From the print
മന്ത്രിമാരുടെ പ്രവർത്തനം മികച്ചതെന്ന് മുസ്ലിം ലീഗ് വിലയിരുത്തൽ
പി എം ശ്രീ മുൻ സർക്കാറിന്റെ കെണി- കുഞ്ഞാലിക്കുട്ടി
കോഴിക്കോട് | പാർട്ടി മന്ത്രിമാരുടെയും എം എൽ എമാരുടെയും പ്രവർത്തനം മികച്ചതെന്ന് മുസ്ലിം ലീഗ് വിലയിരുത്തൽ. ഇന്നലെ കോഴിക്കോട്ട് നടന്ന സംസ്ഥാന കമ്മിറ്റി യോഗം രണ്ട് മാസത്തെ സർക്കാറിന്റെ പ്രവർത്തനങ്ങളും പാർട്ടി മന്ത്രിമാരുടെയും എം എൽ എമാരുടെയും പ്രവർത്തനങ്ങളും വിലയിരുത്തി. മുസ്‌ലിംലീഗിന്റെ ചരിത്രത്തിലെ സുവർണകാലമാണ് ഇപ്പോഴെന്ന് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. മുൻകാലത്തെ അപേക്ഷിച്ച് പാർട്ടി പതിന്മടങ്ങ് മുന്നോട്ടുപോയെന്ന് യോഗശേഷം നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഭിമാനകരമായ ഒട്ടേറെ നേട്ടങ്ങൾ ഇക്കാലത്ത് സ്വന്തമാക്കി. ഡൽഹി ഖാഇദെ മില്ലത്ത് സെന്റർ, മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതി, 22 എം എൽ എമാരുമായി നിയമസഭാ തിരഞ്ഞെടുപ്പിലെ ചരിത്രവിജയം തുടങ്ങി ഒട്ടേറെ മികവുകൾ ഈ കാലയളവിൽ പാർട്ടിക്കുണ്ടായെന്നും അദ്ദേഹം പറഞ്ഞു. പി എം ശ്രീ പദ്ധതി കഴിഞ്ഞ ഇടതുമുന്നണി സർക്കാർ ഉണ്ടാക്കിയ കെണിയാണെന്നും ഉപസമിതി റിപോർട്ട് വന്നതിനുശേഷം അന്തിമ തീരുമാനമെടുക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖ്ഫ് വിഷയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ കോടതി പരിഗണിക്കുകയാണെന്നും എല്ലാ വശങ്ങളും പരിശോധിച്ചശേഷം ഉചിതമായ നിലപാട് സ്വീകരിക്കുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങി സുസ്ഥിരമായി പ്രതിസന്ധി പരിഹരിക്കാൻ യു ഡി എഫ് സർക്കാർ ഒപ്പിട്ട കരാർ ഇടതുസർക്കാർ ഇല്ലാതാക്കിയതാണ് ഇപ്പോഴത്തെ വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം ലീഗ് മന്ത്രിമാരും യു ഡി എഫ് മന്ത്രിസഭയും മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നതെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. അഴീക്കോട്, കൂത്തുപറമ്പ്, ഗുരുവായൂർ മണ്ഡലങ്ങളിൽ നേരിയ വോട്ടുകൾക്ക് പാർട്ടി പരാജയപ്പെട്ട സാഹചര്യം പഠിക്കാൻ അന്വേഷണ സമിതിയെ തീരുമാനിച്ചു. അഴീക്കോട് (എം സി മായിൻ ഹാജി, എ കെ എം അഷ്‌റഫ് എം എൽ എ), കൂത്തുപറമ്പ് (ഉമർ പാണ്ടികശാല, എൻ എ നെല്ലിക്കുന്ന്), ഗുരുവായൂർ (ടി എം സലീം, ടി വി ഇബ്റാഹീം എം എൽ എ) എന്നിവരാണ് സമിതി അംഗങ്ങൾ.
#IUML #KeralaPolitics #Kozhikode #PKKunhalikutty #UDFKerala #MuslimLeague #PoliticalNews
Content Highlights: The Muslim League state committee meeting in Kozhikode evaluated the excellent performance of its ministers and MLAs. Minister PK Kunhalikutty stated that the party has moved forward tenfold compared to the past. The party also appointed inquiry panels to study narrow defeats in specific constituencies.



