Connect with us

french election

ഫ്രാൻസിൽ മാക്രോണല്ല ജയിച്ചത്

സാങ്കേതികമായി തോറ്റ മാരിനെ ലീ പെൻ തന്നെയാണ് ജയിച്ചിട്ടുള്ളത്. ഫ്രാൻസിൽ തീവ്ര വലതുപക്ഷം മുഖ്യധാരയിലേക്ക് കടന്നു കയറിയിരിക്കുന്നു. സർക്കാർ മന്ദിരങ്ങൾക്ക് മുകളിൽ "സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' കൊത്തിവെച്ച ഫ്രാൻസ് ഈ മൂല്യങ്ങളിൽ നിന്നെല്ലാം അതിവേഗം അകലുന്നതിന്റെ പ്രഖ്യാപനമാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം.

Published

|

Last Updated

ഫ്രഞ്ച് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 2002ന് ശേഷം ഇതാദ്യമായി തുടർഭരണം കൈപ്പിടിയിലൊതുക്കി ഇമ്മാനുവേൽ മാക്രോൺ വിജയിച്ചിരിക്കുന്നു. സമ്പന്നർക്ക് വേണ്ടിയുള്ള നയങ്ങളുടെ വക്താവാണ് മാക്രോൺ. നവ ഉദാരവത്കൃത നയങ്ങളുടെ കാവൽക്കാരനാണ് ഈ മുൻ ബേങ്കർ. സാമൂഹിക പെൻഷനുകൾ അടക്കമുള്ള ആശ്വാസങ്ങൾ മുഴുവൻ എടുത്തു കളയണമെന്നും തൊഴിലാളി സംരക്ഷണ നിയമങ്ങൾ റദ്ദാക്കണമെന്നും വിദേശ, സ്വദേശ നിക്ഷേപകരെ മുന്നിൽ കണ്ടുള്ള സാമ്പത്തിക നയങ്ങളാണ് വേണ്ടതെന്നും ശാഠ്യമുള്ള നേതാവാണ് അദ്ദേഹം. കഴിഞ്ഞ അഞ്ച് വർഷക്കാലം ഫ്രാൻസ് സാക്ഷ്യം വഹിച്ച സമരങ്ങൾക്കും പണിമുടക്കുകൾക്കും മാസ്സ് റാലികൾക്കും കൈയും കണക്കുമില്ല. ഇന്ധനവില വർധന, വിലക്കയറ്റം, സാമൂഹിക ഉത്തരവാദിത്വങ്ങളിൽ നിന്നുള്ള സർക്കാറിന്റെ പിൻവാങ്ങൽ, ഇൻഷ്വറൻസ് പ്രതിസന്ധി. തെരുവിൽ സമരജ്വാല തീർക്കാൻ കാരണങ്ങളേറെയായിരുന്നു. ചിലപ്പോഴെല്ലാം അത് അക്രമാസക്തമായി. പോലീസിനെയും പട്ടാളത്തെയും ഇറക്കി അടിച്ചമർത്തി. അതേ ഇമ്മാനുവേൽ മാക്രോൺ ഒരിക്കൽ കൂടി തിരഞ്ഞെടുക്കപ്പെടുമ്പോൾ ഫ്രാൻസിലെ മാത്രമല്ല, ലോകത്താകെയുള്ള ജനാധിപത്യവിശ്വാസികൾ ആശ്വസിക്കുകയാണ്. കാരണം, മാക്രോൺ തോൽപ്പിച്ചത് മാരിനെ ലീ പെന്നിനെയാണ് എന്നത് തന്നെ. ജനാധിപത്യ മൂല്യങ്ങളെ അട്ടിമറിച്ച് തീവ്രവലതുപക്ഷ യുക്തികളിലേക്ക് മനുഷ്യരെ വൈകാരികമായി ഇളക്കി വിടുന്ന കുടില കൗശലത്തിന്റെ വക്താവാണ് മാരിനെ. കുടിയേറ്റവിരുദ്ധ, മുസ്‌ലിം വിരുദ്ധ രാഷ്ട്രീയമാണ് കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി അവർ ഉത്പദിപ്പിച്ചു കൊണ്ടിരിക്കുന്നത്. ‘ഫ്രാൻസ് ഫ്രഞ്ചു’കാർക്ക് എന്നതാണ് അവരുടെ മുദ്രാവാക്യം. യൂറോപ്യൻ യൂനിയനിൽ നിന്ന് ഫ്രാൻസ് പുറത്ത് കടക്കണമെന്ന് അവർ വാദിക്കുന്നു. യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ നിരുപാധികം ന്യായീകരിച്ച ഒരേയൊരു യൂറോപ്യൻ നേതാവ്. അങ്ങനെയൊരാൾ പ്രസിഡന്റ് ആകരുതെന്ന് തീരുമാനിച്ച ഫ്രഞ്ച് ജനത ഊഷ്മള അഭിവാദ്യം അർഹിക്കുന്നുണ്ട്.

