Connect with us

Kerala

മലയാള മനോരമ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റോയി ഫിലിപ്പ് അന്തരിച്ചു

സംസ്‌കാരം വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം 11.30ന് പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.

Published

|

Last Updated

പത്തനംതിട്ട | മലയാള മനോരമ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ റോയി ഫിലിപ്പ് (58) അന്തരിച്ചു. മൃതദേഹം നാളെ ഉച്ചക്ക് ഒന്നിന് മലയാള മനോരമ പത്തനംതിട്ട ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും. 1.30ന് പ്രക്കാനത്തെ വസതിയിലേക്കു കൊണ്ടുപോകും. സംസ്‌കാരം വസതിയിലെ ശുശ്രൂഷകള്‍ക്കു ശേഷം 11.30ന് പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയ പള്ളിയില്‍.

മനോരമയില്‍ 35 വര്‍ഷത്തോളം സേവനമനുഷ്ഠിച്ച റോയി, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം യൂണിറ്റുകളിലും പ്രവര്‍ത്തിച്ചു. പാലക്കാട് കോ ഓര്‍ഡിനേറ്റിംഗ് എഡിറ്ററുമായിരുന്നു. 2017 മുതല്‍ പത്തനംതിട്ട യൂണിറ്റില്‍ സീനിയര്‍ കോര്‍ഡിനേറ്റിംഗ് എഡിറ്ററാണ്. പത്തനംതിട്ട മാര്‍ത്തോമ്മാ എച്ച് എസ് എസ്, കോഴഞ്ചേരി സെന്റ് തോമസ് കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എം കോം പഠനത്തിനു ശേഷം 1987ല്‍ മലയാള മനോരമ പത്രാധിപ സമിതിയില്‍ ചേര്‍ന്നു.

പത്തനംതിട്ട പ്രക്കാനം തുണ്ടിയത്ത് പരേതരായ ടി സി ഫിലിപ്പോസിന്റെയും (മുന്‍ റെയില്‍വേ ഉദ്യോഗസ്ഥന്‍), കുളത്തൂപ്പുഴ ചന്ദനക്കാവ് പുത്തന്‍പുരയ്ക്കല്‍ ലീലാമ്മയുടെയും മകനാണ്. കുമ്പളാംപൊയ്ക പുതുച്ചിറ ജോ വില്ലയില്‍ പി ഇ ഏബ്രഹാമിന്റെ മകള്‍ സൂസനാണ് (ജിജ) ഭാര്യ. മക്കള്‍: ആന്‍ റോയി ഫിലിപ്പ് (അസി. മാനേജര്‍, ഫെഡറല്‍ ബേങ്ക്, പൂണെ), ഫിലിപ്പ് റോയി (ഐ ഡി എഫ് സി ഫസ്റ്റ് ബേങ്ക്, കൊച്ചി). മരുമകന്‍: അരുണ്‍ ചെറിയാന്‍ വര്‍ക്കി (എന്‍ജിനീയര്‍, സ്ലംബര്‍ഗര്‍, പൂണെ). മലയാള മനോരമ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജയന്ത് മാമ്മന്‍ മാത്യു അന്തിമോപചാരം അര്‍പ്പിച്ചു.

 

Latest