Connect with us

Ongoing News

കോമൺവെൽത്ത് ഗെയിംസിൽ ചരിത്ര നേട്ടവുമായി മലയാളി താരം; ലോംഗ്‍ജംപിൽ വെള്ളി

44 വർഷത്തിന് ശേഷം പുരുഷന്മാരുടെ ലോംഗ് ജംപ് ഇനത്തിൽ ഒരു ഇന്ത്യക്കാരൻ മെഡൽ നേടുന്ന ആദ്യ മെഡലാണിത്.

Published

|

Last Updated

ബർമിംഗ്ഹാം | കോമൺവെൽത്ത് ഗെയിംസിൽ ചരിത്രമെഴുതി മലയാളി താരം മുരളി ശ്രീശങ്കർ. ലോങ്ജംപിൽ 8.08 മീറ്റർ ചാടി ശ്രീശങ്കർ വെള്ളി മെഡൽ സ്വന്തമാക്കി. 44 വർഷത്തിന് ശേഷം പുരുഷന്മാരുടെ ലോംഗ് ജംപ് ഇനത്തിൽ ഒരു ഇന്ത്യക്കാരൻ മെഡൽ നേടുന്ന ആദ്യ മെഡലാണിത്.

തന്റെ അഞ്ചാമത്തെ കുതിപ്പിലൂടെയാണ് മുരളി ശ്രീശങ്കർ ഈ നേട്ടം കൈവരിച്ചത്. ബഹാമാസിന്റെ ലക്വാൻ നെെരനാണ് ഈ ഇനത്തിൽ സ്വർണം. ലക്വാനും 8.08 മീറ്റർ ദൂരമാണ് ചാടിയത്. എന്നാൽ അദ്ദേഹത്തിന്റെ രണ്ടാമത്തെ മികച്ച ചാട്ടം 7.98 മീറ്ററായിരുന്നു. ശ്രീശങ്കറിന് ഇത് 7.84 ആയതാണ് സ്വർണം നഷ്ടപ്പെടാൻ ഇടയാക്കിയത്. കോമൺവെൽത്ത് അത്‍ലറ്റിക്സ് നിയമപ്രകാരം രണ്ട് താരങ്ങൾ ഒരേ അകലത്തിൽ ചാടിയാൽ, രണ്ടാമത്തെ മികച്ച ചാട്ടം ചാടിയ ആളെയാണ് സ്വർണമെഡലിന് തിരഞ്ഞെടുക്കുക. ദക്ഷിണാഫ്രിക്കയുടെ ജോവൻ വാൻ വുറൻ (8.06 മീറ്റർ) വെങ്കലം നേടി.

1978ലെ കോമൺവെൽത്ത് ഗെയിംസിൽ സുരേഷ് ബാബു വെങ്കലം നേടിയതാണ് ഇതിന് മുമ്പുള്ള ഇന്ത്യയുടെ മെഡൽ നേട്ടം. വനിതകളിൽ പ്രജുഷ മാളിയക്കൽ 2010ൽ ഡൽഹിയിൽ വെള്ളിയും ഇതിഹാസതാരം അഞ്ജു ബോബി ജോർജ്ജ് 2002ൽ വെങ്കലവും നേടിയിരുന്നു.

ഇനി ഒളിമ്പിക്‌സിൽ രാജ്യത്തിനായി മെഡൽ നേടുക എന്നതാണ് ശ്രീശങ്കറിന്റെ സ്വപ്നം.

മലയാളി കായിക താരങ്ങളായ എസ്. മുരളി – കെ എസ് ബിജിമോൾ ദമ്പതികളുടെ മകനാണ് മുരളി ശ്രീശങ്കർ. എസ് മുരളി അന്താരാഷ്‌ട്ര ട്രിപ്പിൾ ജംപ് താരവും കെ എസ് ബിജിമോൾ 800 മീറ്റർ ഓട്ടക്കാരിയുമാണ്. ദക്ഷിണേഷ്യൻ ഗെയിംസിലും മറ്റ് അന്താരാഷ്ട്ര അത്‌ലറ്റിക്‌സ് മത്സരങ്ങളിലും ഇരുവരും രാജ്യത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.

Latest