Connect with us

From the print

ഉപയോഗം സർവകാല റെക്കോർഡിലേക്ക്; 200 മെഗാവാട്ട് വൈദ്യുതി വാങ്ങും

കരാർ ഒരു വർഷത്തേക്ക്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിലേക്ക് കടക്കുന്നതിനിടെ 200 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ കെ എസ് ഇ ബി സമർപ്പിച്ച കരാറിന് റെഗുലേറ്ററി കമ്മീഷന്‍ അനുമതി നൽകി. നിലവിലെ വൈദ്യുതിപ്രതിസന്ധി പരിഹരിക്കാനാണ് അടിയന്തര ഇടപെടൽ. കെ എസ് ഇ ബിയുടെ ടെൻഡറിൽ രണ്ട് കമ്പനികൾ വൈദ്യുതി നൽകാൻ തയ്യാറായി. യൂനിറ്റിന് 5.96 രൂപക്കാണ് വൈദ്യുതി വാങ്ങുക. ഒരു വർഷത്തേക്കാണ് കരാർ. എൻ ടി പി എസ് കമ്പനിയിൽ നിന്ന് 100 മെഗാവാട്ടും അദാനി ഗ്രൂപ്പിൽ നിന്ന് 100 മെഗാവാട്ടുമാണ് വാങ്ങുക. നിലവിൽ പ്രതിദിനം 500 മെഗാവാട്ടിലധികം വൈദ്യുതിയുടെ കുറവാണ് സംസ്ഥാനം നേരിടുന്നത്. ഈ സാഹചര്യത്തിൽ 200 മെഗാവാട്ട് കൂടി അധികമായി ലഭിക്കുന്നത് നിലവിലുള്ള വൈദ്യുതി നിയന്ത്രണത്തിന്റെ തോത് കുറക്കാൻ സഹായിക്കുമെന്നാണ് കെ എസ് ഇ ബിയുടെ വിലയിരുത്തൽ.

വൈദ്യുതി താരിഫ് നിശ്ചയിക്കുന്നതിനും പുതിയ കരാറുകളിൽ ഏർപ്പെടുന്നതിനും റെഗുലേറ്ററി കമ്മീഷന്റെ അനുമതി അത്യാവശ്യമായതിനാലാണ് കെ എസ് ഇ ബി കമ്മീഷനെ സമീപിച്ചത്. യൂനിറ്റിന് പത്ത് രൂപയിലധികം നൽകി വൈദ്യുതി വാങ്ങുന്നതിന് നേരത്തേ റെഗുലേറ്ററി കമ്മീഷൻ അനുമതി നൽകിയിരുന്നില്ല. എന്നാൽ ഇപ്പോൾ താരതമ്യേന കുറഞ്ഞ നിരക്കായതിനാലാണ് കമ്മീഷൻ അംഗീകാരം നൽകിയത്. കൂടാതെ, സോളാർ എനർജി കോർപറേഷനിൽ നിന്ന് യൂനിറ്റിന് 2.95 രൂപ നിരക്കിൽ 200 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനും കെ എസ് ഇ ബി ധാരണയിലെത്തിയിട്ടുണ്ട്. എന്നാലിത് ഡിസംബറോടുകൂടി മാത്രമേ ലഭ്യമാകൂ.
അതേസമയം, ഈ മാസത്തിലെ പരമാവധി പ്രതിദിന വൈദ്യുതി ഉപയോഗം കഴിഞ്ഞ പത്ത് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയതായി കെ എസ് ഇ ബി അറിയിച്ചു. ഈ മാസം 14 വരെയുള്ള കണക്കനുസരിച്ച് 86 ദശലക്ഷം യൂനിറ്റാണ് ഉപയോഗം. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഏകദേശം 12 ശതമാനത്തിന്റെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളചരിത്രത്തിൽ 1,000 മെഗാവാട്ട് വൈദ്യുതി ആവശ്യകതയിലേക്ക് ജൂലൈ മാസത്തിൽ ഇതിനുമുമ്പ് പോയിട്ടില്ല. പീക്ക് സമയങ്ങളിൽ വൈദ്യുതി ഉപയോഗത്തിന്റെ അളവ് ഗണ്യമായി കൂടിയത് സാഹചര്യം ഗുരുതരമാക്കിയെന്നാണ് കെ എസ് ഇ ബിയുടെ വാദം.

Content Highlights: The Electricity Regulatory Commission approved KSEB’s contract to buy 200 MW of power for a year to tackle the acute shortage. Power will be purchased at 5.96 rupees per unit from NTPS and Adani Group. Daily power consumption in Kerala has surged by 12 percent, hitting a ten-year record high.

Latest