Cover Story
"ഭൂതം' ഉറങ്ങുന്ന കറാനി വീട്
ഇതു കേവലം ഒരു പരമ്പരാഗത വീടല്ല. പഴയ തലമുറയെയും അവരുടെ കൈവിരുതുകളെയും പുതുതലമുറയുടെ കണ്ണിലും കാതിലും എത്തിക്കാനും ഓര്‍ത്തെടുക്കാനുമുള്ള ചരിത്രശേഷിപ്പുകളുടെ ഭൂതകാലം ഉറങ്ങുന്ന കലവറകൂടിയാണ്. തുറന്നിട്ട പ്രവേശന കവാടത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ എഴുത്തുപെട്ടിയാണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ പിന്നീടങ്ങോട്ട് പുരാവസ്തുക്കളുടെ അത്ഭുതലോകമാണ്.
സമയം സന്ധ്യ മയങ്ങി. കുറ്റിച്ചിറപള്ളിയില് നിന്ന് മഗ്്രിബ് ബാങ്കൊലി കേള്‍ക്കാം. കുറ്റിച്ചിറ കുളത്തിന്റെ ചുറ്റുമതിലില്‍ ഇളം കാറ്റേറ്റു സൊറപറഞ്ഞിരുന്ന വയോധികര്‍ ഒന്നൊന്നായി പള്ളിയിലേക്കു നീങ്ങി. അവരില്‍ ഒരാള്‍ അതിവിശാലമായ കുളത്തിനപ്പുറത്തേക്കു കൈചൂണ്ടി പറഞ്ഞു…”ങ്ങള് ദേ ഇദ്്ലെ നേരെ അങ്ങട് പോയ്ക്കോളിന്‍… അബിടെ ആ വളവില്‍ ഒരു ബേക്കറി ഇണ്ട്. അതിനപ്പുറത്തു ഇടത്തോട്ടുതിരിയുന്ന മതിമ്മേല് കാണാം കറാനി ബീടെന്ന്’. ആതിഥ്യ മര്യാദക്കും സത്കാരത്തിനും പേരുകേട്ട കോഴിക്കോട്ടുകാർക്ക് പറയാന്‍ ചരിത്രപാഠങ്ങളേറെയുണ്ടെങ്കിലും മലയാളിക്കു മറക്കാനാകാത്ത മറ്റു പലതുമുണ്ട് അവിടെ. നഗരത്തില്‍ നിന്ന് ആളൊഴിഞ്ഞകോണില് കുറ്റിച്ചിറ – ഇടിയങ്ങര റോഡില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കറാനി വീടിലെ വിശേഷങ്ങള്‍ ഏറെയാണ്.
ഇതു കേവലം ഒരു പരമ്പരാഗത വീടല്ല. പഴയ തലമുറയെയും അവരുടെ കൈവിരുതുകളേയും പുതുതലമുറയുടെ കണ്ണിലും കാതിലും എത്തിക്കാനും ഓര്‍ത്തെടുക്കാനുമുള്ള ചരിത്രശേഷിപ്പുകളുടെ ഭൂതകാലം ഉറങ്ങുന്ന കലവറകൂടിയാണ്. തുറന്നിട്ട പ്രവേശന കവാടത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള കൂറ്റന്‍ എഴുത്തുപെട്ടിയാണ് നമ്മെ വരവേല്‍ക്കുന്നതെങ്കില്‍ പിന്നീടങ്ങോട്ടു പുരാവസ്തുക്കളുടെ അത്ഭുതലോകമാണ്.
