Connect with us

Kerala

കെ എസ് ഇ ബി  പ്രതിദിനം സ്വകാര്യ നിലയങ്ങളില്‍ നിന്ന് വാങ്ങുന്നത് 45.5 മെഗാവാട്ട് വൈദ്യുതി

ഏറ്റവും ഉയര്‍ന്ന വില നല്‍കുന്നത് മീന്‍വല്ലം വൈദ്യുതി നിലയത്തിന്

Published

|

Last Updated

പത്തനംതിട്ട | സംസ്ഥാനത്ത് കെ എസ് ഇ ബി ലിമിറ്റഡ് പവര്‍ പര്‍ച്ചേയ്സ് എഗ്രിമെന്റ് പ്രകാരം ഏഴു സ്വകാര്യ ജലവൈദ്യുതി നിലയങ്ങില്‍ നിന്നും വെദ്യുതി വാങ്ങുന്നു. 4.5 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള ഇരുട്ടുകാനം വിയാട്ട് പവര്‍ പ്രൈവറ്റ് ലിമിറ്റഡ്, മൂന്നു മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം വൈദ്യുതി നിലയം, 7 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള അളളുങ്കല്‍ ഇ ഡി സി എല്‍ പവര്‍ പ്രോജക്ട് ലിമിറ്റഡ്, 15 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള കാരികയം അയ്യപ്പ ഹൈഡ്രോ പവര്‍ ലിമിറ്റഡ്,  എട്ടു മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള പാതങ്കയം മീനാര്‍ അല്ലോയ്ഡ് ആന്‍ഡ് ഫോര്‍ജിങ് പ്രൈവറ്റ് ലിമിറ്റഡ്, 8 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള ആനക്കാം പൊയില്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡ്, 4.5 മെഗാവാട്ട് ശേഷിയുള്ള അരിപ്പാറ സിയാല്‍ ഇന്‍പഫ്രാ സ്ട്രക്ചന്‍ ലിമിറ്റഡ് എന്നിവയില്‍ നിന്നുമാണ് പവര്‍ പര്‍ച്ചേയ്സ് എഗ്രിമെന്റ് പ്രകാരം കെ എസ് ഇ ബി ലിമിറ്റഡുമായി വൈദ്യുതി വാങ്ങുന്നത്.

നിലവിലുള്ള കരാര്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന തുക നല്‍കി വൈദ്യുതി വാങ്ങുന്നത് പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ മീന്‍വല്ലം വൈദ്യുതി നിലയില്‍ നിന്നുമാണ്. യൂനിറ്റിന് 4.88 രൂപയ്ക്കാണ് കെ എസ് ഇ ബി ലിമിറ്റഡ് ഇവിടെ നിന്നും വൈദ്യുതി വാങ്ങുന്നത്. അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടിന്റെ കാരികയം നിലയത്തില്‍ നിന്നും 4.16 രൂപക്കും ആനക്കാംപൊയില്‍ പവര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും നാലു രൂപക്കും  പതങ്കയം മീനാര്‍ അല്ലോയ്‌സ് ആന്‍ഡ് ഫോര്‍ജിങ് പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 3.49 രൂപക്കും അള്ളുങ്കല്‍ ഇ ഡി സി എല്‍ പവര്‍ പ്രോജക്ട് ലിമിറ്റഡില്‍ നിന്ന് 2.44 രൂപയ്ക്കും ഇരുട്ടുകാനം വിയാട്ട് പവര്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 2.7 രൂപയ്ക്കുമാണ് കേരളാ സ്റ്റേറ്റ് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ച താരീഫിന്റെ അടിസ്ഥാനത്തില്‍ കെ എസ് ഇ ബി വൈദ്യുതി വാങ്ങുന്നത്.  ഇവയില്‍ നിന്നും പ്രതിദിനം 45.5 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനാണ് റെഗുലേറ്ററി കമ്മീഷന്റെ അനുവാദത്തോടെ സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുള്ളത്.

ഇതു കൂടാതെ 12 മെഗാവാട്ട് ഉല്‍പ്പാദന ശേഷിയുള്ള മണിയാര്‍ കാര്‍ബൊറാണ്ടം ഹൈഡ്രോ ഇലക്ട്രിക്ക് പ്രോജക്ടും 21 മെഗാവാട്ട് ഉല്‍പ്പാദനശേഷിയുള്ള കുത്തുങ്കല്‍ ജലവൈദ്യുത പദ്ധതിയും സ്വകാര്യ മേഖലയില്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടൊപ്പം സ്വകാര്യ മേഖലയില്‍ അനുമതി നല്‍കാന്‍ കഴിയുന്ന ഒരു അപേക്ഷ നിലവില്‍  സര്‍ക്കാരിന്റെ പരിഗണനയിലുമാണ്. മാര്‍ച്ച്  17ന് സംസ്ഥാന വൈദ്യുതി മന്ത്രി കെ കൃഷണന്‍കുട്ടി നിയമസഭയില്‍ എം എല്‍ എമാരായ കുറുക്കോളി മൊയ്തീന്‍, ഡോ. എം കെ മുനീര്‍, പി അബ്ദുല്‍ ഹമീദ് എന്നിവരുടെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് സ്വകാര്യ വൈദ്യുതി നിലയങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

Latest