എന്നാൽ 28 ശതമാനം പേർ ബഹിഷ്‌കരിച്ച വോട്ടിന്റെ കണക്കുകൾ അത്ര ആവേശകരമല്ല. സാങ്കേതികമായി തോറ്റ മാരിനെ ലീ പെൻ തന്നെയാണ് ജയിച്ചിട്ടുള്ളത്. ഫ്രാൻസിൽ തീവ്ര വലതുപക്ഷം മുഖ്യധാരയിലേക്ക് കടന്നു കയറിയിരിക്കുന്നു. ആദ്യ ഘട്ടത്തിൽ ആർക്കും 50 ശതമാനത്തിന് മുകളിൽ വോട്ട് നേടാനാകാതെ വന്നതോടെ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തിലേക്ക് നീങ്ങുകയായിരുന്നു. 58.8 ശതമാനം വോട്ടോടെയാണ് മാക്രോൺ വിജയത്തുടർച്ച നേടിയത്. 2017ൽ ലഭിച്ച 66.1 ശതമാനത്തേക്കാൾ 7.3 ശതമാനം വോട്ട് മാക്രോണിന് നഷ്ടപ്പെട്ടു. ലീ പെന്നിന് 8.1 ശതമാനം വോട്ട് കൂടി. അവർ 41.5 ശതമാനം വോട്ട് പെട്ടിയിലാക്കി. നേർക്കുനേർ മത്സരത്തിൽ തോറ്റ സ്ഥാനാർഥി 40 ശതമാനത്തിലധികം വോട്ട് നേടുന്നത് അത്യപൂർവമാണ്. അവർ പ്രതിനിധാനം ചെയ്യുന്ന നവനാസി ഫാസിസ്റ്റ് ആശയങ്ങൾ ഫ്രാൻസിന്റെ മനസ്സിലും ചിന്തയിലും രാഷ്ട്രീയ ഭൂപ്രകൃതിയിലും എന്നത്തേക്കാളും കൂടുതൽ വേരൂന്നിയിരിക്കുന്നുവെന്നാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. മുമ്പ് ലീ പെന്നിന്റെ പിതാവ് ഴീൻ മാരി. ഇപ്പോൾ മകൾ. 1974 മുതൽ ലീ പെൻ കുടുംബം ഇതേ ആശയങ്ങൾ പറഞ്ഞു കൊണ്ടിരിക്കുകയാണ്. അതിന് ഇത്രയധികം സ്വീകാര്യത കിട്ടിയത് ഇതാദ്യമായാണ്. അഥവാ ആ വിദ്വേഷ രാഷ്ട്രീയം പടിപടിയായി വളരുകയാണ്. കഴിഞ്ഞ തവണയും മാക്രോണിന്റെ എതിരാളി ലീ പെന്നായിരുന്നു. അടുത്ത തവണയും പ്രസിഡൻഷ്യൽ റേസിന് ഉണ്ടാകുമെന്ന് മാരിനെ പ്രഖ്യാപിച്ചു കഴിഞ്ഞു.

