National
ഗുലാം റബ്ബാനിയെ ന്യൂനപക്ഷകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി മമത
ന്യൂനപക്ഷ കാര്യ വകുപ്പ് മുഖ്യമന്ത്രി മമത ബാനർജി തന്നെ വഹിക്കും

കൊല്‍ക്കത്ത| പശ്ചിമ ബംഗാളിലെ സാഗര്‍ദിഗിയില്‍ അടുത്തിടെ നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തോല്‍വിക്ക് പിന്നാലെ മമത ബാനര്‍ജി ഗുലാം റബ്ബാനിയെ ന്യൂനപക്ഷകാര്യ മന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി. ഇതിനുപകരം ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പാണ് റബ്ബാനിക്ക് അനുവദിച്ചത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ന്യൂനപക്ഷ കാര്യ വകുപ്പ് മുഖ്യമന്ത്രി മമത ബാനർജി തന്നെ വഹിക്കും.
നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് ശേഷം നടന്നുകൊണ്ടിരിക്കുന്ന തിരുത്തല്‍ നടപടികളുടെ ഭാഗമാണ് മാറ്റമെന്നാണ് വൃത്തങ്ങള്‍ അറിയിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കുമായി പ്രത്യേക വികസന ബോര്‍ഡുകള്‍ രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. മുര്‍ഷിദാബാദ് ജില്ലയിലെ സാഗര്‍ദിഗിയില്‍ വന്‍ ന്യൂനപക്ഷ ജനസംഖ്യയുണ്ട്. കൂടാതെ, നിരവധി കുടിയേറ്റ തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലവുമാണിത്.
തൃണമൂൽ എം എല്‍ എ സുബ്രത സാഹയുടെ മരണത്തെ തുടര്‍ന്നാണ് സാഗര്‍ദിഗി ഉപതെരഞ്ഞെടുപ്പ് നടന്നത്. 2011 മുതല്‍ പാര്‍ട്ടി ഈ സീറ്റ് നേടിയിരുന്നു. ഈ ഉപതിരഞ്ഞെടുപ്പില്‍ ടി എം സി ദേബാശിഷ് ബാനര്‍ജിയെ രംഗത്തിറക്കിയിരുന്നുവെങ്കിലും കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി ബെയ്റോണ്‍ ബിശ്വാസ് 22,000 വോട്ടുകള്‍ക്ക് വിജയിച്ചു.