വീടിനുള്ളിലെ ചാരുകസേരയില്‍ ചാരിക്കിടന്നുകൊണ്ട് സ്വന്തം പ്രയത്നത്താല്‍ ഈ വമ്പന്‍ പുരാവസ്തു ശേഖരം സംഘടിപ്പിച്ച 69 കാരനായ അബ്ദുല്‍ ജബ്ബാര്‍ ആ കഥകള്‍ വിവരിക്കുമ്പോള്‍ പൊയ്പ്പോയ നൂറ്റാണ്ടിന്റെ മാസ്മരിക ലോകത്താണോ നമ്മള് വന്നുപെട്ടതെന്ന തോന്നലുണ്ടാകും. വര്‍ഷങ്ങൾക്ക് മുമ്പ് ഒരിക്കല്‍ പാളയത്ത് നില്ക്കുമ്പോള് കടയില്‍ പിത്തളയില്‍ നിർമിച്ച ഒരു ചിമ്മിനി വിളക്ക് കണ്ടു അതിനോട് എന്തോ ഒരു ഇഷ്ടം തോന്നി. ഒരു കൗതുകത്തിന് നൂറുരൂപ കൊടുത്ത് അതു വാങ്ങി. വീട്ടില്‍ വന്നശേഷം പിന്നീട് ഇതിന്റെ പല വലിപ്പത്തിലുള്ളത് വാങ്ങണമെന്ന തോന്നലില്‍ അതും വാങ്ങി. തുടർന്ന് നൂറ്റാണ്ടുകള്‍ പഴക്കംചെന്ന വീട്ടിലെതന്നെ പഴയ ഉപകരണങ്ങള്‍ തേടിപ്പിടിച്ച് അതും സൂക്ഷിച്ചുവെച്ചു – നരച്ച താടിയില്‍ കൈകള്‍ ഓടിച്ചുകൊണ്ടു അബ്ദുല്‍ ജബ്ബാര്‍ പറഞ്ഞു.
പിന്നീടാണ് പുരാവസ്തുക്കള്‍ സൂക്ഷിക്കണമെന്ന യഥാർഥ ചിന്ത മനസ്സില്‍ ഉടലെടുത്തത്. കാരണവന്മാര് ഉപേക്ഷിച്ച പൗരാണിക വസ്തുക്കള്‍ ഒന്നൊന്നായി പെറുക്കിയെടുത്ത് കഴുകി വൃത്തിയാക്കി വീടിന്റെ ഉമ്മറത്ത് സൂക്ഷിക്കാന്‍ അതു പ്രേരണയായി. തുടര്‍ന്നാണ് വിവിധ രൂപത്തിലുള്ള പനിനീര്ക്കുപ്പികള് ശേഖരിക്കുന്നത്. അവിടുന്നങ്ങോട്ട് പഴയ തലമുറ ഉപയോഗിച്ചിരുന്നതും പൗരാണികമെന്ന് തോന്നുന്നതുമായ എല്ലാ സാധനങ്ങളും വാങ്ങിക്കാന്‍ തുടങ്ങി. അതിനായി ഒരുപാട് യാത്ര ചെയ്യേണ്ടി വന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ് തിരൂരില്‍നിന്ന് അക്കാലത്തെ തപാല്‍പ്പെട്ടി ലേലത്തില്‍ വാങ്ങിയത്. വലിപ്പമുള്ള ആ പെട്ടിയുടെ ഒരു ഭാഗത്ത് കത്തുകളും മറുഭാഗത്ത് പാഴ്സലുകളും നിക്ഷേപിക്കാനുമുള്ള രണ്ട് അറകളുള്ളതാണ് അതിന്റെ ആകര്‍ഷണീയത. തുടര്‍ന്നുള്ള യാത്രയിലാണ് ഇത്രയുമൊക്കെ സംഘടിപ്പിക്കാനായത്. ഇതില്‍ ചിലത് വന്‍തുക നല്കി വാങ്ങിയതുണ്ട്. സൗജന്യമായി ലഭിച്ചതുണ്ട്.
യാത്രചെയ്തപ്പോള്‍ കിട്ടിയതുണ്ട്. അന്വേഷിച്ചു തേടിപ്പിടിച്ചതുണ്ട്. അങ്ങനെ നിരവധി പ്രയാസങ്ങള്‍ സഹിച്ചാണ് ഇതെല്ലാം കണ്ടെത്തിയതും വാങ്ങിയതും. ഇതിനായി എത്ര രൂപ ചെലവായിട്ടുണ്ടെന്നതിനു കണക്കില്ല… എങ്ങനെയൊക്കെയോ വാങ്ങി…അത്രതന്നെ -ആത്മ നിര്‍വൃതിയും ആനന്ദവും തുടിക്കുന്ന വാക്കുകള്‍.
