Kuwait
കുവൈത്തില്‍ വിദേശ നിക്ഷേപകര്‍ക്ക് 15 വര്‍ഷത്തെ താമസരേഖ അനുവദിക്കാന്‍ ആലോചന

കുവൈത്ത് സിറ്റി | കുവൈത്തില്‍ നിക്ഷേപകരായ പ്രവാസികള്‍ക്ക് അഞ്ച് മുതല്‍ 15 വര്‍ഷം വരെ കാലാവധിയുള്ള താമസരേഖ അനുവദിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. ചില ഗള്‍ഫ് രാജ്യങ്ങള്‍ ഈയിടെ നടപ്പിലാക്കിയ പദ്ധതിക്ക് സമാനമായാണ് ഇതെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക അറബ് ദിന പത്രം റിപ്പോര്‍ട്ട് ചെയ്തു. പ്രവാസി നിക്ഷേപകര്‍, വാണിജ്യ പദ്ധതി ഉടമകള്‍, ചില സ്ഥാപനങ്ങളുടെ ഉടമകള്‍ മുതലായ വിഭാഗങ്ങള്‍ക്കാണ് ഈ സൗകര്യം അനുവദിക്കുക. ദേശീയ സമ്പദ് വ്യവസ്ഥ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇത്. ദേശീയ സമ്പദ് വ്യവസ്ഥക്ക് താങ്ങായി നില്‍ക്കുന്ന പ്രവാസി സംരംഭകര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് സംവിധാനത്തിന്റെ ആവശ്യമില്ലാത്ത തരത്തില്‍ താമസരേഖ തൊഴില്‍, അനുമതി രേഖ സമ്പ്രദായങ്ങള്‍ ഭേദഗതി ചെയ്യാനും രാജ്യത്ത് റസിഡന്‍സി രൂപങ്ങള്‍ വൈവിധ്യവത്കരിക്കാനും സര്‍ക്കാര്‍ നീക്കം നടത്തുന്നുണ്ട്.
രാജ്യത്തിനകത്ത് പദ്ധതികള്‍ നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്ന പ്രവാസി നിക്ഷേപ ഉടമകളെയോ നിലവിലുള്ള പദ്ധതികളുടെ ഉടമകളെയോ ലക്ഷ്യമിടുന്നതാണ് പദ്ധതി. നിലവിലെ ആര്‍ട്ടിക്കിള്‍ 18 ലാണ് ഇവര്‍ക്ക് താമസരേഖ അനുവദിക്കുക. ഇതിന് 15 വര്‍ഷം വരെ കാലാവധി ഉണ്ടായിരിക്കും. നിലവിലെ സ്പോണ്‍സര്‍ഷിപ്പ് സമ്പ്രദായം തികച്ചും ഇല്ലാതാക്കുന്നതാണ് നടപടി. രാജ്യത്തേക്ക് വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനും കമ്പനി ഉടമകള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം നല്‍കുന്നതിനും പദ്ധതി വഴി സാധ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.