കാർഷികരംഗത്തെ വ്യവസായവത്കരണം എന്നിവയെക്കുറിച്ചുള്ള അവരുടെ ആശങ്കകളിൽനിന്നാണ് പിറവിയെടുത്തത്. ഒസേയ്കിയുടെ മൂന്നാമത്തെ നോവൽ A Tale for the Time Being 2013 ലാണ് പ്രസിദ്ധീകരിച്ചത്. ആ വർഷത്തെ ഇന്റർനാഷണൽ മാൻ ബുക്കർ പ്രൈസിന്റെ ചുരുക്കപ്പട്ടികയിൽ ഇടം നേടിയ ഈ നോവൽ ഇതിനോടകം മുപ്പതിലധികം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടുകഴിഞ്ഞു. 2016 ൽ എഴുത്തുകാരിയുടെ വൈയക്തിക അനുഭവങ്ങളും ഓർമകളും ഉൾപ്പെടുന്ന “The Face: A Time Code’ എന്ന പുസ്തകം വെളിച്ചം കണ്ടു.

വിമൻസ് പ്രൈസ് നേടിയ ” The Book of Form and Emptiness’ 2021 ലാണ് പ്രസിദ്ധീകരിച്ചത്. പിതാവിന്റെ ആകസ്മിക മരണത്തെത്തുടർന്നുണ്ടായ കടുത്ത ശോകത്തെ മറികടക്കാനായി പുസ്തകങ്ങളിൽ അഭയം തേടുന്ന ഒരു ബാലന്റെ കഥയാണിത്. ജീവിതത്തിലെ ദൈനംദിന വസ്തുക്കളെല്ലാം തന്നോട് സംസാരിക്കുകയാണെന്ന ആശ്ചര്യജനകമായൊരു അനുഭവത്തിനു സാക്ഷിയാകുന്ന അവന്റെ ജീവിതകഥനത്തിലൂടെ യാഥാർഥ്യത്തെയും മിഥ്യയെയും കുറിച്ചുള്ള കൗതുകകരമായ ചില നിരീക്ഷണങ്ങൾ ഒസേയ്കി പങ്കുവെക്കുന്നു. ജീവിതത്തിന്റെ സർവ മേഖലകളേയും സ്പർശിക്കുന്ന സവിശേഷമായ ഇതിവൃത്തത്തിന്റെ അടിത്തറയിൽ നിന്നുകൊണ്ട് ജാസ് സംഗീതം മുതൽ കാലാവസ്ഥാ വ്യതിയാനം വരെ ചർച്ച ചെയ്യുന്ന ശബ്ദായമാനമായ ഒരന്തരീക്ഷം ഒരുക്കുകയാണ് ഈ നോവൽ. തന്റെ എട്ട് വർഷത്തെ പ്രയത്നത്തിന്റെ ഫലപ്രാപ്തിയെന്ന് ഒസേയ്കി വിശേഷിപ്പിക്കുന്ന ഈ നോവലിനെ പുരസ്കാരനിർണയ സമിതി വിശേഷിപ്പിക്കുന്നത് “ജീവിതത്തിന്റെയും മരണത്തിന്റെയും വലിയ സമസ്യകൾക്ക് വായനയിലൂടെ ആർജിക്കുന്ന ആഹ്ലാദം കൊണ്ട് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്ന ധീരവും ധൈഷണികമാനങ്ങളുള്ളതും ഹൃദയോന്മാഥിയുമായ വിശിഷ്ടമായ രചന’ എന്നാണ്. എലിഫ് ഷഫാക്, മെഗ് മെയ്സൺ, ലൂയിസ് എർഡ്രിക്ക് തുടങ്ങിയ ശക്തരായ എതിരാളികളെ പിന്തള്ളിക്കൊണ്ടാണ് ഒസേയ്കി ഈ പുരസ്‌കാരം നേടിയിരിക്കുന്നത് എന്ന വസ്തുത അവരുടെ പ്രതിഭയുടെ ഔന്നത്യത്തെയാണ് അടയാളപ്പെടുത്തുന്നത്.

1956ൽ യു എസിലെ ന്യൂ ഹെവൻ പട്ടണത്തിലാണ് റൂത്ത് ഒസേയ്കി ജനിച്ചത്. അമേരിക്കക്കാരനായിരുന്നു പിതാവ്. മാതാവ് ജപ്പാൻകാരിയും. സ്മിത്ത് കോളജിൽ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തിലും ഏഷ്യൻ സ്റ്റഡീസിലും ബിരുദം നേടിയ ഒസേയ്കി പിന്നീട് ജപ്പാനിലെ ഒരു സർവകലാശാലയിൽ സർക്കാർ ഫെല്ലോഷിപ്പോടെ ക്ലാസിക്കൽ ജാപ്പനീസ് സാഹിത്യത്തിൽ ഉപരിപഠനം നടത്തുകയും ചെയ്തു. 1985ൽ ന്യൂയോർക്കിൽ തിരിച്ചെത്തിയ ഒസേയ്കി അവിടെ ചലച്ചിത്രരംഗത്ത് സജീവമായി. ഒട്ടേറെ ലോ ബജറ്റ് ഹൊറർ ചിത്രങ്ങളും ചില ക്ലാസിക് സിനിമകളും ജപ്പാൻ ടെലിവിഷനുവേണ്ടി നിരവധി ഡോക്യുമെന്ററി സിനിമകളും സംവിധാനം ചെയ്ത അവർ 1994 മുതൽ സ്വതന്ത്രമായി സിനിമകൾ എടുത്തുതുടങ്ങി. അവയെല്ലാം വമ്പിച്ച ജനപ്രീതി നേടുകയും നിരവധി പുരസ്‌കാരങ്ങൾ വാരിക്കൂട്ടുകയും ചെയ്തു. Body of Correspondence (1994), Halving the Bones (1995) എന്നിവ ചലച്ചിത്രലോകത്തെ അവരുടെ സ്ഥാനം ഭദ്രമാക്കിയ സൃഷ്ടികളാണ്. 2006ൽ സ്മിത്ത് കോളജ് ഓണററി ഡോക്ടറേറ്റ് നൽകി ആദരിച്ച ഈ എഴുത്തുകാരി ഇപ്പോൾ സ്മിത്ത് കോളജിൽ ഇംഗ്ലീഷ് പ്രൊഫസറായി സേവനമനുഷ്ഠിക്കുന്നു.

Latest