Connect with us

maadin able world

മഅ്ദിന്‍ ഏബ്ള്‍ വേള്‍ഡ് അവാര്‍ഡ് ദാന ചടങ്ങ് പ്രൗഢമായി

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

Published

|

Last Updated

മലപ്പുറം | മഅ്ദിന്‍ അക്കാദമിയുടെ ഭിന്നശേഷി മേഖലയിലെ സംരംഭമായ ഏബ്ള്‍ വേള്‍ഡ് നടത്തിയ അവാര്‍ഡ് ദാന ചടങ്ങ് പ്രൗഢമായി. 2021- 22 അധ്യയനവര്‍ഷത്തില്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച ജയം നേടിയ ഭിന്നശേഷിക്കാരായ കുട്ടികളില്‍ പഠനത്തോടൊപ്പം മറ്റു മേഖലകളിലും നേട്ടങ്ങള്‍ കൊയ്ത പ്രതിഭകള്‍ക്കാണ് അവാര്‍ഡ് നൽകിയത്. ഏബ്ള്‍ വേള്‍ഡിന്റെ മുഖപത്രമായ ഏബ്ള്‍ വോയ്സിന്റെ വാര്‍ഷിക പതിപ്പ് പ്രകാശനവുമുണ്ടായിരുന്നു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ ജോസഫ് റെബേല്ലോ, കോഴിക്കോട് സി ആര്‍ സി റിഹാബിലിറ്റേഷന്‍ ഓഫീസര്‍ ഗോപി രാജ് പി വി, മഅ്ദിന്‍ അക്കാദമിക് ഡയറക്ടര്‍ നൗഫല്‍ കോഡൂര്‍, മാനേജര്‍ സൈതലവി സഅദി മുഖ്യാതിഥികളായി.

ശാരീരിക പരിമിതിയുള്ളവരുടെ വിഭാഗത്തില്‍ എസ് എം എ ബാധിതയായ തൃശൂര്‍ സ്വദേശിനി കെ എസ് അസ്‌ന ഷെറിന്‍, പെരിന്താറ്റിരി സ്വദേശി മുഹമ്മദ് ദില്‍ശാദ്, കേള്‍വി പരിമിതിയുള്ളവരുടെ വിഭാഗത്തില്‍ തിരുന്നാവായ സ്വദേശി മുഹമ്മദ് മശ്ഹൂദ് ശിബിലി, കാഴ്ച പരിമിതിയുള്ളവരുടെ വിഭാഗത്തില്‍ പാണ്ടിക്കാട് സ്വദേശിനി ഹുസ്‌ന റൈഹാന, മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ വിഭാഗത്തില്‍ പുറത്തൂര്‍ സ്വദേശിനി സന സാദിഖ് എന്നിവര്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

ഏബ്ള്‍ വോയ്‌സ് വാര്‍ഷികപതിപ്പ്  സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, ജോസഫ് റെബേല്ലോക്ക് കൈമാറി പ്രകാശനം ചെയ്തു. ഏബ്ള്‍ വേള്‍ഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ മുഹമ്മദ് അസ്‌റത്ത് അധ്യക്ഷനായി. ജില്ലാ കലാ – കായിക മത്സരങ്ങളില്‍ വിജയികളായ ഏബ്ള്‍ വേള്‍ഡ് വിദ്യാര്‍ഥികള്‍ക്കുള്ള ഉപഹാര വിതരണവും നടന്നു. പ്രോഗ്രാം കോഡിനേറ്റര്‍ അനീര്‍, മഅദിന്‍ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രധാനാധ്യാപിക വിമല പ്രസംഗിച്ചു.

---- facebook comment plugin here -----

Latest