Editorial
മനമുരുകാം; ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്ക് വേണ്ടി
ഗസ്സാ സിറ്റിയില്‍ നിന്ന് ആ മനുഷ്യര്‍ ഒഴിഞ്ഞു പോകേണ്ടതില്ല; സയണിസ്റ്റ് മോഹം നടക്കില്ല; നടപ്പാക്കാന്‍ മുതിര്‍ന്നാല്‍ വിവരമറിയുമെന്ന് ആരെങ്കിലും നിവര്‍ന്ന് നിന്ന് പറയുന്നത് കേട്ടോ. ഫലസ്തീന്‍ ഐദ്യദാര്‍ഢ്യം എളുപ്പമുള്ള പണിയാണ്. ഇസ്‌റാഈലിന് എതിരെ നില്‍ക്കാനുള്ള ആര്‍ജവമുണ്ടോയെന്നതാണ് ചോദ്യം.

ഗസ്സാ സിറ്റി പിടിച്ചടക്കല്‍ പദ്ധതിക്ക് ഇസ്‌റാഈല്‍ സുരക്ഷാ ക്യാബിനറ്റ് അംഗീകാരം നല്‍കിയിരിക്കുന്നു. ഒട്ടും അപ്രതീക്ഷിതമല്ല ഇത്. തീവ്ര സയണിസ്റ്റുകള്‍ നയിക്കുന്ന നിഗ്രഹസംഘത്തില്‍ നിന്ന് അങ്ങനെയൊരു തീരുമാനമുണ്ടായില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കുപ്രസിദ്ധമായ ഗസ്സാ പ്ലാന്‍ സമ്പൂര്‍ണമായ ആട്ടിയോടിക്കലായിരുന്നുവല്ലോ. ഗസ്സാ മുനമ്പിലെ മുഴുവന്‍ മനുഷ്യരെയും മറ്റൊരിടത്തേക്ക് മാറ്റി ആ പ്രദേശം വിനോദസഞ്ചാര കേന്ദ്രമാക്കാനായിരുന്നു ട്രംപും മരുമകന്‍ ജെറേഡ് കഷ്‌നറും ചേര്‍ന്ന് തയ്യാറാക്കിയ പദ്ധതി. അതിലേക്കുള്ള ആദ്യ ചുവടുവെപ്പാണ് നെതന്യാഹുവിന്റെ ഗസ്സാ സിറ്റി പിടിച്ചടക്കല്‍. തത്കാലം ഗസ്സാ സിറ്റി ഒഴിപ്പിക്കും. തുടര്‍ന്ന് വടക്കന്‍ ഗസ്സയും ദേര്‍ അല്‍ബലഹും ഖാന്‍ യൂനുസും റഫായുമെല്ലാം ഇസ്‌റാഈല്‍ സൈന്യത്തിന്റെ പിടിയിലാക്കും. ഒപ്പം വെസ്റ്റ് ബാങ്കില്‍ ജൂത കൈയേറ്റം ഊര്‍ജിതമാക്കുകയും ചെയ്യും.
ലോകം നിസ്സംഗമായി കണ്ടുനില്‍ക്കുകയാണ് മാനവ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഈ അധിനിവേശം. ബ്രിട്ടനും ഫ്രാന്‍സും തുര്‍ക്കിയയും ആസ്‌ത്രേലിയയും കാനഡയും ചൈനയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുമെല്ലാം ഈ നീക്കത്തെ അപലപിച്ചിട്ടുണ്ട്. ദ്വിരാഷ്ട്ര പരിഹാരമാണ് വേണ്ടതെന്ന് ഇന്ത്യ ആവര്‍ത്തിക്കുന്നു. യു എന്നും തള്ളിപ്പറഞ്ഞിട്ടുണ്ട്. അത്രയും ആശ്വാസം. പക്ഷേ, ഗസ്സാ സിറ്റിയില്‍ നിന്ന് ആ മനുഷ്യര്‍ ഒഴിഞ്ഞു പോകേണ്ടതില്ല; സയണിസ്റ്റ് മോഹം നടക്കില്ല; നടപ്പാക്കാന്‍ മുതിര്‍ന്നാല്‍ വിവരമറിയുമെന്ന് ആരെങ്കിലും നിവര്‍ന്ന് നിന്ന് പറയുന്നത് കേട്ടോ. ഫലസ്തീന്‍ ഐദ്യദാര്‍ഢ്യം എളുപ്പമുള്ള പണിയാണ്. ഇസ്‌റാഈലിന് എതിരെ നില്‍ക്കാനുള്ള ആര്‍ജവമുണ്ടോയെന്നതാണ് ചോദ്യം. എത്ര നിസ്സാരമായാണ് ട്രംപ് ഈ നീക്കത്തോട് പ്രതികരിച്ചത്. എന്തുവേണമെന്ന് ഇസ്‌റാഈല്‍ തീരുമാനിക്കട്ടെയെന്നാണ് അദ്ദേഹം മൊഴിഞ്ഞത്.
