Connect with us

Kerala

ഇടുക്കിയിലെ ഭൂവിനിയോഗ പ്രശ്‌നങ്ങള്‍; ഭൂപതിവ് നിയമത്തില്‍ ഭേദഗതിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍

1960ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി

Published

|

Last Updated

തിരുവനന്തപുരം |  ഭൂപതിവ് നിയമത്തില്‍ ഭേദഗതി വരുത്താനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനാണ് 1960ലെ ഭൂപതിവ് നിയമത്തില്‍ ഭേദഗതിക്ക് തയ്യാറെടുക്കുന്നത്. ഭേദഗതി ബില്‍ ഈ മാസം 23ന് ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു.

1960ലെ ഭൂപതിവ് നിയമത്തില്‍ വകമാറ്റിയുള്ള ഉപയോഗം ക്രമീകരിക്കുന്നതിന് ചട്ടങ്ങളുണ്ടാക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കുന്ന പുതിയ വകുപ്പ് ചേര്‍ക്കാനാണ് നിയമ ഭേദഗതി. ഇതിന്റെ തുടര്‍ച്ചയായി ബന്ധപ്പെട്ട ഭൂപതിവ് ചട്ടങ്ങളും ഭേദഗതി ചെയ്യും. ജീവിതോപാധിക്കായി നടത്തിയ ചെറു നിര്‍മ്മാണങ്ങളും കാര്‍ഷികാവശ്യത്തിനായി അനുവദിക്കപ്പെട്ട ഭൂമിയുടെ വകമാറ്റിയുള്ള ഉപയോഗവും ക്രമീകരിക്കുന്നതിനാകണം നിയമ ഭേദഗതിയും ചട്ട നിര്‍മ്മാണവും എന്ന് യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇതിനായി അപേക്ഷ ഫീസും ക്രമവല്‍ക്കരിക്കുന്നതിനുള്ള പ്രത്യേക ഫീസും ഈടാക്കുന്നത് സംബന്ധിച്ച വ്യവസ്ഥകള്‍ ചട്ടത്തില്‍ ഉള്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി.

1500 സ്‌ക്വയര്‍ ഫീറ്റിന് മുകളില്‍ വിസ്തീര്‍ണ്ണമുള്ള നിര്‍മ്മിതികള്‍ ക്രമപ്പെടുത്തേണ്ടി വരികയാണെങ്കില്‍ ഉയര്‍ന്ന ഫീസുകള്‍ ഈടാക്കുന്നത് പരിഗണിക്കും. ക്രമപ്പെടുത്തല്‍ നടത്തുമ്പോള്‍ പൊതു കെട്ടിടങ്ങളെ പ്രത്യേകമായി പരിഗണിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തൊഴില്‍ശാലകള്‍, വാണിജ്യകേന്ദ്രങ്ങള്‍, മതപരമോ സാംസ്‌കാരികമോ വിനോദപരമോ ആയ സ്ഥാപനങ്ങള്‍, പൊതു ഉപയോഗത്തിനുള്ള നിര്‍മ്മാണങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ക്ലിനിക്കുകള്‍/ആരോഗ്യകേന്ദ്രങ്ങള്‍, ജുഡീഷ്യല്‍ ഫോറങ്ങള്‍, ബസ്സ് സ്റ്റാന്റുകള്‍, റോഡുകള്‍, പൊതുജനങ്ങള്‍ വ്യാപകമായി ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ എന്നിവയെ പരിഗണിക്കും.