മാരിനെ ലീ പെന്നിന്റെ സ്‌കോർ കുറക്കേണ്ടത് പൗരനെന്ന നിലയിൽ കടമയായി വോട്ടർമാർ കണക്കാക്കിയിരുന്നു, 20170ൽ. അവർക്കെതിരായ ഒരു വോട്ട് വംശീയതക്കും അന്യമതവിദ്വേഷത്തിനും എതിരായ പ്രഹരമായി അവർ കണ്ടിരുന്നു. ഇപ്പോൾ അങ്ങനെ ചിന്തിക്കുന്നവർ കുറവാണ്. മാരിനെക്ക് വോട്ട് ചെയ്ത 40 ശതമാനത്തിലധികം വരുന്നവർ വലിയ ലാഭവിഹിതം സൃഷ്ടിക്കാൻ ശേഷിയുള്ള മൂലധനമാണ്. അവരുടെ തത്ത്വങ്ങൾ മാക്രോണിലൂടെ നടപ്പാക്കപ്പെടും. അദ്ദേഹം തുടർന്നും മുസ്‌ലിം സമൂഹത്തിനെതിരായ നയങ്ങൾ ആവിഷ്‌കരിച്ചു കൊണ്ടിരിക്കും. മതേതരത്വമെന്നത് മുസ്‌ലിംവിരുദ്ധതയാണെന്ന പൊതു ബോധത്തിന് അദ്ദേഹവും കൂടുതൽ കീഴ്‌പ്പെടും. ഒന്നാമൂഴത്തിൽ തന്നെ ഈ യുവ പ്രസിഡന്റ് ഈ രൂപമാറ്റത്തിന് വിധേയമായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ഫ്രാൻസിൽ അടച്ചു പൂട്ടിയ പള്ളികളും മുസ്‌ലിംകളെ ലക്ഷ്യമിട്ട് പാസ്സാക്കിയ നിയമങ്ങളും ഇത് സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഈ പരിണാമം മനസ്സിലാകാൻ ഇന്ത്യയിൽ ബി ജെ പി സർക്കാർ നടപ്പാക്കുന്ന നയങ്ങൾ നോക്കിയാൽ മതി. വർഗീയതയോടും ഉദാരീകരണത്തോടും സന്ധി ചെയ്ത് കോൺഗ്രസ്സ് നടപ്പാക്കിയ നയങ്ങളുടെ കടുത്ത വെർഷനാണല്ലോ ബി ജെ പി നടപ്പാക്കുന്നത്. ഇനി ബി ജെ പി അധികാരത്തിൽ നിന്ന് പുറത്ത് പോയാലും തുടർന്ന് അധികാരത്തിൽ വരുന്നവർക്ക് ഇപ്പോൾ ഉത്പാദിപ്പിക്കപ്പെട്ട തീവ്രവലതുപക്ഷ രാഷ്ട്രീയത്തിൽ നിന്ന് എളുപ്പം പുറത്ത് കടക്കാനാകില്ല.

മാരിനെ ലീ പെൻ തന്നെയാണ് ‘ഭരിക്കാൻ’ പോകുന്നതെന്ന് പറയാൻ വേറെയും കാരണമുണ്ട്. ഈ വർഷം ജൂണിൽ നടക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി തീവ്രവലതുപക്ഷ നവ നാസി പാർട്ടികളുടെ ഒരു കൺസോർഷ്യം ഉണ്ടാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഇങ്ങനെയൊരു സഖ്യം നിലവിൽ വന്നാൽ മാക്രോണിന് അത് കടുത്ത വെല്ലുവിളിയാകും. സാധാരണഗതിയിൽ പ്രസിഡന്റിന്റെ പാർട്ടി തന്നെയാണ് പാർലിമെന്റിൽ ഭൂരിപക്ഷം സീറ്റുകളിലും ജയിക്കാറുള്ളത്. ഈ പതിവ് മാറിയാൽ മാക്രോണിന്റെ സ്ഥിതി പരുങ്ങലിലാകും. അതിനാൽ, 20 വർഷത്തിനുള്ളിൽ രണ്ടാം തവണയും വിജയിക്കുന്ന ആദ്യത്തെ ഫ്രഞ്ച് പ്രസിഡന്റായി മാക്രോൺ മാറിയെങ്കിലും, അദ്ദേഹം പരാജയപ്പെടുകയാണ്. അഞ്ച് വർഷം മുമ്പ് തന്റെ ‘സക്‌സസ് സ്പീച്ചി’ൽ മാക്രോൺ പറഞ്ഞത് തീവ്രവലതുപക്ഷ ആശയങ്ങളെ കുഴിച്ചു മൂടുമെന്നായിരുന്നു. ഇന്ന് തിളക്കമറ്റ വിജയവുമായി നിൽക്കുമ്പോൾ അദ്ദേഹത്തിന് അങ്ങനെ പറയാനാകുമോ?

