Connect with us

National

ഭൂമി ഇടിയലിന് കാരണം തുരങ്ക നിര്‍മ്മാണമല്ല; ജോഷിമഠിലെ ഭൗമ പ്രതിഭാസത്തില്‍ വിശദീകരണവുമായി എന്‍ടിപിസി

വിള്ളലുകളുടെ പ്രധാന കാരണം എന്‍ടിപിസിയുടെ തുരങ്ക നിര്‍മ്മാണമാണെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം.

Published

|

Last Updated

ന്യൂഡല്‍ഹി| ജോഷിമഠില്‍ ഭൂമി ഇടിഞ്ഞു വീഴുന്ന പ്രതിഭാസത്തില്‍ വിശദീകരണവുമായി നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍(എന്‍ടിപിസി). ജലവൈദ്യുതി പദ്ധതിയുടെ ഭാഗമായുള്ള തുരങ്കം ജോഷിമഠിലൂടെ കടന്നുപോകുന്നില്ലെന്നും തുരങ്കത്തിന്റെ നിര്‍മ്മാണം മൂലം ഭൂമി ഇടിയാന്‍ സാധ്യതയില്ലെന്നും എന്‍ടിപിസി വിശദീകരിച്ചു. ജോഷിമഠില്‍ നിന്ന് 11 കിലോമീറ്റര്‍ അകലെയുള്ള തുരങ്കത്തിനാണ് സ്‌ഫോടനം നടത്തുന്നത്. 12 കിലോമീറ്റര്‍ തുരങ്കത്തിന് നാല് കിലോമീറ്റര്‍ മാത്രമാണ് സ്‌ഫോടനം നടത്തുന്നതെന്നും എന്‍ടിപിസി ചീഫ് ജനറല്‍ മാനേജര്‍ ആര്‍.പി അഹിര്‍വാര്‍ പറഞ്ഞു. ബാക്കിയുള്ള സ്ഥലങ്ങളില്‍ സ്ഫോടനം നടത്താതെയാണ് തുരങ്കം നിര്‍മ്മിക്കുന്നത്. ഇക്കാരണത്താല്‍ പ്രദേശവാസികളുടെ ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്നും ഇത് സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും ജനറല്‍ മാനേജര്‍ പറഞ്ഞു.

വിള്ളലുകളുടെ പ്രധാന കാരണം എന്‍ടിപിസിയുടെ തുരങ്ക നിര്‍മ്മാണമാണെന്നായിരുന്നു പ്രദേശവാസികളുടെ ആരോപണം. ഈ ആരോപണം എന്‍ടിപിസി നിഷേധിച്ചിരുന്നു. അതേസമയം, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിച്ച സമിതികളോട് എത്രയും വേഗം ഇതിന്റെ പഠന റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രം നിര്‍ദേശിച്ചിട്ടുണ്ട്. പരമാവധി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജോഷിമഠിന്റെ സമീപപ്രദേശങ്ങളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെല്ലാം സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.