Business
ലുലു ഗ്രൂപ്പിന്റെ 246-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു
നഗരത്തിലെ ബൈനല്‍ ജസ്രൈനിലെ റബ്ദാന്‍ മാളിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്.

അബൂദബി | ലുലു ഗ്രൂപ്പിന്റെ 246-ാമത് ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബിയില്‍ പ്രവര്‍ത്തനമാരംഭിച്ചു. നഗരത്തിലെ ബൈനല്‍ ജസ്രൈനിലെ റബ്ദാന്‍ മാളിലാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് തുറന്നത്.
ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെയും വിശിഷ്ടാതിഥികളുടെയും സാന്നിധ്യത്തില്‍ ബൈനല്‍ ജസ്രൈന്‍ കോ ഓപ്പറേറ്റീവ് ബോര്‍ഡ് ചെയര്‍മാന്‍ ശൈഖ് ഹമദ് ബിന്‍ ബുത്തി അല്‍ ഹമദ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രോസറി, ഫ്രഷ് ഉല്‍പ്പന്നങ്ങള്‍, ഇലക്ടോണിക്‌സ്, ഗാര്‍മെന്റ്‌സ്, ഫാഷന്‍, ഗൃഹോപകരണങ്ങള്‍, സ്റ്റേഷനറി ഉള്‍പ്പെടെ വിശാലമായ ശേഖരമാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്.
80,000 ചതുരശ്രയടി വിസ്തീര്‍ണമാണ് ഹൈപ്പര്‍ മാര്‍ക്കറ്റിനുള്ളത്. സഹകരണ രംഗത്തെ പ്രമുഖ സ്ഥാപനമായ ബൈനല്‍ ജസ്രൈനുമായി ചേര്‍ന്ന് അബൂദബിയില്‍ പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ആരംഭിക്കാനായതില്‍ സന്തോഷമുണ്ടെന്ന് എം എ യൂസഫലി പറഞ്ഞു. അബൂദബി എമിറേറ്റിലെ നാല്‍പതാമത്തെ ഹൈപ്പര്‍ മാര്‍ക്കറ്റിന് ബൈനല്‍ ജസ്രൈനിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്നവര്‍ക്കായി ഏറ്റവും മികച്ച ഷോപ്പിംഗ് അനുഭവം നല്‍കാന്‍ സാധിക്കും.
യു എ ഇ യില്‍ കൂടുതല്‍ ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും ഇതിനായി എല്ലാ സൗകര്യങ്ങളും ചെയ്തു തരുന്ന യു എ ഇ ഭരണകര്‍ത്താക്കള്‍ക്ക് നന്ദി പറയുന്നതായും യൂസഫലി പറഞ്ഞു. മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസി സമൂഹത്തിന്റെ നിര്‍ലോഭമായ പിന്തുണ ലുലു ഗ്രൂപ്പിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ലുലു ഗ്രൂപ്പ് സി ഇ ഒ. സൈഫി രൂപാവാല, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്‌റഫ് അലി എന്നിവരും സംബന്ധിച്ചു.