സത്യത്തില്‍ സ്വന്തം സൈന്യം തള്ളിപ്പറഞ്ഞ പദ്ധതിയാണ് നെതന്യാഹുവിന്റെ ഗസ്സാ ഒഴിപ്പിക്കല്‍. ഗസ്സാ മുനമ്പ് പിടിച്ചടക്കുന്നത് മാനുഷിക ദുരന്തത്തിലേക്ക് നയിക്കുമെന്നും ബന്ദികളുടെ ജീവന്‍ അപകടത്തിലാക്കുമെന്നും ഇസ്‌റാഈല്‍ പ്രതിരോധ സേനാ (ഐ ഡി എഫ്) മേധാവി ഇയാല്‍ സമീര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരിക്കലും നേടാനാകാത്ത ലക്ഷ്യത്തിന് പിറകെയാണ് നെതന്യാഹുവും വാര്‍ ക്യാബിനറ്റും സഞ്ചരിക്കുന്നതെന്ന് നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു, ഇസ്‌റാഈല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയേല്‍ ഹഗാരി. ഹമാസിനെ നിശ്ശേഷം തുടച്ചു നീക്കുകയും ഗസ്സയിലുള്ള മനുഷ്യരെ മുഴുവന്‍ ആട്ടിയോടിക്കുകയും ചെയ്യുകയെന്നത് നേടാനാകാത്ത ലക്ഷ്യമാണെന്നും അത്രയെളുപ്പം ഒഴിഞ്ഞു പോകുന്ന ജനതയല്ല ഗസ്സയിലുള്ളതെന്നും അദ്ദേഹം ചാനല്‍ 13നോട് പറഞ്ഞത് കഴിഞ്ഞ ജൂണിലാണ്. അക്രമം അവസാനിപ്പിക്കാനും ചര്‍ച്ചക്കും ഇസ്‌റാഈല്‍ പ്രതിപക്ഷ നേതാവ് യേര്‍ ലാപിഡ് നിരന്തരം ആഹ്വാനം ചെയ്യുന്നുണ്ട്. ജനുവരിയില്‍ ഹമാസുമായി ഉണ്ടാക്കിയ വെടിനിര്‍ത്തല്‍ കരാര്‍ ഒന്നാം ഘട്ടം പിന്നിട്ട് രണ്ടും മൂന്നും ഘട്ടത്തിലേക്ക് നീങ്ങുന്നതിനിടെയാണല്ലോ ഏകപക്ഷീയമായി പിന്‍വാങ്ങി നെതന്യാഹു കൂട്ടക്കുരുതിക്ക് ഉത്തരവിട്ടത്. ഇതോടെ ബന്ദികളുടെ ബന്ധുക്കളും നെതന്യാഹുവിന്റെ സൈനിക നീക്കത്തെ തള്ളിപ്പറഞ്ഞു. തെല്‍ അവീവ് അക്ഷരാര്‍ഥത്തില്‍ ജനസാഗരമാക്കിയ ഉജ്വല പ്രക്ഷോഭങ്ങള്‍ അവിടെ അരങ്ങേറി. ഏറ്റവും ഒടുവില്‍ ഗസ്സാ സിറ്റി പിടിച്ചടക്കല്‍ പദ്ധതിയെയും ബന്ദികളുടെ ഉറ്റവര്‍ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. ഇത് നെതന്യാഹുവിനെതിരെയുള്ള നിയമ നടപടികള്‍ മറികടക്കാനുള്ള തന്ത്രമാണെന്നും സ്വന്തം പരാജയം മറച്ചുവെക്കാന്‍ മനുഷ്യക്കുരുതിയും കടന്നു കയറ്റവും മാത്രമേ വഴിയുള്ളൂവെന്നത് പ്രധാനമന്ത്രിയുടെ ഗതികേടാണെന്നും ആക്ടിവിസ്റ്റുകള്‍ തുറന്നടിക്കുന്നു.
