local body election 2025
അങ്ങാടിപ്പുറത്ത് യു ഡി എഫ് ഭരണം കനത്ത പരാജയമെന്ന് ഇടതുമുന്നണി
കഴിഞ്ഞ അഞ്ചുവർഷം യു ഡി എഫ് നടത്തിയത് ജനദ്രോഹഭരണവും കൊള്ളയുമായിരുന്നു. സ്വജന പക്ഷപാതവും അഴിമതിയും മാത്രമായിരുന്നു ഭരണത്തിന്റെ മറവിൽ നടന്നത്. പൊതു പ്രവർത്തകർക്കും ജനസേവകർക്കും പകരം റിയൽ എസ്റ്റേറ്റ് താത്പര്യക്കാരും കുടുംബ വാഴ്ചക്കാരും പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലാക്കി.
മങ്കട | അങ്ങാടിപ്പുറം പഞ്ചായത്തിൽ കഴിഞ്ഞ യു ഡി എഫ് ഭരണം കനത്ത പരാജയമെന്ന് ഇടതുമുന്നണി നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം യു ഡി എഫ് നടത്തിയത് ജനദ്രോഹഭരണവും കൊള്ളയുമായിരുന്നു. സ്വജന പക്ഷപാതവും അഴിമതിയും മാത്രമായിരുന്നു ഭരണത്തിന്റെ മറവിൽ നടന്നത്.
പൊതു പ്രവർത്തകർക്കും ജനസേവകർക്കും പകരം റിയൽ എസ്റ്റേറ്റ് താത്പര്യക്കാരും കുടുംബ വാഴ്ചക്കാരും പഞ്ചായത്തിലെ ജനങ്ങളെ ദുരിതത്തിലാക്കി.
ജനക്ഷേമ താത്പര്യമോ വികസന കാഴ്ചപ്പാടോ ഇല്ലാത്തവർ ഭരണത്തിൽ വന്നതിന്റെ കെടുതിയാണ് ജനം അനുഭവിച്ചത്. മാലിന്യ സംസ്കരണത്തിൽ ഉൾപ്പെടെ വമ്പിച്ച അഴിമതി നടന്നു.
സംസ്ഥാന സർക്കാറിന്റെ ഫണ്ടും തനത് ഫണ്ടും വിനിയോഗിക്കുന്നതിൽ ഗുരുതരമായ അനാസ്ഥ കാണിച്ചു.
2901 പ്രെജക്ടുകൾ അംഗീകരിച്ചതിൽ 859 പദ്ധതികൾ നടപ്പാക്കിയില്ല. പദ്ധതി വിഹിതം ചെലവഴിച്ചതിൽ പഞ്ചായത്തിന്റെ സ്ഥാനം സംസ്ഥാന തലത്തിൽ 812 മത് ആണ്. 44.49 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചതിൽ 34.02 രൂപ മാത്രമാണ് വിനിയോഗിച്ചത്. 10.37 കോടി രൂപ യു ഡി എഫ് ഭരണ സമിതിയുടെ പിടിപ്പുകേട് മൂലം നഷ്ടമായി. പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ വികസന പ്രവർത്തനങ്ങൾക്ക് ഫണ്ടുകൾ അനുവദിച്ചില്ല.
ക്ഷേമ പെൻഷനുകൾ അർഹരായവരിലേക്ക് എത്തിക്കുന്നതിൽ കാലതാമസം വരുത്തി. 8.60 ലക്ഷം രൂപ ഈയിനത്തിൽ ജനങ്ങൾക്ക് നഷ്ടപ്പെടുത്തിയെന്നും ഇവര്‍ ആരോപിച്ചു.
പത്ര സമ്മേളനത്തിൽ ഇടതുമുന്നണി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സെക്രട്ടറി എ ഹരി, അഡ്വ. ടി കെ റഷീദലി, കെ ടിനാരായണൻ, പി പത്മജ പങ്കെടുത്തു.



