Connect with us

Kerala

മധു വധം: മേല്‍ക്കോടതിയെ സമീപിക്കാന്‍ കുടുംബം ഉദ്ദേശിക്കുന്നുവെങ്കില്‍ സര്‍ക്കാര്‍ പിന്തുണ നല്‍കും- മന്ത്രി

കേസില്‍ സര്‍ക്കാര്‍ നല്ല നിലയിലാണ് ഇടപെട്ടതെന്നും ആക്ഷേപങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി.

Published

|

Last Updated

പാലക്കാട് | അട്ടപ്പാടി മധു വധക്കേസ് വിധിയില്‍ മേല്‍ക്കോടതിയെ സമീപിക്കാന്‍ കുടുംബം ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അതുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും സര്‍ക്കാര്‍ പിന്തുണ നല്‍കുമെന്ന് മന്ത്രി കെ രാധാകൃഷ്ണന്‍. കേസില്‍ സര്‍ക്കാര്‍ നല്ല നിലയിലാണ് ഇടപെട്ടതെന്നും ആക്ഷേപങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കേസില്‍ മതിയായ നീതി കിട്ടിയില്ലെന്നും എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്നും മധുവിന്റെ അമ്മ പറഞ്ഞിരുന്നു. മുഴുവന്‍ പ്രതികളും ശിക്ഷിക്കപ്പെടാതെ മധുവിന് നീതി കിട്ടില്ലെന്ന് മധുവിന്റെ സഹോദരി സരസുവും പ്രതികരിച്ചിരുന്നു.

കേസില്‍ 13 പ്രതികള്‍ക്ക് ഏഴ് വര്‍ഷം കഠിന തടവാണ് മണ്ണാര്‍ക്കാട് എസ് സി-എസ് ടി കോടതി വിധിച്ചത്. ഇതില്‍ ഒന്നാം പ്രതി ഒരു ലക്ഷം രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.

പ്രതികളെ തവനൂര്‍ ജയിലിലേക്ക് മാറ്റും. മൂന്ന് മാസം തടവിന് ശിക്ഷിച്ച 16ാം പ്രതി മുനീറിന് 500 രൂപ പിഴ നല്‍കി പോകാം. ഇത്രയും നാള്‍ മുനീര്‍ ജയിലിലായിരുന്നത് കണക്കിലെടുത്താണിത്. അതേസമയം കൂറ് മാറിയ സാക്ഷികള്‍ക്ക് എതിരെ നടപടിക്ക് കോടതി നിര്‍ദേശം നല്‍കി.

കേസിലെ ആകെയുള്ള 16 പ്രതികളില്‍ 14 പേരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. നരഹത്യ, അനധികൃത സംഘം ചേരല്‍, പരുക്കേല്‍പ്പിക്കല്‍, തടഞ്ഞുവെക്കല്‍, പട്ടികവര്‍ഗ അതിക്രമം എന്നീ വകുപ്പുകള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കി. പ്രതികള്‍ക്ക് പരമാവധി ശിക്ഷ തന്നെ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

 

Latest