Editorial
ലിബിയ ഫലപ്രദമായ ഇടപെടല്‍ തേടുന്നു
ലിബിയയിലെ പ്രകൃതി ദുരന്തത്തില്‍ സഹായവുമായെത്തിയ ലോക രാജ്യങ്ങള്‍ ഈ പ്രദേശത്തിന്റെ രാഷ്ട്രീയ ദുരന്തത്തിന് കൂടി പരിഹാരം കാണാന്‍ സന്മനസ്സ് കാണിക്കണം. ഗദ്ദാഫിയെ പുറന്തള്ളാന്‍ വല്ലാത്ത ഐക്യബോധം കാണിച്ച വന്‍ ശക്തികള്‍ക്ക് ലിബിയന്‍ ജനതയുടെ ഇന്നത്തെ ദുരവസ്ഥയില്‍ ഉത്തരവാദിത്വമുണ്ട്.

വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയില്‍ ചുഴലിക്കാറ്റും വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതത്തിന് അറുതിയായിട്ടില്ല. ദുരന്തം നടന്ന് പത്ത് ദിവസം പിന്നിടുമ്പോഴും ആയിരക്കണക്കിനാളുകള്‍ എങ്ങോട്ട് പോയെന്ന് തിട്ടമില്ല. മരിച്ചവരുടെ എണ്ണമെത്ര എന്ന ചോദ്യത്തിനും വ്യക്തമായ ഉത്തരമില്ല. ദുരന്തം ഏറ്റവുമേറെ ബാധിച്ച കിഴക്കന്‍ ലിബിയയിലെ ദെര്‍നയില്‍ മരണം 20,000ത്തിലേറെയാണെന്ന് മേയര്‍ അബ്ദുല്‍ മുനീം അല്‍ഗെയ്തി അറിയിച്ചിരുന്നു. ആയിരക്കണക്കിനാളുകളെ കാണാനില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ദെര്‍നയില്‍ മരണം 11,300 ആണെന്നും 10,100 പേരെ കാണാതായെന്നുമാണ് യു എന്‍ ഓഫീസ് ഫോര്‍ ദി കോര്‍ഡിനേഷന്‍ ഓഫ് ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ആദ്യം അറിയിച്ചത്. ലിബിയന്‍ റെഡ് ക്രസന്റിന്റെ ഡാറ്റയാണ് അടിസ്ഥാനപ്പെടുത്തിയതെന്നും ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്സ് വ്യക്തമാക്കി. എന്നാല്‍ ഈ കണക്കുകള്‍ ശരിയല്ലെന്ന് ക്രസന്റ് വക്താവ് പറഞ്ഞതോടെ യു എന്‍ ഏജന്‍സിക്ക് തിരുത്തേണ്ടി വന്നു. 3,958 പേര്‍ മരിച്ചതായും 9,000ത്തിലധികം പേരെ കാണാനില്ലെന്നുമാണ് പിന്നീട് വ്യക്തമാക്കിയത്. ആശയക്കുഴപ്പം വ്യക്തമാണ്. നിരവധി രാജ്യങ്ങള്‍ സഹായ ഹസ്തവുമായി വരുന്നുണ്ടെങ്കിലും അവ ഏകോപിപ്പിക്കാന്‍ സംവിധാനമില്ല.
