Kerala
കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം; പോക്സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും
വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സി പി എം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം
തിരുവനന്തപുരം | കുംഭമേള വൈറല്‍ താരം കേരളത്തിലെത്തി വിവാഹിതമായ സംഭവത്തില്‍ പെണ്‍കുട്ടിക്കു പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോക്സോ കേസിന് പിന്നാലെ പട്ടിക വര്‍ഗപീഡന കുറ്റവും ചുമത്തും. വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് തയ്യാറാക്കാന്‍ കൂട്ട് നിന്നവരും പ്രതികളാകും. എസ് ടി കമ്മീഷന്‍ നിയമ ഉപദേശകന്‍ പ്രകാശ് ഉയ്‌ക്കെ നടപടികള്‍ ഫെയ്ബുക്കില്‍ വെളിപ്പെടുത്തി.
സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാണ് പ്രകാശ് കുറിപ്പില്‍ പറയുന്നത്. വിവാഹത്തിന് കാര്‍മികത്വം വഹിച്ച കേരളത്തിലെ സി പി എം നേതാക്കളുടെ പങ്കും അന്വേഷിക്കണമെന്നാണ് ആവശ്യം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല എന്ന ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്റെ കണ്ടെത്തലിനെത്തുടര്‍ന്നാണ് മധ്യപ്രദേശ് പോലീസ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ കേസെടുത്തത്. കഴിഞ്ഞ മാര്‍ച്ച് 11 ന് തിരുവനന്തപുരത്തെ അരുമാനൂര്‍ ശ്രീനൈനാര്‍ ദേവ ക്ഷേത്രത്തിലായിരുന്നു കുംഭമേള വൈറല്‍ താരത്തിന്റെ വിവാഹം. വിവാഹസമയത്ത് പെണ്‍കുട്ടിക്ക് 16 വയസ്സും രണ്ട് മാസവും മാത്രമായിരുന്നു പ്രായമെന്ന് ദേശീയ പട്ടികവര്‍ഗ്ഗ കമ്മീഷന്‍ കണ്ടെത്തി. വിവാഹത്തിനായി വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചെന്നാണ് ദേശീയ പട്ടികവര്‍ഗ കമ്മീഷന്റെ കണ്ടെത്തല്‍.
2009 ഡിസംബര്‍ 30-നാണ് പെണ്‍കുട്ടി ജനിച്ചതെന്ന് മധ്യപ്രദേശിലെ ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നു. വിവാഹത്തിനായി വ്യാജ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചതായും കമ്മീഷന്‍ റിപ്പോര്‍ട്ടിലുണ്ട്. ഇതോടെയാണ് ഫര്‍മാന്‍ ഖാനെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്. വിഷയത്തില്‍ കേരള, മധ്യപ്രദേശ് ഡിജിപിമാരോട് ഡല്‍ഹിയില്‍ ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
എന്നാല്‍ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്നിട്ടിറങ്ങിയിട്ടില്ലെന്ന് സി പി എം വ്യക്തമാക്കി. വിവാഹം നടക്കുന്ന വിവരം അറിഞ്ഞിട്ടാണ് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും എ എ റഹീം എംപിയും പങ്കെടുത്തത്. ക്ഷേത്ര കമ്മിറ്റിയെ സമീപിച്ചത് വധൂവരന്‍മാരാണ്. പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് തമ്പാനൂര്‍ പോലീസിനെ കാണിച്ചിരുന്നുവെന്നാണ് മനസിലാക്കുന്നതെന്നും സി പി എം നേതൃത്വം വ്യക്തമാക്കി. കഴിഞ്ഞമാസമാണ് പെണ്‍കുട്ടിയും ഫര്‍മാന്‍ ഫാനും കേരളത്തിലെത്തി വിവാഹിതരായത്. വിവാഹച്ചടങ്ങില്‍ എം വി ഗോവിന്ദന്‍, മന്ത്രി വി ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി വി ജോയ്, എ എ റഹിം എംപി എന്നിവര്‍ പങ്കെടുത്തിരുന്നു.
കുംഭമേള താരത്തിന്റെ ആധാര്‍ രേഖകള്‍ നോക്കിയാണ് വിവാഹം കഴിപ്പിച്ചതെന്നും ഇപ്പോഴും അത് കേരള സ്റ്റോറിയാണെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു.