തീവ്ര വലതുപക്ഷക്കാർ പറയുന്ന “ഞങ്ങൾ’ വെള്ളക്കാരും ക്രിസ്ത്യാനികളുമാണ്. കുടിയേറ്റക്കാരും ചിന്തകരും മുസ്‌ലിംകളും ഇടതുപക്ഷക്കാരുമാണ് “അവർ’. ഈ പിളർപ്പ് ഫ്രഞ്ച് ജനതക്കിടയിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു. മാരിനെ ലീപെന്നിന്റെ നാഷനൽ റാലി പാർട്ടി മാത്രമല്ല, ഈ ഇനത്തിൽ പല വകഭേദങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വിദ്വേഷ പ്രസംഗത്തിന് ആവർത്തിച്ച് ശിക്ഷിക്കപ്പെട്ട മുൻ ടെലിവിഷൻ പാനലിസ്റ്റ് എറിക് സെമ്മൂർ ഏപ്രിൽ 10 ന് നടന്ന ആദ്യ റൗണ്ട് വോട്ടിംഗിൽ 12 സ്ഥാനാർഥികളിൽ നാലാമതായി. കുടിയേറ്റക്കാർ എന്നാലർഥം ഇപ്പോൾ വരുന്നവർ മാത്രമല്ല, നേരത്തേ വന്നവരുടെ പിൻമുറക്കാർ കൂടിയാണെന്ന് അദ്ദേഹം ആക്രോശിച്ചു. അവരെ പുറത്താക്കിയേ തീരൂ. അത്തരക്കാർ ഫ്രഞ്ച് അഭിമാനം ഉയർത്തിപ്പിടിക്കാത്തവരാണെന്നും സെമ്മൂർ വിളിച്ചു പറയുമ്പോൾ കരഘോഷത്തിൽ അദ്ദേഹത്തിന്റെ ശബ്ദം മുങ്ങിപ്പോകുന്നു. ഫ്രഞ്ച് പൗരത്വമുള്ള, വോട്ടവകാശമുള്ള മനുഷ്യരെക്കുറിച്ചാണ് ഇത് പറയുന്നത്. രണ്ടാം ലോകമഹായുദ്ധത്തിൽ നാസികളുമായി ഫ്രാൻസിന്റെ സഹകരണം ഗംഭീര മുന്നേറ്റമായിരുന്നുവെന്നും അദ്ദേഹം തുറന്നടിക്കുന്നു. അയാളുടെ ഇസ്‌ലാം വിരുദ്ധ, കുടിയേറ്റ വിരുദ്ധ ആക്രോശങ്ങൾക്കായി ഒഡിറ്റോറിയങ്ങൾ നിറഞ്ഞു കവിയുന്നു.

ഇന്ത്യയിൽ ആർ എസ് എസ് നേരിട്ട് ഏറ്റെടുക്കാത്ത ക്വട്ടേഷനുകളാണല്ലോ ബജ്‌റംഗ് ദളും ഹിന്ദുയുവവാഹിനിയും ഹനുമാൻ സേനയും വിശ്വഹിന്ദു പരിഷത്തുമെല്ലാം ഏറ്റെടുക്കുന്നത്. അവയെല്ലാം സൃഷ്ടിക്കുന്ന വർഗീയ വിഭജനത്തിന്റെയും ഭയത്തിന്റെയും രാഷ്ട്രീയ വിളവ് ബി ജെ പി കൊയ്യും. ഇതു തന്നെയാണ് ഫ്രാൻസിലും സംഭവിക്കുന്നത്. മാരിനെയുടെ പാർട്ടിയേക്കാൾ രൂക്ഷമായും അക്രമാസക്തമായും വിദ്വേഷ പ്രചാരണം നടത്താൻ നിരവധി ഗ്രൂപ്പുകളുണ്ട്.
അവയുടെ നേതാക്കൾ ഓരോരുത്തർക്കും സ്വന്തം നിലക്ക് അനുയായികളുമുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് വിപണിയിൽ ബ്രാൻഡ് മൂല്യമുള്ള നാമമായി മാരിനെ ലീ പെൻ തന്നെയുണ്ടാകും. സർക്കാർ മന്ദിരങ്ങൾക്ക് മുകളിൽ ‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ കൊത്തിവെച്ച ഫ്രാൻസ് ഈ മൂല്യങ്ങളിൽ നിന്നെല്ലാം അതിവേഗം അകലുന്നതിന്റെ പ്രഖ്യാപനമാണ് ഇത്തവണത്തെ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം.

മാരിനെയെയും മാക്രോണിനെയും കോളറയും പ്ലേഗുമെന്നാണ് ചില ആക്ടിവിസ്റ്റുകൾ വിശേഷിപ്പിച്ചത്. ഒരാൾ തീവ്രവലതുപക്ഷമാണെങ്കിൽ മറ്റേയാൾ അതിന്റെ മൃദു പതിപ്പാണ്. ആർക്ക് വോട്ട് ചെയ്യും? അതുകൊണ്ട് 28 ശതമാനം പേർ പോളിംഗ് ബൂത്തിൽ ചെന്നില്ല. രേഖപ്പെടുത്താതെ പോയ ആ വോട്ടിലാണ് ഫ്രഞ്ച് മൂല്യങ്ങൾ അടയാളപ്പെട്ടിരിക്കുന്നത്.

അസിസ്റ്റന്റ്‌ ന്യൂസ് എഡിറ്റർ, സിറാജ്

Latest