രാഷ്ട്രീയ അസ്ഥിരതയും പരസ്പരം പോരടിക്കുന്ന മിലീഷ്യാ ഗ്രൂപ്പുകളുടെ ഏറ്റുമുട്ടലും പാശ്ചാത്യ ശക്തികളുടെ വിഭവക്കൊള്ളയും ചേരുമ്പോള്‍ കുത്തഴിഞ്ഞ നിലയിലാണ് ലിബിയ. പ്രകൃതി ദുരന്തം ഈ വൈരുധ്യങ്ങളെ കൂടുതല്‍ രൂക്ഷമാക്കുകയും ദൃശ്യമാക്കുകയും ചെയ്തിരിക്കുന്നു. മനുഷ്യരുടെ ദുരിതം ചൂഷണം ചെയ്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ആളും അര്‍ഥവും കൂട്ടാനിറങ്ങിയിരിക്കുകയാണ് ഐ എസുമായി ബന്ധമുള്ള ചില ഗ്രൂപ്പുകള്‍. ഇത്തരം സായുധ സംഘങ്ങളുടെ സാന്നിധ്യം ദുരിതാശ്വാസ സാമഗ്രികളുടെ സുഗമമായ സഞ്ചാരത്തിന് തടസ്സമാകുകയാണ്. സര്‍ക്കാര്‍ സംവിധാനം എന്നൊന്നില്ല. പടിഞ്ഞാറ് ഭാഗത്ത് മാത്രം സ്വാധീനമുള്ള ട്രിപ്പോളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിനാണ് യു എന്നിന്റെയും മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളുടെയും അംഗീകാരമുള്ളത്. കിഴക്കിന്റെ ഭരണം കൈയാളുന്ന ഖാലിഫ ഹഫ്തര്‍ ഗ്രൂപ്പിന് പ്രദേശത്തിന്റെ വികസനത്തിലോ ഭാവിയിലോ ഒരു താത്പര്യവുമില്ല. അറ്റ്ലസ് പര്‍വത നിരകളുടെ ഭാഗമായുള്ള പര്‍വതങ്ങളാല്‍ ചുറ്റപ്പെട്ട നഗരമാണ് ഏറ്റവും വലിയ ദുരന്തത്തിനിരയായ ദെര്‍ന. ഈ കിഴക്കന്‍ നഗരത്തില്‍ ഇത്ര വലിയ മാനുഷിക പ്രതിസന്ധി സൃഷ്ടിച്ചത് ഡാനിയേല്‍ ചുഴലിക്കാറ്റും ശക്തമായ മഴയും അനുബന്ധ പ്രശ്നങ്ങളും മാത്രമല്ല. രണ്ട് അണക്കെട്ടുകളുടെ തകര്‍ച്ചയാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. എഴുപതുകളില്‍ പണിത ഡാമുകളില്‍ ഒരു അറ്റകുറ്റപ്പണിയും നടക്കാറില്ല. 2002 മുതല്‍ ഡാം സുരക്ഷാ വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ് അവഗണിക്കുകയാണ് അതത് കാലത്തെ ഭരണകര്‍ത്താക്കള്‍ ചെയ്തത്. 2011ല്‍ മുഅമ്മര്‍ ഗദ്ദാഫിയെ കൊന്നു തള്ളിയ ശേഷം സ്ഥലം വിട്ട നാറ്റോ സഖ്യമോ പാശ്ചാത്യ രാജ്യങ്ങളോ ഈ രാജ്യത്തിന്റെ പുനര്‍ നിര്‍മാണത്തിന് തിരിഞ്ഞു നോക്കിയിട്ടില്ല. അന്നു തൊട്ടിന്നോളം സുസ്ഥിരമായ ഭരണ സംവിധാനം ഇവിടെയുണ്ടായിട്ടില്ല. 2014 മുതല്‍ ട്രിപ്പോളി കേന്ദ്രീകരിച്ചുള്ള ഭരണകൂടവും ബന്‍ഗാസി കേന്ദ്രീകരിച്ചുള്ള വിമത ഭരണകൂടവും പൊരിഞ്ഞ പോര് തുടരുകയാണ്. അശാന്തമായ ഈ അന്തരീക്ഷത്തില്‍ എങ്ങനെയാണ് അടിസ്ഥാന സൗകര്യ വികസനം സാധ്യമാകുക. ആഭ്യന്തര സംഘര്‍ഷങ്ങളുടെ നടുവില്‍ പെട്ടുപോയ ഒരു നാട് എങ്ങനെയാണ് വാസയോഗ്യമല്ലാതായി തീരുകയെന്നതിന്റെ ജീവിക്കുന്ന ദൃഷ്ടാന്തമാണ് ഇപ്പോള്‍ തകര്‍ന്നടിഞ്ഞ ദെര്‍ന നഗരം. 90,000 പേര്‍ താമസിക്കുന്ന ഈ പൈതൃക നഗരത്തില്‍ പരിമിതമായെങ്കിലും പ്രവര്‍ത്തനസജ്ജമായ ഒരേയൊരു ആശുപത്രിയാണുള്ളതെന്നോര്‍ക്കണം.
