Kerala
പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി; സര്‍വീസുകള്‍ സംബന്ധിച്ച് വിശദീകരണവുമായി കെ എസ് ആര്‍ ടി സി
സ്ത്രീ സൗജന്യ യാത്ര പദ്ധതി നിലവില്‍ വരുന്നതിനു മുന്‍പ് ഓര്‍ഡിനറി വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാ സര്‍വീസുകളും തുടര്‍ന്നും ഓര്‍ഡിനറി സര്‍വീസായി തന്നെ നിലനിര്‍ത്തി സൗജന്യ യാത്ര ലഭ്യമാക്കു ന്നുണ്ടെന്ന് കെഎസ്ആര്‍ടിസി
തിരുവനന്തപുരം | സര്‍ക്കാര്‍ പ്രഖ്യാപിച്ച ”പ്രിയദര്‍ശിനി” സൗജന്യ യാത്രാ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെയും ചില വാര്‍ത്താമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന തെറ്റിദ്ധാരണാജനകമായ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പദ്ധതി സംബന്ധിച്ച് വിശദീകരണവുമായി കെ എസ് ആര്‍ ടി സി.
കെഎസ്ആര്‍ടിസി പ്രിയദര്‍ശിനി സ്ത്രീ സൗജന്യ യാത്ര പദ്ധതി നിലവില്‍ വരുന്നതിനു മുന്‍പ് ഓര്‍ഡിനറി വിഭാഗത്തില്‍ ഉണ്ടായിരുന്ന എല്ലാ സര്‍വീസുകളും തുടര്‍ന്നും ഓര്‍ഡിനറി സര്‍വീസായി തന്നെ നിലനിര്‍ത്തി സൗജന്യ യാത്ര ലഭ്യമാക്കു ന്നുണ്ടെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി.
തിരുവനന്തപുരം നഗരത്തിലും ജില്ലയിലുമായി ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ സംബന്ധിച്ച വിവരങ്ങള്‍ കെ.എസ്.ആര്‍.ടി.സി.യുടെ എല്ലാ യൂണിറ്റുകളിലും വര്‍ഷങ്ങളായി വ്യക്തതയോടെ നിലവിലുണ്ട്. നിലവില്‍ തിരുവനന്തപുരം നഗരത്തിലൂടെ 384 സിറ്റി ഫാസ്റ്റ് ബസ്സുകളുണ്ട്. ജില്ലയില്‍ തിരുവനന്തപുരം നഗരത്തില്‍ ഉള്‍പ്പെടെ 687 ഓര്‍ഡിനറി ബസ്സുകളും സര്‍വിസ് നടത്തി വരുന്നു.
സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതി ഓര്‍ഡിനറി വിഭാഗം സര്‍വീസുകള്‍ക്കാണ് ബാധകമായത്. ഇക്കാര്യം യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും വ്യക്തമായി മനസ്സിലാക്കുന്നതിനായി, പ്രിയദര്‍ശിനി പദ്ധതിയില്‍ ഉള്‍പ്പെട്ട ഓര്‍ഡിനറി ബസുകളുടെയും ഉള്‍പ്പെടാത്ത സിറ്റി ഫാസ്റ്റ് ബസുകളുടെയും വിവരങ്ങള്‍ ബസുകളുടെ മുന്‍വശത്തും പ്രവേശന വാതിലുകളുടെ ഇരുവശങ്ങളിലുമായി വ്യക്തമായ സ്റ്റിക്കറുകള്‍ പതിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും യാത്രക്കാര്‍ക്കും യാതൊരു ആശയക്കുഴപ്പവും ഉണ്ടാകാതിരിക്കുവാനാണ് ഈ നടപടി സ്വീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം നഗരത്തില്‍ മാത്രമാണ് ഓര്‍ഡിനറി സര്‍വീസുകള്‍ക്കു പുറമേ സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ വ്യാപകമായി ഓപ്പറേറ്റ് ചെയ്യുന്നത്. 2022 ഏപ്രില്‍ 30-ലെ ഏറ്റവും പുതിയ സര്‍ക്കാര്‍ നിരക്ക് വിജ്ഞാപനപ്രകാരം, സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ക്ക് കുറഞ്ഞ നിരക്ക് 12 ആയും കിലോമീറ്ററിന് 1.03 എന്ന നിരക്കിലുമാണ് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ളത്. അതേസമയം, സിറ്റി ഓര്‍ഡിനറി സര്‍വീസുകള്‍ക്ക് കുറഞ്ഞ നിരക്ക് 10 ഉം കിലോമീറ്ററിന് 1 ഉം ആണ്.
സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ താരതമ്യേന സ്റ്റോപ്പുകളുടെ എണ്ണം കുറവായതിനാല്‍ യാത്രക്കാര്‍ക്ക് വേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാന്‍ സാധിക്കുന്നു. പ്രത്യേക നിരക്കും പ്രത്യേക സര്‍വീസ് ക്ലാസും ഉള്ളതിനാല്‍ സിറ്റി ഫാസ്റ്റ് സര്‍വീസുകള്‍ ഓര്‍ഡിനറി വിഭാഗത്തില്‍ ഉള്‍പ്പെടുന്നില്ല എന്നത് വീണ്ടും വ്യക്തമാക്കുന്നു.
പ്രിയദര്‍ശിനി പദ്ധതി പ്രഖ്യാപിച്ച സമയത്തുതന്നെ തിരുവനന്തപുരം നഗരത്തിലെ ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ് ബസ്സുകള്‍ സംബന്ധിച്ച് വിശദമായ സര്‍വേയും കണക്കെടുപ്പുകളും വളരെ മുന്‍കൂട്ടി നടത്തിയിരുന്നു. നിലവിലുണ്ടായിരുന്ന സിറ്റി ഫാസ്റ്റ് ഡെസ്റ്റിനേഷന്‍ ബോര്‍ഡുകള്‍ക്കു പുറമേ ബസുകളുടെ ബോഡിയിലും കൂടുതല്‍ വ്യക്തതയ്ക്കായി വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വീസുകളുടെ പട്ടികയും വിശദാംശങ്ങളും മാധ്യമങ്ങള്‍ക്കുള്‍പ്പെടെ മുന്‍കൂട്ടി സുതാര്യമായി കൈമാറിയിട്ടുള്ളതാണ്.
അതിനാല്‍, ഈ വിഷയവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളും വ്യാഖ്യാനങ്ങളും അടിസ്ഥാനരഹിതമാണെന്ന് കെ.എസ്.ആര്‍.ടി.സി. വ്യക്തമാക്കുന്നു.
Content Highlights:
KSRTC clarified that all ordinary services existing before the Priyadarshini free travel scheme remain unchanged to provide free travel for women. Distinct stickers have been pasted on ordinary and city fast buses to avoid confusion for passengers in Thiruvananthapuram. The corporation dismissed misleading social media campaigns and stated that city fast services operate on a different fare class.
#KSRTC #PriyadarshiniScheme #FreeTravelForWomen #Thiruvananthapuram #KeralaTransport #PublicTransport #FactCheckKerala







