Connect with us

ksrtc salary

കെ എസ് ആർ ടി സിയിൽ വീണ്ടും ശമ്പളം മുടങ്ങി; സി ഐ ടി യു സെക്രട്ടറിയേറ്റ് മാർച്ച് നടത്തി

മന്ത്രിയുടെ ഉറപ്പ് കുറുപ്പിൻ്റെ ഉറപ്പ് പോലെയാണെന്നും വാക്ക് പാലിക്കാത്ത മന്ത്രിയുമായി എങ്ങനെ ചർച്ച ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

Published

|

Last Updated

തിരുവനന്തപുരം | കെ എസ് ആർ ടി സിയിൽ വീണ്ടും ശമ്പള പ്രതിസന്ധി. ജനുവരി 10 ആയിട്ടും ഡിസംബർ മാസത്തെ ശമ്പളം വിതരണം ചെയ്തിട്ടില്ല. ഇതിൽ പ്രതിഷേധിച്ച് കെ എസ് ആർ ടി ഇ എ (സി ഐ ടി യു) സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. സി ഐ ടി യു സംസ്ഥാന സെക്രട്ടറി ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു.

ഗതാഗത മന്ത്രി ആൻ്റണി രാജുവിനെതിരെ ആനത്തലവട്ടം ആനന്ദൻ ആഞ്ഞടിച്ചു. മന്ത്രിയുടെ ഉറപ്പ് കുറുപ്പിൻ്റെ ഉറപ്പ് പോലെയാണെന്നും വാക്ക് പാലിക്കാത്ത മന്ത്രിയുമായി എങ്ങനെ ചർച്ച ചെയ്യാൻ സാധിക്കുമെന്നും അദ്ദേഹം ചോദിച്ചു.

യാത്രാ ദുരിതം അവസാനിപ്പിക്കുക, കൂടുതൽ ബസ്സുകൾ നിരത്തിലിറക്കുക, സെപ്റ്റംബർ 5 ന് മുഖ്യമന്ത്രിതലത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ നടപ്പിലാക്കുക, ശമ്പളം എല്ലാ മാസവും 5 ന് മുൻപ് വിതരണം ചെയ്യുക, GIS, SLI, LIC, NPS എന്നീ റിക്കവറികൾ യഥാസമയം യഥാ സ്ഥലത്ത് അടയ്ക്കുക, ഇൻഷുറൻസ്, പെൻഷൻ പരിരക്ഷകൾ ഉറപ്പുവരുത്തുക, NDR കുടിശ്ശിക പൂർണ്ണമായും കൊടുത്തു തീർക്കുക, PF വിതരണത്തിലെ കാലതാമസം ഒഴിവാക്കുക, കൃത്യമായി വിതരണം ചെയ്യുക, അച്ചടക്ക നടപടി, സ്ഥലംമാറ്റം എന്നിവയിലെ നിക്ഷിപ്ത താല്പര്യം ഒഴിവാക്കുക, ശമ്പളപരിഷ്കരണ കരാറിലെ സ്ഥലംമാറ്റ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കുക, താൽക്കാലിക ജീവനക്കാരുടെ സമ്പൂർണ്ണ പുനരധിവാസത്തിലെ കാലതാമസം ഒഴിവാക്കുക എന്നീ ആവശ്യങ്ങളാണ് സി ഐ ടി യു ഉന്നയിച്ചത്. ശമ്പളം മുടങ്ങിയതിൽ കോൺഗ്രസ് അനുകൂല തൊഴിലാളി സംഘടന കഴിഞ്ഞ അഞ്ച് ദിവസമായി നിരാഹാര സമരം നടത്തുന്നുണ്ട്. കെ എസ് ആർ ടി സിയിലെ ശമ്പള മുടക്കം വലിയ കോടതി വ്യവഹാരങ്ങൾക്ക് ഇടയാക്കിയതാണ്.

Latest