VELLAPPALLI
വെള്ളാപ്പള്ളി ശ്രീനാരായണ ദര്‍ശനം പഠിക്കട്ടെ
വര്‍ഗീയതയുടെ അപ്പോസ്തലനായി വെള്ളാപ്പള്ളി മാറിയെന്ന് കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ കമ്മിറ്റി
മലപ്പുറം | വെള്ളാപ്പള്ളി നടേശന്‍ മനുഷ്യനന്മക്കായി സമര്‍പിതമായ ശ്രീനാരായണ ദര്‍ശനങ്ങള്‍ പഠിക്കാന്‍ തയ്യാറാകണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ല പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു. നിരന്തരം ധ്രുവീകരണ ചുവയും ഭിന്നിപ്പും ലക്ഷ്യമാക്കി പ്രസ്താവനയിറക്കി വര്‍ഗീയതയുടെ അപ്പോസ്തലനായി വെള്ളാപ്പള്ളി മാറിക്കൊണ്ടിരിക്കുന്നു.
മനുഷ്യ സ്‌നേഹികളും സഹിഷ്ണുക്കളുമായിരുന്ന ശ്രീനാരായണ പ്രസ്ഥാന നേതാക്കളെപ്പോലും അപമാനിക്കുന്നതും പ്രസ്ഥാനത്തിന്റെ തന്നെ പ്രസക്തിയെ ചോദ്യം ചെയ്യുന്നതുമാകുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനയെന്നും അതിനാല്‍ അത് പിന്‍വലിച്ച് തെറ്റ് തിരുത്തണമെന്നും ആവശ്യപ്പെട്ടു.
സംസ്ഥാനത്ത് ജനസംഖ്യയുടെ ഏകദേശം 30 ശതമാനത്തോളം വരുന്ന ജനവിഭാഗമാണ് മുസ്ലിംകള്‍. സര്‍ക്കാര്‍ സര്‍വീസിലോ ഇതര സാമൂഹിക, രാഷ്ട്രീയ, സാംസ്‌കാരിക മണ്ഡലങ്ങളിലോ അര്‍ഹമായ പ്രാതിനിധ്യം പോലും മുസ്ലിംകള്‍ക്കു ലഭ്യമായിട്ടില്ലെന്നതാണ് വസ്തത. കേരളത്തില്‍ ലവ് ജിഹാദ് ഇല്ലെന്ന പോലീസ് റിപ്പോര്‍ട്ട് നിലനില്‍ക്കെ, ലവ് ജിഹാദ് ഉണ്ടെന്ന പ്രചാരണം ഗുരുതരവും തെറ്റായ സന്ദേശം പരത്താനുള്ള നീച ശ്രമവുമാണ്. ഇത്തരം കാര്യങ്ങളെ സമയോചിതം നിഷേധിക്കാനും കൂച്ച് വിലങ്ങിടാനും ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാകാത്തത് ആശങ്കാജനകമാണ്.
ഭരണ ഘടനാപരമായ അവകാശങ്ങളും പദ്ധതികളുടെ ഗുണവും മത ജാതി ഭാഷ തുടങ്ങിയ വൈജാത്യങ്ങള്‍ക്കതീതമായി മുഴുവന്‍ പൗരന്‍മാര്‍ക്കുമുള്ളതാണ്. എന്നിരിക്കെ മുസ്ലിംകള്‍ക്ക് ആനുപാതികവും അര്‍ഹവുമായ അവസരങ്ങള്‍ നല്‍കാന്‍ ആഗ്രഹിക്കുക എന്ന മാനുഷികമായ സമീപനമെങ്കിലും സ്വീകരിക്കാന്‍ എല്ലാവരുമുണ്ടാകുമെന്നാണ് മുസ്ലിം സമൂഹം പ്രതീക്ഷിച്ചത്.
സാംസ്‌കാരിക നായകരില്‍ ചിലരൊഴികെ ഈ സാമുദായിക ധ്രുവീകരണ പ്രസ്താവന കണ്ടില്ലെന്ന് നടിക്കുന്നത് ദുഃഖകരമാണ്.
വെള്ളാപ്പള്ളി പ്രസ്താവനയുടെ പ്രത്യാഘാതം നമ്മുടെ സാമൂഹികമായ സമാധാന സാഹചര്യത്തിന് തന്നെ ഭീഷണിയാണ്.
അതിനാല്‍ നിലവാരത്തിനൊക്കാത്ത തരംതാണ പ്രസ്താവനക്കാരെ അടക്കി നിര്‍ത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും കമ്മിറ്റി പറഞ്ഞു. ജില്ലാ പ്രസിഡന്റ്് കൂറ്റമ്പാറ അബ്ദുറഹ്മാന്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സംസ്ഥാന സെക്രട്ടറി സുലൈമാന്‍ സഖാഫി മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. കെ കെ എസ് തങ്ങള്‍ പെരിന്തല്‍ മണ്ണ, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, പൊന്‍മള മൊയ്തീന്‍ കുട്ടി ബാഖവി, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, സി കെ യു മൗലവി മോങ്ങം, പി എസ് കെ ദാരിമി എടയൂര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, അലവി കുട്ടി ഫൈസി എടക്കര, കെ ടി ത്വാഹിര്‍ സഖാഫി മഞ്ചേരി, പി.എം മുസ്തഫ കോഡൂര്‍, മുഹമ്മദ് ഹാജി മൂന്നിയൂര്‍, കെ പി ജമാല്‍ കരുളായ്, പി കെ ബശീര്‍ ഹാജി പടിക്കല്‍, അലിയാര്‍ ഹാജി വേങ്ങര പങ്കെടുത്തു.







