Connect with us

From the print

സാഹിത്യ നഗരം: തുടര്‍പ്രവര്‍ത്തനങ്ങള്‍ അനിവാര്യം: കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോടിന്റെ പൈതൃകം സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേതുമാണ്. അതിന്റെ തുടര്‍ച്ചക്കായി കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം.

Published

|

Last Updated

കോഴിക്കോട് | ഐക്യരാഷ്ട്ര സഭയുടെ സാഹിത്യ നഗരമായി അംഗീകരിക്കപ്പെട്ട കോഴിക്കോടിന്റെ ഇടപെടലുകള്‍ കൂടുതല്‍ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ അനിവാര്യമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് നേതാക്കള്‍. മഖ്ദൂമുമാരും ഖാളി മുഹമ്മദും മുതല്‍ വൈക്കം മുഹമ്മദ് ബഷീര്‍, എസ് കെ പൊറ്റക്കാട് ഉള്‍പ്പെടെയുള്ളവരുടെ സംഭാവനകളാണ് സാഹിത്യ നഗരമെന്ന അംഗീകാരത്തിലേക്ക് കോഴിക്കോടിനെ എത്തിച്ചത്. എന്നാല്‍, പ്രഖ്യാപനം നടന്ന് രണ്ട് വര്‍ഷം കഴിഞ്ഞെങ്കിലും സാഹിത്യ- സാംസ്‌കാരിക ഗവേഷണ രംഗത്തെ മുന്നേറ്റത്തിനാവശ്യമായ കാര്യമായ പ്രവര്‍ത്തനങ്ങളൊന്നും നഗരത്തില്‍ പുതുതായി വന്നിട്ടില്ല.

കോഴിക്കോടിന്റെ പൈതൃകം സൗഹൃദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റേതുമാണ്. അതിന്റെ തുടര്‍ച്ചക്കായി കാര്യക്ഷമമായ ഇടപെടല്‍ ഉണ്ടാകണം. സാംസ്‌കാരികത കൊണ്ടും പ്രകൃതി വിഭവങ്ങള്‍ കൊണ്ടും സമ്പന്നമായ കോഴിക്കോട് ലോക ഭൂപടത്തില്‍ ഇടം നേടിയ നാടാണ്.

എന്നാല്‍, ലഹരിയുടെയും അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങളുടെയും അരാജകത്വത്തിന്റെയും കുത്തരങ്ങായി ഈ നാട് മാറുന്നത് ദൗര്‍ഭാഗ്യകരമാണ്. കാര്യക്ഷമമായ നിയമ നടപടികള്‍ സ്വീകരിച്ചും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ വഴിയും നഗരത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ കഴിയണമെന്നും നേതാക്കള്‍ പറഞ്ഞു.

കേരളത്തെ വിവിധ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന പ്രധാന പാതകളാണ് വയനാട് വഴി കടന്നുപോകുന്നത്. എന്നാല്‍ താമരശ്ശേരി, കുറ്റ്യാടി ചുരങ്ങളില്‍ കനത്ത ഗതാഗതക്കുരുക്കാണ് മിക്ക സമയത്തും. വിലങ്ങാട് ഉള്‍പ്പടെയുള്ള ചുരമില്ലാ പാതയെന്ന ആശയം കാലങ്ങളായി ചര്‍ച്ച നടക്കുന്നുണ്ടെങ്കിലും ആവശ്യമായ നടപടികളിലേക്ക് നീങ്ങേണ്ടതുണ്ട്.

ആരോഗ്യ മേഖലയില്‍ കേരളത്തിന്റെ പ്രതീക്ഷയാണ് എയിംസ്. കിനാലൂരില്‍ ഭൂമി ഉള്‍പ്പെടെയുള്ളവ ലഭ്യമായിട്ടും എയിംസ് കേരളത്തിന് അനുവദിക്കാത്ത കേന്ദ്ര നയം അപലപനീയമാണ്.

ഇതര സംസ്ഥാനങ്ങളിലെല്ലാം എയിംസ് സ്ഥാപിച്ചിട്ടും നിപ്പാ ഉള്‍പ്പെടെ നിരവധി സാംക്രമിക രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ട കേരളത്തില്‍ എയിംസ് സ്ഥാപിക്കാത്തത് ഈ നാട്ടിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്. കാലതാമസം ആരോഗ്യ മേഖലക്ക് വരുത്തുന്ന നഷ്ടം വളരെ വലുതാണ്. എയിംസ് കിനാലൂരില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ മുന്നോട്ട് വരണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

ലഹരിയുടെ മായാവലയത്തില്‍ പെട്ടുപോയവര്‍ക്ക് മോചനത്തിന്റെ വഴിയൊരുക്കുന്ന ഡി അഡിക്്ഷന്‍ സെന്ററുകള്‍ കോഴിക്കോട്ടും പരിസരത്തും കാര്യക്ഷമമാക്കണം. നിലവിലുള്ള സെന്ററുകള്‍ സജീവമാക്കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും കൂടുതല്‍ സെന്ററുകള്‍ സ്ഥാപിക്കുകയും വേണം. മലബാറിലെ ജില്ലകളിലെ സാധാരണക്കാര്‍ അത്യാഹിതങ്ങള്‍ക്കും സങ്കീര്‍ണ ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും എപ്പോഴും ആശ്രയിക്കുന്ന കേന്ദ്രമാണ് കോഴിക്കോട് മെഡിക്കല്‍ കോളജ്.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമവും മൂലം ചികിത്സാ പിഴവുകള്‍ ഉള്‍പ്പെടെ പലപ്പോഴും റിപോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സര്‍ക്കാറിന്റെ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകേണ്ടതുണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ കേരള യാത്രാ ഉപനായകരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സംഘാടക സമിതി കണ്‍വീനര്‍ സി മുഹമ്മദ് ഫൈസി, കേരള മുസ്‌ലിം ജമാഅത്ത് സെക്രട്ടറി മജീദ് കക്കാട് സംബന്ധിച്ചു.