ഇതിന് പുറമെ 2016ലെ ഭിന്നശേഷിക്കാരുടെ അവകാശം നിയമപ്രകാരം പൊതു കെട്ടിടങ്ങളെന്ന് നിര്‍വചിച്ചിട്ടുള്ളവയേയും ഒഴിവാക്കും. ഇത് സംബന്ധിച്ച ചട്ടങ്ങള്‍ തയ്യാറാക്കാന്‍ റവന്യൂ നിയമ വകുപ്പ് സെക്രട്ടറിമാര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഇടുക്കി, തൊഴുപുഴ താലൂക്കുകളിലെ അറക്കുളം, ഉടുമ്പന്നൂര്‍, വെള്ളിയാമറ്റം, കഞ്ഞിക്കുഴി, ഇടുക്കി വില്ലേജുകളിലെ ഏതാണ്ട് ഇരുപതിനായിരത്തോളം ഗുണഭോക്താക്കളില്‍ 10,390 പേര്‍ സമര്‍പ്പിച്ച അപേക്ഷകള്‍, ഉടുമ്പന്‍ചോല താലൂക്കിലെ ഇരട്ടയാര്‍ വില്ലേജില്‍ ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന 60 കൈവശക്കാര്‍ക്ക് പട്ടയം ലഭ്യമാക്കല്‍, ഇടുക്കി പദ്ധതി പ്രദേശത്ത് മൂന്ന് ചെയിന്‍ മേഖലയ്ക്കു പുറത്ത് പട്ടയം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവ് ഇരട്ടയാര്‍ ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തെ കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ ഉള്‍പ്പെടുന്ന പ്രദേശത്തിനുകൂടി ബാധകമാക്കല്‍, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ അയ്യപ്പന്‍കോവില്‍, കാഞ്ചിയാര്‍, രാജക്കാട്, കൊന്നത്തടി, കുഞ്ചിത്തണ്ണി വില്ലേജുകളിലെ ഇടുക്കി ഡാമിന്റെ മൂന്ന് ചെയിന്‍ പ്രദേശം, കല്ലാര്‍കുട്ടി, ചെങ്കുളം ഡാമുകളുടെ പത്ത് ചെയിന്‍ പ്രദേശം എന്നിവിടങ്ങളിലെ കൈവശക്കാരുടെ ഏതാണ്ട് 5470 അപേക്ഷകള്‍, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ രാജാക്കാട്, കൊന്നത്തടി, വില്ലേജുകളില്‍ പൊന്‍മുടി ഡാമിന്റെ പത്ത് ചെയിന്‍ പ്രദേശത്തിനു പുറത്ത് കിടക്കുന്ന പ്രദേശത്തെ ഏതാണ്ട് 150 ഗുണഭോക്താക്കളുടെ അപേക്ഷകള്‍, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വണ്ടന്‍മേട്, കല്‍ക്കൂന്തല്‍, പാറത്തോട്, ആനവിലാസം, കൊന്നത്തടി, ഉപ്പുതോട്, വാത്തിപ്പൊടി, അയ്യപ്പന്‍കോവില്‍, കട്ടപ്പന, കാഞ്ചിയാര്‍, രാജക്കാട്, പൂപ്പാറ, ശാന്തപ്പാറ വില്ലേജുകളിലെ ഏതാണ്ട് 5800 അപേക്ഷകള്‍, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വിവിധ കടകള്‍ക്ക് പട്ടയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള 1500 അപേക്ഷകള്‍, ഉടുമ്പന്‍ചോല, ദേവികുളം താലൂക്കുകളിലെ ആനവിരട്ടി, പള്ളിവാസല്‍, കെ.ഡി.എച്ച്, വെള്ളത്തൂവല്‍, ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ആനവിലാസം, മൂന്നാര്‍, ഇടമലക്കുടി വില്ലേജുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിരാക്ഷേപ പത്രം അനുവദിക്കല്‍, ദേവികുളം താലൂക്കിലെ മന്നാങ്കണ്ടം വില്ലേജിലെ ഏതാണ്ട് 700 ഗുണഭോക്താക്കളുടെ അപേക്ഷകള്‍ എന്നീ വിഷയങ്ങളില്‍ ഉടനെ തീരുമാനമെടുക്കാനും യോഗം നിശ്ചയിച്ചു.

 

Latest