വീടിന്റെ പടികള്‍ ചവിട്ടി അകത്ത് കയറിയാല്‍ പഴമയുടെ അപാരമായ ശേഖരം കാണാം. കൈകൊണ്ടു കറക്കിയിരുന്ന ആദ്യകാല തയ്യല്‍ മെഷീനും അതിന്റെ വിവിധ രൂപങ്ങളും. കല്‍ക്കരി ഉപയോഗിച്ചു കത്തിക്കുന്ന ഇസ്തിരിപ്പെട്ടി. ആദ്യകാല കോളിംഗ് ബെല്ലുകളും നൂറ്റാണ്ടുകള്‍ പഴക്കമുള്ള പഞ്ചിംഗ് മെഷീനും. ബ്രിട്ടീഷ് പട്ടാളക്കാര്‍ ഉപയോഗിച്ചിരുന്ന വ്യത്യസ്തയിനം ഫോണുകള്‍, പല രാജ്യങ്ങളിലേയും കല്ലുകള്‍, നൂറ്റാണ്ടുകള്‍ക്കു ശേഷം കല്ലായിമാറിയ തടിയും മുന്‍ തലമുറയില്‍ ഉപയോഗിച്ച ഉപകരണങ്ങളും നിരവധി താളിയോലകളും ഉരുക്കു നാരായങ്ങളും പഴയകാല പേനകളും അവിടെ കാണാം.
രാജാവിന്റെ സീല്‍പതിച്ച എഴുത്തോലകളില്‍ എഴുതിയ ആധാരങ്ങളും നിരവധി പേരുടെ ജാതകവും ജീവസ്സുറ്റതായി അവിടെ സൂക്ഷിക്കുന്നു. 25 പൈസയുടെ ആധാരങ്ങള്‍ മുതല്‍ വിവിധ വിലയുള്ള വ്യത്യസ്തയിനം ആധാരങ്ങളും രാജമുദ്രകളും തിളച്ചുമറിഞ്ഞ ലാവയില്‍ ഒരുകിയൊലിച്ച കല്ലുകളും പല രാജ്യങ്ങളിലെ മണ്ണുകളും ഇദ്ദേഹത്തിന്റെ ശേഖരത്തിലുണ്ട്. ആദ്യകാല അളവു തൂക്കങ്ങളായിരുന്ന റാത്തല് മുതല്‍ അളക്കാന്‍ ഉപയോഗിച്ചിരുന്ന വ്യത്യസ്ത ഭാരങ്ങളിലുള്ള കല്ലുകളും ത്രാസുകളും ആദ്യകാല വൈദ്യുത മീറ്ററുകളും ഇവിടെ കാണാനാകും.
നൂറ്റാണ്ടുകള്‍ പഴക്കം ചെന്ന ടൈപ്പ് റൈറ്റര്‍ വേറിട്ട കാഴ്ചയാണ്. വ്യത്യസ്തയിനം കലങ്ങള്‍, തവികള്‍,കുടങ്ങള്‍, ദൂരദര്‍ശിനികള്‍, ക്ളോക്കുകള്‍, ടൈംപീസുകള്‍, ആദ്യകാല റേഡിയോകള്‍, ടേപ്പുറിക്കാര്‍ഡര്‍, ഹാര്‍മോണിയം, ലോകത്തെ വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, സ്റ്റാമ്പുകള്‍, ഒപ്പം ലോകത്തെ ഏറ്റവും വലിയ സ്റ്റാമ്പും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്.
മുന്‍തലമുറയിലെ മുസ്്ലിം ഭവനങ്ങളില്‍ സ്ത്രീകള്‍ ഒന്നിച്ചു ചുറ്റിനുമിരുന്നു ഭക്ഷണം കഴിച്ചിരുന്ന പ്രത്യേകതരം മസ്രപ്പലകയും വെള്ളം ലഭിക്കാന്‍ ഉപയോഗിച്ചിരുന്ന ആദ്യകാല പൊതുടാപ്പുകളും പൈപ്പുകളും ക്രൈസ്തവര്‍ മാമ്മോദീസാ മുക്കാന്‍ ഉപയോഗിച്ചിരുന്ന പ്രത്യേക പാത്രങ്ങളും രാജാക്കന്മാരുടെ കാലത്തെ വിവിധയിനം കത്തികളും ആയുധങ്ങളുമെല്ലാം ഇവിടുത്തെ ചരിത്രശേഷിപ്പുകളിലുണ്ട്.
