Connect with us

Kerala

കെ പി സി സി റിപ്പോർട്ടിൽ കുഞ്ഞാലിക്കുട്ടിക്കെതിരെ അധിക്ഷേപം; ലീഗിനു മൗനം 

മുസ്‍ലിം ലീഗില്‍ തന്നെ രൂക്ഷമായി ഉയര്‍ന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് സമിതിയും കണ്ടെത്തിയത് എന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ലീഗ് നേതാക്കള്‍ ഏറെയും

Published

|

Last Updated

കോഴിക്കോട് | യു ഡി എഫിനുണ്ടായ തിരഞ്ഞെടുപ്പു പരാജയം പഠിക്കാന്‍ നിയോഗിച്ച കെ പി സി സി സമിതിയുടെ റിപ്പോര്‍ട്ടില്‍ മുസ്‍ലിം ലീഗ് ദേശീയ ജന. സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെ അധിക്ഷേപിച്ചതിനെതിരെ പാര്‍ട്ടി നേതൃത്വം മൗനം പാലിക്കുന്നതില്‍ കുഞ്ഞാലിക്കുട്ടി അനുകൂലികള്‍ക്കു പ്രതിഷേധം. പി കെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ അത്യാഗ്രഹം പരാജയത്തിനു പ്രധാന കാരണമായി എന്നാണു കെ പി സി സി സമിതിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളത്. അതേസമയം ഇങ്ങനെ ഒരു റിപ്പോര്‍ട്ടോ അതിലെ പരാമര്‍ശമോ പാര്‍ട്ടിയുടെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും പാര്‍ട്ടിക്ക് അറിവില്ലാത്ത കാര്യത്തെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കേണ്ട കാര്യമില്ലെന്നും ലീഗ് ആക്ടിങ്ങ് ജന. സെക്രട്ടറി പി എം എ സലാം പ്രതികരിച്ചു.

കുഞ്ഞാലിക്കുട്ടിക്കെതിരെ കെ പി സി സിറിപ്പോര്‍ട്ടില്‍ അധിക്ഷേപകരമായ പരാമര്‍ശമുണ്ടെന്നറിഞ്ഞിട്ടും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പാണക്കാട് നേതൃത്വവും പ്രതികരിക്കാതിരിക്കുന്നത് കുഞ്ഞാലിക്കുട്ടിയെ ദുഃഖിതനാക്കിയിട്ടുണ്ട്. മുന്നണിയിലെ രണ്ടാം കക്ഷിയെന്ന നിലയില്‍ മുസ്‍ലിം ലീഗിന് യു ഡി എഫില്‍ ഇക്കാലമത്രയും കിട്ടിപ്പോന്ന ബഹുമാനത്തെ ചോദ്യം ചെയ്യുന്നതാണ് റിപ്പോര്‍ട്ടിലെ പരാമര്‍ശമെന്നും മുന്നണി മര്യാദ പാലിക്കാതെയുള്ള ഇത്തരം വിമര്‍ശനങ്ങളെ പ്രോത്സാഹിപ്പിക്കരുതെന്നുമാണു കുഞ്ഞാലിക്കുട്ടിയുടെ നിലപാട്.

മുസ്‍ലിം ലീഗില്‍ തന്നെ രൂക്ഷമായി ഉയര്‍ന്ന വിമര്‍ശനമാണ് കോണ്‍ഗ്രസ് സമിതിയും കണ്ടെത്തിയത് എന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന നിലപാടിലാണ് ലീഗ് നേതാക്കള്‍ ഏറെയും. മുഈന്‍ അലി തങ്ങള്‍ ഉയര്‍ത്തിയ പരസ്യ വിമര്‍ശനത്തിന്റെ മറപിടിച്ച് പാര്‍ട്ടിയില്‍ തനിക്കെതിരെ നടക്കാന്‍ ഇടയുള്ള കരുനീക്കങ്ങളെ കരുതിയിരിക്കുകയാണ് കുഞ്ഞാലിക്കുട്ടി. ലീഗില്‍ കുഞ്ഞാലിക്കുട്ടിയുടെ ആധിപത്യം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി എന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കെ പി സി സി സമിതിയും കുഞ്ഞാലിക്കുട്ടിയെ അധിക്ഷേപിക്കാന്‍ തയ്യാറായതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

പി കെ കുഞ്ഞാലിക്കുട്ടിയും പി ജെ ജോസഫും തിരഞ്ഞെടുപ്പു തോല്‍വിക്ക് കാരണക്കാരായെന്ന കെ പി സി സി സമിതിയുടെ റിപ്പോര്‍ട്ട് വിവാദത്തിന് വഴിതുറക്കുമെന്നതിനാല്‍ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ രഹസ്യമാക്കിവെക്കാനും കോണ്‍ഗ്രസ്സില്‍ നീക്കമുണ്ട്. കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്കും നിയമസഭയിലേക്കും മാറിമാറി മത്സരിച്ചതു ജനപിന്തുണ ഇടിയാന്‍ കാരണമായെന്നും പി ജെ ജോസഫ് പക്ഷത്ത് ആളില്ലെന്നുമാണു റിപ്പോര്‍ട്ടില്‍ പറയുന്നത്.

യു ഡി എഫില്‍ ഉറച്ചുനിന്ന തങ്ങളെ ഒറ്റപ്പെടുത്താനുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ നീക്കമാണ് റിപ്പോട്ടിലെ പരാമാര്‍ശമെന്നു ജോസഫ് പക്ഷ നേതാക്കള്‍ പ്രതികരണത്തിനു തയ്യാറായെങ്കിലും ലീഗ് ഇതുവരെ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിഞ്ഞ ഭാവം നടിച്ചിട്ടില്ല. ലീഗില്‍ ഒറ്റപ്പെട്ടിരിക്കുന്ന കുഞ്ഞാലിക്കുട്ടിയെ കൂടുതല്‍ ദുര്‍ബലനാക്കുക എന്ന ലക്ഷ്യത്തോടെ ലീഗിലെ ഒരു വിഭാഗത്തിന്റെ അറിവോടെയാണ് കെ പി സി സി സമിതി റിപ്പോര്‍ട്ടില്‍ പേരെടുത്തുള്ള പരാമര്‍ശം ഉള്‍പ്പെടുത്തിയത് എന്നും വിവരമുണ്ട്.

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്