Connect with us

International

ആർട്ടെമിസ് II ബഹിരാകാശ സഞ്ചാരികൾ അൽപസമയത്തിനകം ഭൂമിയിൽ തിരിച്ചിറങ്ങും; ലാൻഡിംഗ് പുലർച്ചെ 5.37ന്

ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ ഭാഗമായി പേടകം അവസാന ഘട്ട ട്രജക്ടറി കറക്ഷൻ ബേൺ വിജയകരമായി പൂർത്തിയാക്കി

Published

|

Last Updated

വാഷിംഗ്ടൺ | പത്ത് ദിവസത്തെ ചരിത്രപരമായ ചന്ദ്രയാത്രയ്ക്ക് ശേഷം നാസയുടെ ആർട്ടെമിസ് II ദൗത്യത്തിലെ നാല് ബഹിരാകാശ സഞ്ചാരികൾ ഇന്ന് ഭൂമിയിൽ തിരിച്ചിറങ്ങും. പസഫിക് സമുദ്രത്തിൽ സാൻ ഡിയാഗോ തീരത്തിന് സമീപമാണ് ഓറിയോൺ പേടകം സപ്ലാഷ് ഡൗൺ ചെയ്യുന്നത്. ഇന്ന് (ശനിയാഴ്ച) പുലർച്ചെ ഇന്ത്യൻ സമയം ഏകദേശം 5:37 ഓടെ പേടകം സമുദ്രത്തിൽ പതിക്കും.

ദൗത്യത്തിന്റെ പത്താം ദിനമായ ഇന്നലെ, ഭൂമിയിലേക്കുള്ള മടക്കയാത്രയുടെ ഭാഗമായി പേടകം അവസാന ഘട്ട ട്രജക്ടറി കറക്ഷൻ ബേൺ (Trajectory Correction Burn) വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം വെള്ളിയാഴ്ച രാത്രി 12:23 ന് നടന്ന ഈ പ്രക്രിയയിൽ എട്ട് സെക്കൻഡ് നേരം ത്രസ്റ്ററുകൾ ജ്വലിപ്പിച്ചാണ് പേടകം ഭൂമിയിലേക്കുള്ള കൃത്യമായ പാതയിലേക്ക് പ്രവേശിച്ചത്.

അന്തരീക്ഷത്തിലേക്ക് കടക്കുന്ന വേളയിൽ പേടകം ഏകദേശം 3000 ഡിഗ്രി ഫാരൻഹീറ്റ് ചൂട് അഭിമുഖീകരിക്കും. സുരക്ഷിതമായ ലാൻഡിംഗിനായി യു എസ് നേവിയുടെ ജെ എം മാർത്ത (USS John P Murtha) കപ്പൽ സാൻ ഡിയാഗോ തീരത്ത് തയ്യാറായി നിൽക്കുന്നുണ്ട്. ഹെലികോപ്റ്ററുകളും പ്രത്യേക പരിശീലനം ലഭിച്ച മുങ്ങൽ വിദഗ്ധരും പേടകവും സഞ്ചാരികളെയും വീണ്ടെടുക്കാൻ സജ്ജമാണ്.

നാസയുടെ കമാൻഡർ റീഡ് വൈസ്മാൻ, പൈലറ്റ് വിക്ടർ ഗ്ലോവർ, മിഷൻ സ്പെഷ്യലിസ്റ്റ് ക്രിസ്റ്റീന കോച്ച്, സി എസ് എ (Canadian Space Agency) ബഹിരാകാശ സഞ്ചാരി ജെറമി ഹാൻസെൻ എന്നിവരാണ് ഈ സംഘത്തിലുള്ളത്. 1972-ലെ അപ്പോളോ ദൗത്യത്തിന് ശേഷം ചന്ദ്രന് സമീപം വരെ മനുഷ്യർ എത്തിയ ആദ്യ ദൗത്യമാണിത്. ഏകദേശം 6,95,081 മൈലുകൾ സഞ്ചരിച്ചാണ് ഇവർ തിരിച്ചെത്തുന്നത്. ഇതിൽ അപ്പോളോ 13 സ്ഥാപിച്ച റെക്കോർഡ് മറികടന്ന് ഭൂമിയിൽ നിന്നും 2,52,760 മൈൽ അകലെ വരെ പേടകം സഞ്ചരിച്ചിരുന്നു.

ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി മനുഷ്യ ദൗത്യങ്ങൾക്ക് ആർട്ടെമിസ് II നൽകുന്ന വിവരങ്ങൾ നിർണ്ണായകമാണ്.

Summary

The four-member crew of NASA’s Artemis II mission is scheduled to splash down in the Pacific Ocean on Saturday morning (IST), after completing a historic 10-day journey around the Moon. Following a final trajectory correction burn to align the Orion spacecraft, the astronauts will land off the coast of San Diego. This mission marks a significant milestone as the first crewed lunar flight in over 50 years, paving the way for future human exploration of Mars.

 

Latest