Kerala
12ാമത് സാഹിത്യോത്സവ് അവാർഡ് ടി ഡി രാമകൃഷ്ണന്
സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാർഡ് നൽകി വരുന്നത്.

കോഴിക്കോട്|പന്ത്രണ്ടാമത് സാഹിത്യോത്സവ് അവാർഡ് നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്. കേരള സാഹിത്യോത്സവിൻ്റെ ഭാഗമായി എസ് എസ് എഫ് സംസ്ഥാന കമ്മിറ്റിയാണ് അവാർഡ് നൽകുന്നത്. പരിചിതമല്ലാത്ത ഇമേജറികളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തുകയും ചരിത്രവും മിത്തും രാഷ്ട്രീയവും മനോഹരമായി സമന്വയിപ്പിച്ച് നവഭാവുകത്വത്തിൻ്റെ നോവലാഖ്യാനങ്ങളിലൂടെ മലയാളികളെ അമ്പരപ്പിക്കുകയും ചെയ്യുന്ന എഴുത്തുകാരനെന്ന നിലയിലാണ് പുരസ്കാരമെന്ന് കേരള സാഹിത്യ അക്കാദമി ചെയർമാൻ കെ സച്ചിദാനന്ദൻ അധ്യക്ഷനായ അവാർഡ് നിർണയ കമ്മിറ്റി അറിയിച്ചു. പി എൻ ഗോപീകൃഷ്ണൻ, കെ പി രാമനുണ്ണി, സി എൻ ജാഫർ സ്വാദിഖ് എന്നിവരാണ് ജൂറിയിലെ മറ്റംഗങ്ങൾ. അൻപതിനായിരത്തി ഒന്ന് രൂപയും പ്രത്യേകം രൂപ കൽപ്പന ചെയ്ത ശിലാഫലകവുമാണ് അവാർഡ്.
ലളിതമായ ഭാഷയിൽ ഗഹനമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുകയും സമകാലിക രാഷ്ട്രീയ വിഷയങ്ങളെ പ്രത്യക്ഷമായും പരോക്ഷമായും പ്രതിപാദിക്കുന്ന കഥകൾ എഴുതുകയും ചെയ്ത എഴുത്തുകാരനാണ് ടി ഡി രാമകൃഷ്ണനെന്ന് അവാർഡ് സമിതി വിലയിരുത്തി. ആൽഫ, ഫ്രാൻസിസ് ഇട്ടിക്കോര, സുഗന്ധി എന്ന ആണ്ടാൾ ദേവനായകി, സിറാജുന്നിസ, മാമ ആഫ്രിക്ക, പച്ച, മഞ്ഞ, ചുവപ്പ്, ആറു വിരലുകളുള്ള ഉണ്ണിയേശുവിൻ്റെ പള്ളി, അന്ധർ ബധിരർ മൂകർ തുടങ്ങിയവ ടി ഡിയുടെ പ്രധാന കൃതികളാണ്.
സാമൂഹിക പ്രതിബദ്ധതയുള്ള എഴുത്തുകാരെയും അവരുടെ മികച്ച സംഭാവനകളെയും ആദരിക്കുന്നതിന് വേണ്ടി 2012 മുതലാണ് എസ് എസ് എഫ് സംസ്ഥാന കമ്മിറ്റി സാഹിത്യോത്സവ് അവാർഡ് നൽകി വരുന്നത്. എൻ എസ് മാധവൻ, കെ സച്ചിദാനന്ദൻ, ശശി തരൂർ, തോപ്പിൽ മുഹമ്മദ് മീരാൻ, കെ പി രാമനുണ്ണി, പി എൻ ഗോപീകൃഷ്ണൻ, പി സുരേന്ദ്രൻ, വീരാൻകുട്ടി, എം എ റഹ്മാൻ, പോക്കർ കടലുണ്ടി, ബാലകൃഷ്ണൻ വള്ളിക്കുന്ന് തുടങ്ങിയവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം നൽകിയത്. പാലക്കാട് വെച്ച് നടക്കുന്ന കേരള സാഹിത്യോത്സവ് വേദിയിൽ ആഗസ്ത് 8 വെള്ളിയാഴ്ച പ്രമുഖരുടെ സാന്നിധ്യത്തിൽ അവാർഡ് ദാനം നടക്കും.
എസ് എസ് എഫ് കേരള സെക്രട്ടറിമാരായ സി എ റാസി, ഷാഫി സഖാഫി, മുഹമ്മദ് അനസ് കെ പി, പ്രവർത്തക സമിതി അംഗങ്ങളായ ടി കെ എം റമീസ്, മുഹമ്മദ് ഹാഷിർ എൻ എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.