First Gear
അടുത്ത എട്ട് മാസത്തിനുള്ളില്‍ നാല് എസ് യു വികള്‍ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര
നാല് എസ് യു വികളില്‍ മൂന്നെണ്ണം പുതിയതും നാലാമത്തേത് നിലവിലുള്ള മോഡലിന്റെ പരിഷ്കരിച്ച പതിപ്പുമായിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു
ന്യൂഡല്‍ഹി | അടുത്ത എട്ട് മാസത്തിനുള്ളില്‍ നാല് എസ് യു വികള്‍ പുറത്തിറക്കാനൊരുങ്ങി മഹീന്ദ്ര. ‘സ്കോര്‍പിയോ എന്‍ എഡിഷന് വണ്‍’ ഔദ്യോഗികമായി പുറത്തിറങ്ങുന്നതിനായി കാത്തിരിക്കുമ്പോഴും, മറ്റ് മോഡലുകള്‍ കൂടി അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് മഹീന്ദ്ര. നാല് എസ് യു വികളില്‍ മൂന്നെണ്ണം പുതിയതും നാലാമത്തേത് നിലവിലുള്ള മോഡലിന്റെ പരിഷ്കരിച്ച പതിപ്പുമായിരിക്കുമെന്ന് മഹീന്ദ്ര അറിയിച്ചു.
എന്‍ യു ഐ ക്യു പ്ലാറ്റ്ഫോമില്‍ നിന്നുള്ള ഒന്നായ ആദ്യത്തേത് വിഷന്‍ എസ് എസ് യു വി ആകാനാണ് സാധ്യത. ഇതിന്റെ പരീക്ഷണ പതിപ്പുകള്‍ ഇതിനകം തന്നെ നിരത്തുകളിലെത്തീട്ടുണ്ട്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ ഇത് അവതരിപ്പിക്കപ്പെടാനും ഓട്ടോ എക്സ്പോയില്‍ വില പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. രണ്ടാമത്തേത് പുതിയൊരു ബി ഇ വി (ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍) ആയിരിക്കും. വാഹനത്തിന്റെ രൂപരേഖയില്‍ കാണുന്ന എല്‍ ഇ ഡി ഡി ആര് എല്ലുകള്‍ ബി ഇ 6ന് സമാനമായതിനാല്‍ ഇത് ബി ഇ 07 ആകാന്‍ സാധ്യതയുണ്ട്. ഈ മോഡലും പരീക്ഷണ ഘട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
മൂന്നാമത്തേത് സ്കോര്‍പിയോ എന്‍ അടിസ്ഥാനമാക്കിയുള്ള ലൈഫ് സ്റ്റൈലര്‍ പിക്കപ്പ് വാഹനമാണ്. ഗ്ലോബല്‍ പിക്ക് അപ്പ് കണ്‍സെപ്റ്റിനെ ആസ്പദമാക്കി നിര്‍മ്മിച്ച ഈ മോഡലിന്റെ ഉല്‍പ്പാദന സജ്ജമായ പതിപ്പ് കമ്പനി പ്രദര്‍ശിപ്പിക്കുകയും പ്രാരംഭ വിലയെക്കുറിച്ചുള്ള സൂചനയും നല്‍കിയിരുന്നു. ഈ വാഹനം 2027 ഏപ്രിലില്‍ വിപണിയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിലവിലുള്ള ഒരു വാഹനത്തിന്റെ പരിഷ്കരിച്ച പതിപ്പായിരിക്കും അവസാന മോഡല്‍. ഇത് ഥാര്‍ റോക്സിന്റെ അപ്ഡേറ്റ് ആകാന്‍ സാധ്യതയുണ്ട്. അഞ്ച് ഡോറുകളുള്ള ഈ ലൈഫ്സ്റ്റൈല്‍ എസ് യു വി പരിഷ്കരിച്ച രൂപത്തില്‍ പരീക്ഷണം നടത്തിയിരുന്നു. നിലവിലെ ഥാറില്‍ ഉള്ളതുപോലെ പവര്‍ ഔട്ട്പുട്ടില് ചെറിയ വര്‍ദ്ധനവും ഉണ്ടായേക്കാം. ഇതിനൊപ്പം ഡാവിഞ്ചി സസ്പെന്ഷന് സംവിധാനവും ഉള്‍പ്പെടുത്തിയേക്കും.






