National
ലക്ഷദ്വീപിൽ പ്രതിഷേധാഗ്നി; മദ്യനിരോധനം പിൻവലിച്ചതിനെതിരെ ദേശീയ പതാകയേന്തി കവരത്തിയിൽ മാർച്ച്
ലക്ഷദ്വീപിൽ കഴിഞ്ഞ 46 വർഷമായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നയം പിൻവലിച്ച ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് ദേശീയ പതാകയേന്തി കവരത്തി സ്ക്കൂൾ സ്‌റ്റേഡിയം ഗ്രൗണ്ടിൽ പ്രതിഷേധം നടത്തിയത്.
കവരത്തി | ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026 പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കവരത്തി ദ്വീപിൽ സർവകക്ഷി പൊതുജന പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. ലക്ഷദ്വീപിൽ കഴിഞ്ഞ 46 വർഷമായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നയം പിൻവലിച്ച ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെയാണ് ദേശീയ പതാകയേന്തി കവരത്തി സ്ക്കൂൾ സ്‌റ്റേഡിയം ഗ്രൗണ്ടിൽ പ്രതിഷേധം നടത്തിയത്.
എന്നും ശാന്തിയും സൗഹാർദ്ദവും കാത്തുസൂക്ഷിക്കുന്ന ലക്ഷദ്വീപിൽ സന്ദർശകരെ ഇളനീർ നൽകി സ്നേഹപൂർവം സ്വീകരിച്ചിരുന്ന സംസ്കാരം നിലനിൽക്കുമ്പോൾ, മദ്യം നൽകി സ്വീകരിക്കേണ്ട സാഹചര്യം എന്തിനാണെന്ന് സമ്മേളനത്തെ അഭിസംബോധന ചെയ്ത ഖത്തീബ് മുഹമ്മദ് സഖാഫി ചോദിച്ചു. ഇത്തരം നയപരമായ മാറ്റങ്ങൾ ദ്വീപ് നിവാസികൾക്ക് മാത്രമല്ല, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ മാത്രമായി എത്തുന്ന സന്ദർശകർക്കും കൂടുതൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആഷിഖ് ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഹംസക്കോയ സഖാഫി പ്രാർഥന നിർവഹിച്ചു. ലക്ഷദ്വീപിലെ പ്രധാന രാഷ്ട്രീയ പാർട്ടികളായ കോൺഗ്രസ്, എൻ സി പി (എസ് പി), സി പി ഐ (എം) എന്നിവയുടെ പ്രതിനിധികളും വിവിധ സന്നദ്ധ സംഘടനകളുടെ പ്രവർത്തകരും റാലിയിൽ പങ്കെടുത്തു.
Content Highlights
An all-party public protest march was held in Kavaratti against the Lakshadweep Excise Regulation 2026, which withdraws the 46-year-old liquor ban policy. Leaders from Congress, NCP SP, and CPM along with social activists participated in the massive rally holding the national flag.





