Connect with us

From the print

കരിപ്പൂരില്‍ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കണം: ഹജ്ജ് കമ്മിറ്റി

ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിവേദനം നല്‍കും.

Published

|

Last Updated

കൊണ്ടോട്ടി | കരിപ്പൂര്‍ വിമാനത്താവള റണ്‍വേ ബലപ്പെടുത്തല്‍ ജോലികള്‍ പൂര്‍ത്തിയായതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് സര്‍വീസ് നടത്തുന്നതിന് അനുമതി നല്‍കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിവേദനം നല്‍കും. ഹജ്ജ് ക്യാമ്പുകള്‍ കഴിഞ്ഞുള്ള കാലയളവുകളില്‍ സെമിനാറുകള്‍ക്കും മറ്റും ഹജ്ജ് ഹൗസിന്റെ രണ്ട് കെട്ടിടങ്ങളും വ്യവസ്ഥകളോടെ വാടകക്ക് നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി തീരുമാനമെടുത്തു. ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കും.

ഇത്തവണ ക്യാമ്പുകള്‍ നടന്ന കരിപ്പൂര്‍, കൊച്ചി, കണ്ണൂര്‍ പുറപ്പെടല്‍ കേന്ദ്രങ്ങളുടെ പ്രവര്‍ത്തന റിപോര്‍ട്ടും കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഉണ്ടായ പുരോഗതികളും യോഗം വിലയിരുത്തി. ഈ വര്‍ഷം സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും പരിധിയില്‍പ്പെട്ട മുഴുവന്‍ കാര്യങ്ങളും മുന്‍ വര്‍ഷങ്ങളെക്കാള്‍ ഏറ്റവും മെച്ചപ്പെട്ട നിലയില്‍ നടത്തിയിട്ടുണ്ട്. മക്കയിലും മദീനയിലും താമസവും ഭക്ഷണവും വളണ്ടിയര്‍മാരുടെ പ്രവര്‍ത്തനവും കോ-ഓര്‍ഡിനേറ്റ് ചെയ്യാന്‍ സംസ്ഥാന സര്‍ക്കാറും ഹജ്ജ് മന്ത്രി വി അബ്ദുര്‍ റഹ്മാനും നോഡല്‍ ഓഫീസറായി ജാഫര്‍ മാലികിനെ ചുമതലപ്പെടുത്തിയതും ഉപകാരപ്പെട്ടു. മക്കയിലും മദീനയിലും മികച്ച താമസ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ കേന്ദ്ര സര്‍ക്കാറിനെയും അഭിനന്ദിച്ചു.

സംസ്ഥാന ഹജ്ജ് കമ്മിറ്റി വിജയകരമായി പൂര്‍ത്തിയാക്കിയ ഹജ്ജ് ക്രമീകരണങ്ങളെക്കുറിച്ച് തെറ്റായി ചിത്രീകരിക്കുന്ന റിപോര്‍ട്ടുകള്‍ അനുചിതവും ദുരുദ്ദേശ്യപരവുമാണ്. സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടെയും പരിധിയില്‍പ്പെട്ട മുഴുവന്‍ പ്രവര്‍ത്തനങ്ങളും ശ്ലാഘനീയമായി നിര്‍വഹിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങള്‍ സ്വാഭാവികമാണെന്നും കമ്മിറ്റി വിലയിരുത്തി.

ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഡ്വ. പി മൊയ്തീന്‍കുട്ടി, ഡോ. ഐ പി അബ്ദുസ്സലാം, കെ പി സുലൈമാന്‍ ഹാജി, കടയ്ക്കല്‍ അബ്ദുല്‍ അസീസ് മൗലവി, ഉമര്‍ ഫൈസി മുക്കം, സഫര്‍ കയാല്‍ കൊല്ലം, പി ടി അക്ബര്‍, പി പി മുഹമ്മദ് റാഫി നീലേശ്വരം, മുഹമ്മദ് കാസിം കോയ പൊന്നാനി, എക്സിക്യൂട്ടീവ് ഓഫീസര്‍ പി എം ഹമീദ്, അസി. സെക്രട്ടറി എന്‍ മുഹമ്മദലി സംബന്ധിച്ചു.

 

Latest