നൂറ്റാണ്ടുകള്‍ പഴക്കമുള്ള നികുതി രസീതികള്‍ ജബ്ബാറിന്റെ ശേഷിപ്പുകളിലെ വേറിട്ട കാഴ്ചയാണ്. പ്രത്യേകിച്ചു കോഴിക്കോട് മുനിസിപ്പാലിറ്റിയുടെ ചരിത്രവുമായി അതു ബന്ധപ്പെട്ടു കിടക്കുന്നു. 1924 മുതലുള്ള നികുതി രസീതുകള്‍ ജബ്ബാറിന്റെ കരങ്ങളില്‍ ഇപ്പോഴും ഭദ്രമാണ്. നൂറ് വര്‍ഷത്തിലേറെയുള്ള ചരിത്രമാണ് ആ രസീതുകള്‍ നമ്മോടു പറയുന്നത്. ഇങ്ങനെ രസീതുകള്‍ സൂക്ഷിച്ചുവെക്കാന്‍ കാരണമായതു ജബ്ബാറിന്റെ മുതുമുത്തശ്ശിയായ കൗജബിയും. അബൂബക്കര്‍ മുല്ലന്റകത്തു പാണ്ടികശാലയില്‍ കൗജബി ബീവിയുടെ മകള്‍ കുട്ടിബി. അതായത് അബ്ദുല്‍ ജബ്ബാറിന്റെ ഉമ്മയുടെ ഉമ്മ. അവരുടെ ശേഖരമായിരുന്നു ആ രസീതുകള്‍.
അവര്‍ അക്കാലത്ത് നല്ല വിദ്യാഭ്യാസം നേടിയവരായിരുന്നു. അതുകൊണ്ടുതന്നെ അവരെല്ലാം പുതു തലമുറക്കെന്നോണം പഴകാല നികുതി രസീതുകള്‍ സൂക്ഷിച്ചുവെക്കുക പതിവായിരുന്നു. അതു ജബ്ബാറും നാൽപ്പത് വര്‍ഷമായി തുടര്‍ന്നുവന്നപ്പോള്‍ പതിറ്റാണ്ടുകള്‍ മുമ്പുള്ള നികുതി രസീതുകളുടെ വലിയ ശേഖരം തന്നെയായി അതു മാറി. എന്നാല്‍ അടുക്കും ചിട്ടയുമില്ലാതെ പൊടിപിടിച്ചു കിടന്നിരുന്ന ആ രസീതുകള്‍ വര്‍ഷങ്ങള്‍ അനുസരിച്ചു ചിട്ടപ്പെടുത്തി സൂക്ഷിക്കാനായത് നഗരസഭക്കു ഏറെ സഹായകമായതായി ജബ്ബാര്‍ പറയുന്നു. ഇപ്പോള്‍ അതെല്ലാം പ്രത്യേക കവറിലാക്കി സൂക്ഷിച്ചിരിക്കുന്നു. 1924 മാര്‍ച്ചിലെ ഒരു നികുതി രസീതില്‍ സെപ്തംബര്‍ ഒന്നിനു അവസാനിക്കുന്ന അരക്കൊല്ലത്തെ നികുതി ഒടുക്കിയതായും അതു ഓടിട്ട മാളികയാണെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
അക്കാലത്ത് അതിനു നികുതിയായി വാങ്ങിയത് ഒരു രൂപ പതിനൊന്ന് അണ, മൂന്ന് പൈസയാണ്. എന്നാല്‍ ഇന്നത്തേതിനേക്കാള്‍ വ്യത്യസ്തമായി എന്തിന്റെയെല്ലാം പേരിലാണ് ഈ പണം നികുതിയായി വാങ്ങിയിരുന്നതെന്നതിനും വ്യക്തമായി രേഖപ്പെടുത്തിയ രസീതാണ് കൊടുത്തിട്ടുള്ളതും. വിദ്യാഭ്യാസം, ഡ്രൈനേജ്, വെള്ളം, റെയില്‍വെ സ്റ്റേഷന് സൗകര്യങ്ങള്‍ തുടങ്ങിയവയെല്ലാം ആ നികുതിയില്‍ ഉൾപ്പെടും.അക്കാലത്ത് ട്രെയിനില്‍ യാത്രചെയ്യുന്നതിനു നികുതി കൊടുത്തിരുന്നതായിട്ടാണ് ഇതില്‍ നിന്നും അനുമാനിക്കാവുന്നത്. രസീതില്‍ ബില്‍ കലക്ടറുടെ ഒപ്പും സീലുമുണ്ട്.
