Connect with us

Qatar World Cup 2022

അൽ തുമാമയിൽ സിംഹ ഗർജനം; പറങ്കിപ്പടയെ കീഴടക്കി മൊറോക്കോ സെമിയിൽ

ഇതോടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിൻ്റെ സെമി ഫൈനലിലെത്തി

Published

|

Last Updated

ദോഹ | പ്രിക്വാര്‍ട്ടറില്‍ സ്‌പെയിനിനെ അട്ടിമറിച്ച അതേ വീര്യത്തോടെ ക്വാര്‍ട്ടറില്‍ പോര്‍ച്ചുഗലിനെയും വീഴ്ത്തി മൊറോക്കോ. ആക്രമണവും പ്രതിരോധവുമായി ലോകകിരീടത്തിൽ കണ്ണിട്ട പറങ്കികളെ അക്ഷരാര്‍ഥത്തില്‍ ഞെട്ടിക്കുന്ന പ്രകടനമാണ് ആഫ്രിക്കന്‍ കരുത്തര്‍ കാഴ്ചവെച്ചത്. ഏകപക്ഷീയമായ ഒരു ഗോളിനാണ് മൊറോക്കോയുടെ ജയം. ഇതോടെ ചരിത്രത്തിലാദ്യമായി ഒരു ആഫ്രിക്കൻ രാജ്യം ലോകകപ്പിൻ്റെ സെമി ഫൈനലിലെത്തി.

ആദ്യ പകുതിയിൽ അവസരങ്ങള്‍ ലഭിച്ചെങ്കിലും ഗോളാക്കാന്‍ ഇരുടീമിനും സാധിച്ചിരുന്നില്ല. എന്നാല്‍, 42ാം മിനുട്ടില്‍ മൊറോക്കോയുടെ യൂസഫ് അന്നെസിരി ഹെഡറിലൂടെ പോര്‍ച്ചുഗലിന്റെ വല കുലുക്കുകയായിരുന്നു. പ്രിക്വാര്‍ട്ടറിലേത് പോലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

രണ്ടാം പകുതി ആരംഭിച്ച് അധികം വൈകാതെ 51ാം മിനുട്ടില്‍ റൂബന്‍ നെവിസിന് പകരക്കാരനായി ക്രിസ്റ്റ്യാനോ മൈതാനത്തെത്തിയത് പോര്‍ച്ചുഗലിന് കൂടുതല്‍ ആവേശം പകര്‍ന്നു. പോർച്ചുഗീസ് താരങ്ങൾക്ക് പലവുരു അവസരങ്ങള്‍ ലഭിക്കുകയും ചെയ്തു. ചില ഉഗ്രന്‍ ഷോട്ടുകള്‍ മൊറോക്കോ ഗോളി യാസീന്‍ ബൗനൂ തടഞ്ഞു. മൊറോക്കോക്കും ചില അവസരങ്ങള്‍ ലഭിച്ചിരുന്നു. ഇഞ്ചുറി ടൈമിൽ മൊറോക്കൻ താരം വലീദ് ശെദീറ ചുവപ്പുകാർഡ് കണ്ട് പുറത്തുപോയതോടെ അംഗസംഖ്യ പത്തായി ചുരുങ്ങി. എന്നിട്ടും കീഴടങ്ങാതെ ആഫ്രിക്കൻ സിംഹങ്ങൾ പോരാടി.

അതേസമയം, പന്ത് കാല്‍വശം വെക്കുന്നതിൽ പോര്‍ച്ചുഗീസ് ബഹുദൂരം മുന്നിലായിരുന്നു. ഗോള്‍മുഖത്തേക്ക് ഷോട്ടുതിര്‍ക്കുന്നതിലും മൊറോക്കോ താരതമ്യേന പിന്നിലായി. പോര്‍ച്ചുഗലിന്റെ കാൽഭാഗം സമയം മാത്രമാണ് പന്ത് മൊറോക്കോ താരങ്ങളുടെ കാല്‍വശമുണ്ടായിരുന്നുള്ളൂ. ഫൗളിൽ മൊറോക്കോയായിരുന്നു മുന്നില്‍. ഇതോടെ റെക്കോർഡ് ഷെൽഫിലേക്ക് ലോകകപ്പ് കിരീടം വെക്കാമെന്ന ക്രിസ്റ്റ്യാനോയുടെ അഭിലാഷം പൊലിഞ്ഞു.

 

Latest