ഈ ദുരന്ത മുഖത്ത് ചില പാരിസ്ഥിതിക ആശങ്കകള്‍ കൂടി പങ്കുവെക്കേണ്ടതുണ്ട്. സെപ്തംബറിലെ ആദ്യ 10 ദിവസങ്ങള്‍ക്കുള്ളില്‍ നാല് ഭൂഖണ്ഡങ്ങളില്‍ വിനാശകരമായ വെള്ളപ്പൊക്കവും ചുഴലിക്കാറ്റും റിപോര്‍ട്ട് ചെയ്തതിന് ശേഷമായിരുന്നു ലിബിയയിലെ ദുരന്തമെന്നത് ശ്രദ്ധേയമാണ്. കനത്ത മഴയില്‍ മധ്യ ഗ്രീസ്, വടക്കുപടിഞ്ഞാറന്‍ തുര്‍ക്കി, തെക്കന്‍ ബ്രസീല്‍, മധ്യ- തീരദേശ സ്‌പെയിന്‍, തെക്കന്‍ ചൈന, ഹോങ്കോംഗ്, തെക്കുപടിഞ്ഞാറന്‍ യു എസ് എന്നീ പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. ‘ഡാനിയല്‍’ മെഡിറ്ററേനിയന്‍ കൊടുങ്കാറ്റ് ലിബിയ, ഗ്രീസ്, തുര്‍ക്കി എന്നിവിടങ്ങളില്‍ വെള്ളപ്പൊക്കത്തിന് കാരണമായപ്പോള്‍, ബ്രസീലില്‍ ഹവോക് ചുഴലിക്കാറ്റ് നാശം വിതച്ചു. ടൈഫൂണ്‍ ഹൈകുയി എന്നറിയപ്പെടുന്ന മറ്റൊരു കൊടുങ്കാറ്റ് ഹോങ്കോംഗിലും ചൈനയിലും വെള്ളപ്പൊക്കത്തിന് കാരണമായി. ആഗോള താപനില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തിലാണ് ഏറ്റവും പുതിയ കാലാവസ്ഥാ ദുരന്തങ്ങളുടെ പരമ്പര തന്നെ നടന്നതെന്നാണ് വിലയിരുത്തല്‍. മനുഷ്യന്റെ കടന്നു കയറ്റം വഴിയുണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൃത്യമായി വിശകലനം ചെയ്യാനോ പരിഹാരങ്ങളിലേക്ക് കടക്കാനോ ആഗോള സമൂഹത്തിന് ഇനിയും സാധിച്ചിട്ടില്ലെന്നാണ് ഏറ്റവും പുതിയ ഉച്ചകോടികള്‍ കാണിക്കുന്നത്.
ലിബിയയിലെ പ്രകൃതി ദുരന്തത്തില്‍ സഹായവുമായെത്തിയ ലോക രാജ്യങ്ങള്‍ ഈ പ്രദേശത്തിന്റെ രാഷ്ട്രീയ ദുരന്തത്തിന് കൂടി പരിഹാരം കാണാന്‍ സന്മനസ്സ് കാണിക്കണം. ഗദ്ദാഫിയെ പുറന്തള്ളാന്‍ വല്ലാത്ത ഐക്യബോധം കാണിച്ച വന്‍ ശക്തികള്‍ക്ക് ലിബിയന്‍ ജനതയുടെ ഇന്നത്തെ ദുരവസ്ഥയില്‍ ഉത്തരവാദിത്വമുണ്ട്. ഏറ്റവും ശക്തമായ ആഫ്രിക്കന്‍ രാജ്യമെന്ന് ഖ്യാതി നേടിയ, എണ്ണ സമ്പന്നമായ ലിബിയ ഇന്ന് ആര്‍ക്കും കയറി കൊള്ളയടിക്കാവുന്ന അരക്ഷിത ഭൂവിഭാഗമാണ്. മിലീഷ്യാ ഗ്രൂപ്പുകള്‍ രാജ്യത്തെ പകുത്തെടുത്തിരിക്കുന്നു. ഗദ്ദാഫിയുടെ പതനത്തോടെ കൈക്കലാക്കിയ ആയുധങ്ങളുമായി സ്വകാര്യ സൈനിക ഗ്രൂപ്പുകള്‍ അതതിടങ്ങളില്‍ ഭരണകൂടങ്ങളായി മാറിക്കഴിഞ്ഞു. ഗദ്ദാഫിയാനന്തര ലിബിയയില്‍ ഭരണ സാരഥ്യം പിടിച്ചെടുത്ത ജസ്റ്റിസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ പാര്‍ട്ടിക്ക് ഇന്ന് ചെറുവിരലനക്കാനുള്ള ശേഷിയില്ല. ബ്രദര്‍ഹുഡിന്റെ തുടര്‍ച്ചയായ ഇസ്ലാമിസ്റ്റ് ഗ്രൂപ്പാണ് ജസ്റ്റിസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍. സാധാരണഗതിയില്‍, ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നങ്ങളില്‍ ലോകം ഇടപെടരുതെന്നാണ് പറയേണ്ടത്. എന്നാല്‍ ലിബിയ ഫലപ്രദമായ ഇടപെടല്‍ തേടുന്നു.