ഗസ്സയുടെ 75 ശതമാനം ഭാഗങ്ങളിലും ഇപ്പോള്‍ ഇസ്‌റാഈല്‍ സൈനിക സാന്നിധ്യമുണ്ട്. ഗസ്സക്കാര്‍ക്ക് അനങ്ങാന്‍ വയ്യ. ഓരോ ദിവസവും പുതിയ ഉത്തരവുകളുമായി ഇസ്‌റാഈല്‍ സൈന്യം വരും. വടക്ക് നിന്ന് തെക്കോട്ട് പലായനം ചെയ്യാന്‍ തീട്ടൂരമിറക്കും. തിരിച്ചും. ഉള്ളത് പെറുക്കി യാത്രക്കിറങ്ങുന്നവരെ വഴിയില്‍ വെച്ച് ബോംബിട്ട് കൊല്ലും. ഗസ്സാ ഹ്യൂമാനിറ്റേറിയന്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ യു എസ്- ഇസ്‌റാഈല്‍ നിയന്ത്രണത്തില്‍ ഉണ്ടാക്കിയ ഏജന്‍സി സഹായ വിതരണം ഏറ്റെടുത്തതിന്റെ പരിണതി ഭീകരമായിരുന്നു. അന്താരാഷ്ട്ര സമ്മര്‍ദത്തിനൊടുവില്‍ കൊണ്ടുവന്ന ഈ സംവിധാനം കൂടുതല്‍ മനുഷ്യരെ കൊല്ലാന്‍ വേണ്ടിയുള്ളതായിരുന്നു. ഭക്ഷണത്തിന് വരി നിന്ന വിശന്നൊട്ടിയവര്‍ക്ക് മേല്‍ നിരന്തരം മിസൈലുകള്‍ പതിച്ചു. ഈ നെറികേടുകള്‍ക്കെതിരെ ശബ്ദിക്കാനും ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടി മനമുരുകാനുമുള്ള ബാധ്യത ഓരോ മനുഷ്യനുമുണ്ട്. അല്ലെങ്കില്‍ പിന്നെ മനുഷ്യനെന്ന മേല്‍വിലാസത്തിന് എന്തര്‍ഥമാണുള്ളത്. ഇന്ന് പകല്‍ നോമ്പെടുത്ത്, ഗസ്സക്കാര്‍ക്കായി മഗ്‌രിബ് നിസ്‌കാരാനന്തരം കുടുംബ സമേതം ഒത്തുചേര്‍ന്ന് പ്രാര്‍ഥിക്കാനുള്ള ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ആഹ്വാനം അത്യന്തം പ്രസക്തവും മനുഷ്യത്വപരവുമാണ്. ഉസ്താദ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ഇങ്ങനെ കുറിക്കുന്നു: “ഒരിക്കലും നീതീകരിക്കാനാകാത്ത വംശഹത്യയാണ് ഗസ്സയില്‍ ചെയ്തുകൂട്ടുന്നത്. സര്‍വവും നഷ്ടപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും മുഴുപട്ടിണിയില്‍ സന്നദ്ധ സംഘടനകള്‍ വിതരണം ചെയ്യുന്ന കേവല ഭക്ഷണപ്പൊതികള്‍ക്ക് കാത്തുനില്‍ക്കുന്നവര്‍ക്കും നേരെ പോലും വെടിയുതിര്‍ക്കാന്‍ മുതിരുന്നത് എത്ര കിരാതമായ ആശയമാണ് അക്രമികളെ നയിക്കുന്നതെന്ന് ലോകത്തെ ബോധ്യപ്പെടുത്തുന്നുണ്ട്’.