Connect with us

National

കൃത്യത്തിന് മുന്‍പ് വീഡിയോ ചിത്രീകരിച്ചു; ഹോംഗാര്‍ഡ് ആയ ഭാര്യയെ കുത്തിക്കൊലപ്പെടുത്തി യുവാവ്

ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെച്ചൊല്ലിയും പലപ്പോഴും വഴക്കിട്ടിരുന്നു

Published

|

Last Updated

ബെംഗളുരു  | ഹോംഗാര്‍ഡ് ആയ യുവതിയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. ബംഗളൂരുവിലെ മഹാദേവപുര പോലീസ് സ്റ്റേഷനിലെ ഹോംഗാര്‍ഡ് മഞ്ജുള(32)യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് പ്രദീപിനെ പോലീസ് അറസ്റ്റ് ചെയ്തു. മഞ്ജുളയ്ക്കും പ്രദീപിനും രണ്ട് കുട്ടികളുണ്ട്.

പ്രദീപിന്റെ ഓണ്‍ലൈന്‍ ചൂതാട്ടവുമായി ബന്ധപ്പെട്ട് കുടുംബത്തില്‍ നിരന്തരം തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഭാര്യയുടെ സ്വഭാവത്തില്‍ സംശയം പ്രകടിപ്പിച്ചിരുന്ന പ്രദീപ്, കുട്ടികളുടെ പിതൃത്വത്തെച്ചൊല്ലിയും പലപ്പോഴും വഴക്കിട്ടിരുന്നു. ഭര്‍ത്താവിന്റെ പീഡനം സഹിക്കവയ്യാതെ കഴിഞ്ഞ ഒന്നര മാസമായി മഞ്ജുള കുട്ടികളോടൊപ്പം സ്വന്തം മാതാപിതാക്കളുടെ വീട്ടിലായിരുന്നു താമസം.

ഇന്നലെ ജാക്കറ്റിനുള്ളില്‍ കത്തി ഒളിപ്പിച്ചു വെച്ചാണ് പ്രദീപ് ഭാര്യ വീട്ടിലെത്തിയത്. ചെയ്ത തെറ്റുകള്‍ക്ക് മാപ്പ് ചോദിച്ചും, തന്നോടൊപ്പം തിരികെ വരണമെന്ന് അപേക്ഷിച്ചും പ്രദീപ് മഞ്ജുളയുടെ കാലില്‍ വീണു. എന്നാല്‍, പെട്ടെന്ന് അക്രമാസക്തനായ ഇയാള്‍ കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് മഞ്ജുളയെ ക്രൂരമായി കുത്തുകയായിരുന്നു. അമ്മയുടെയും രണ്ട് മക്കളുടെയും മുന്നില്‍ വച്ച് ഇരുപതിലധികം തവണയാണ് പ്രദീപ് മഞ്ജുളയെ കുത്തിയത്.

കൊലപാതകം നടത്തുന്നതിന് തൊട്ടുമുമ്പ് പ്രദീപ് ഒരു വീഡിയോ സന്ദേശം റെക്കാഡ് ചെയ്തിരുന്നു. തന്റെ ഓണ്‍ലൈന്‍ ചൂതാട്ടമാണ് കുടുംബം തകര്‍ത്തതെന്ന് ഇയാള്‍ വീഡിയോയില്‍ സമ്മതിക്കുന്നുമുണ്ട്. ‘എനിക്ക് എന്റെ ഭാര്യയില്ലാതെ ജീവിക്കാന്‍ കഴിയില്ല. ഞാന്‍ അവളുടെ അച്ഛനോടും സഹോദരനോടും സംസാരിച്ചിട്ടുണ്ട്. വൈകുന്നേരം ജോലി കഴിഞ്ഞ് അവള്‍ തിരിച്ചെത്തും. എന്നോടൊപ്പം വരാന്‍ ഞാന്‍ ഒരിക്കല്‍ കൂടി അവളോട് ആവശ്യപ്പെടും. വീണ്ടും വരില്ലെന്ന് പറഞ്ഞാല്‍, ഞാന്‍ അവളെ അവിടെവെച്ച് കൊല്ലും,’ – പ്രദീപ് വീഡിയോയില്‍ പറഞ്ഞു.

ഭാര്യയെ ആക്രമിച്ചതിന് ശേഷം പ്രദീപ് ഇതേ കത്തി ഉപയോഗിച്ച് സ്വന്തം കൈ മുറിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.

Content Highlights:
A 32-year-old home guard named Manjula was stabbed to death by her husband Pradeep in Bengaluru. The suspect recorded a video message detailing his intent before committing the crime in front of family members. Police arrested Pradeep who also attempted suicide after the attack.

Latest