Connect with us

Business

ദുബൈ ഔട്ട്‌ലെറ്റ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗക് അല്‍ മാരി ഉദ്ഘാടനം നിര്‍വഹിച്ചു.

Published

|

Last Updated

ദുബൈ | ലുലു ഗ്രൂപ്പിന്റെ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ദുബൈ ഔട്ട്‌ലെറ്റ് മാളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ദുബൈ അല്‍ ഐന്‍ പാതക്കരികില്‍ ഔട്ട്‌ലെറ്റ് മാളിന്റെ പുതിയ എക്‌സറ്റന്‍ഷനിലാണ് അത്യാധുനിക സൗകര്യങ്ങളോടെ, പുതിയ ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്ന ഹൈപ്പര്‍മാര്‍ക്കറ്റ്.

ദുബൈ ഔട്ട്‌ലെറ്റ് മാള്‍ ചെയര്‍മാന്‍ നാസര്‍ ഖംസ് അല്‍ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ യു എ ഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗക് അല്‍ മാരി ഹൈപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

97,000 ചതുരശ്രയടി വിസ്തൃതിയുള്ള ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍, ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സ് വിഭാഗമായ ലുലു കണക്ട്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, ലുലു കിച്ചന്‍ എന്നീ വിഭാഗങ്ങള്‍ ഉണ്ട്.

ദുബൈയിലെ പ്രമുഖ ഷോപ്പിംഗ് കേന്ദ്രമായ ഔട്ട്‌ലെറ്റ് മാളില്‍ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അഭിമാനമുണ്ടെന്ന് യൂസഫലി പറഞ്ഞു. മുന്നൂറ് ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ എന്ന ലക്ഷ്യത്തിലേക്ക് ലുലു അതിവേഗം മുന്നേറുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ ഉള്‍പ്പടെ ലുലുവിന്റെ സാന്നിധ്യം കൂടുതല്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്നും അദ്ദേഹം അറിയിച്ചു. കര്‍ഷകര്‍ക്ക് കൂടി ഗുണം കിട്ടുന്ന രീതിയിലാണ് ഭക്ഷ്യ സംസ്‌കരണ കേന്ദ്രം ഉള്‍പ്പടെയുള്ള മേഖലകളില്‍ ലുലു സജീവമാകുന്നതെന്നും അദ്ദേഹം ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

റമസാന്‍ മാസത്തോടനുബന്ധിച്ച് ലുലു റമസാന്‍ കിറ്റും ഉദ്ഘാടനത്തോടനുബന്ധിച്ച് അവതരിപ്പിച്ചു. എല്ലാ ലുലു സ്റ്റോറുകളിലും റമസാന്‍ കിറ്റുകള്‍ ലഭിക്കും. 12 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 85 ദിര്‍ഹവും, 20 ഉത്പന്നങ്ങള്‍ അടങ്ങിയ കിറ്റിന് 120 ദിര്‍ഹവുമാണ് വില.

ലുലു ഗ്രൂപ്പ് സി ഇ ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, ലുലു ഗ്രൂപ്പ് ഡയറക്ടര്‍ എം എ സലിം എന്നിവരും സംബന്ധിച്ചു.

ലോകത്തിന്റെ വിവിധ ആഡംബര ബ്രാന്‍ഡുകള്‍ ആകര്‍ഷകമായ വിലയ്ക്കും മികച്ച വിലക്കിഴിവോടെയും ലഭ്യമാകുന്ന ദുബൈയിലെ പ്രമുഖ ഷോപ്പിങ് കേന്ദ്രമാണ് ദുബൈ ഔട്ട് ലെറ്റ് മാള്‍. അറുനൂറിലധികം വിവിധങ്ങളായ ബ്രാന്‍ഡുകളുള്ള മാളില്‍ ആറായിരത്തിലധികം വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവ്യമുണ്ട്.

 

Latest