പിന്നീട് 1931ല്‍ നികുതി രണ്ട് രൂപ അഞ്ചണയായും 1937ല്‍ രണ്ട് രൂപ ഒമ്പത് അണ ഒരു പൈസയായി വർധിപ്പിച്ചതായും എന്നാല്‍ 1946 മുതല്‍ വസ്തു നികുതി പ്രത്യേകം വാങ്ങിയിരുന്നതായും അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്തെ കറാനി കുടുംബത്തിന്റെ വസ്തു നികുതി ഒരു രൂപ പത്ത് പൈസയായിരുന്നു. 1951ല്‍ അതു രണ്ട് രൂപയായും ഉയര്‍ന്നിട്ടുമുണ്ട്. അടുത്ത കാലത്ത് മുനിസിപ്പാലിറ്റി അധികൃതര്‍ എത്തി ഈ രസീതുകള്‍ പരിശോധിക്കുകയും ജബ്ബാറിനെ അഭിനന്ദിക്കുകയുമുണ്ടായി. നികുതി രസീതുകള്ക്കു പുറമെ വൈദ്യുതി ബില്‍, വെള്ളക്കരം അടച്ചതിന്റെ രസീതുകള്‍, ഫോണ്‍ബില്ലുകള്‍ എന്നിവയും ജബ്ബാറിന്റെ ശേഖരത്തിലുണ്ട്.
സ്വന്തം പ്രയത്നത്താല്‍ ഉണ്ടാക്കിയ ഈ മ്യൂസിയം കാണാന്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം മേധാവി പ്രൊഫ. ഡോ. ഭാഗ്യസുക്യ, മുന്‍ പ്രസിഡന്റിന്റെ ഉപദേഷ്ടാവായിരുന്ന കെ ടി രവീന്ദ്രന് ഉള്‍പ്പെടെ നിരവധി പ്രഗത്ഭര്‍ ഇവിടെ എത്തിയിട്ടുള്ളതായി ജബ്ബാര്‍ പറയുന്നു. മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുന്ന സന്ദര്‍ശക പുസ്തകത്തില്‍ അവരെല്ലാവരും അഭിപ്രായങ്ങളും രേഖപ്പെടുത്തിയിട്ടുള്ളതു കാണാനാകും. കൂടാതെ നിരവധി വിദ്യാലയങ്ങളിലെ വിദ്യാർഥികള്‍ ഉള്‍പ്പെടെ ചരിത്ര-ഗവേഷക വിദ്യാർഥികളും ഇവിടെ കാണാനും പഠിക്കാനുമായി എത്തിക്കൊണ്ടിരിക്കുന്നു. അതിപുരാതനമായ വീടിന്റെ മുന്‍ഭാഗം മാത്രമല്ല, രണ്ടാം നിലയും ഇത്തരം പുരാവസ്തുക്കള്‍ കൊണ്ടു നിറഞ്ഞിരിക്കുകയാണ്.
ഭാര്യ മുല്ലാന്റവിടെ മൈമൂനയും നിറഞ്ഞ പിന്തുണയുമായി ഒപ്പമുണ്ട്. സ്കൂളുകളിലും മറ്റു പൊതുവേദികളിലും അദ്ദേഹം പുരാവസ്തു പ്രദര്‍ശനവും സംഘടിപ്പിക്കാറുണ്ട്. തന്റെ കാലശേഷം ഇവ എന്തു ചെയ്യുമെന്നു ചോദിച്ചാല്‍ മടികൂടാതെ അദ്ദേഹം പറയും “അതു മക്കള്‍ സൂക്ഷിച്ചു നടത്തിക്കൊള്ളും. കഴിഞ്ഞ കാല ചരിത്രവസ്തുക്കള്‍ പുതുതലമുറയെ അറിയിക്കുന്നതില്‍ അവരും ഏറെ തത്പരരാണ്. അതുകൊണ്ട് അക്കാര്യത്തില്‍ എനിക്കു ആശങ്കയില്ല.’ അതേസമയം എന്തു വില തന്നാലും ഇവയൊന്നും വില്‍ക്കാനും അബ്ദുല്‍ ജബ്ബാർ തയ്യാറുമല്ല. കാരണം ഈ വീട്ടില്‍ ഭൂതകാലം ഉറങ്ങുകയും ജീവിക്കുകയുമാണ്. അതെല്ലാം ഭാവിക്കു വേണ്ടിയുള്ളതാണ് എന്നാണ് ജബ്ബാറിന്റെ അഭിപ്രായം.
Content Highlights: At the centuries-old Karani House in Kuttichira, Kozhikode, 69-year-old Abdul Jabbar has curated a remarkable private museum of rare antiques. His collection features royal palm-leaf deeds, British-era instruments, global coins, and 1924 municipal tax receipts. Despite lucrative offers, Jabbar refuses to sell these treasures, preserving them for future generations.
.



