Connect with us

Kerala

രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിംഗ് പ്രഖ്യാപിച്ചു ആർക്കിടെക്ചറിൽ കോഴിക്കോട് എൻ ഐ ടിക്ക് രണ്ടാം റാങ്ക്; മാനേജ്മെന്റിൽ ഐ ഐ എം

സർവകലാശാലാ വിഭാഗത്തിൽ ജെ എൻ യു, ജാമിഅ മില്ലിയ്യ, അലിഗഢ് ആദ്യ പത്തിൽ

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തുന്നതിന് നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിംഗ് ഫ്രെയിംവർക്ക് ഏർപ്പെടുത്തിയ “ഇന്ത്യ റാങ്കിംഗ് 2021′ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ പുറത്തിറക്കി. ആർക്കിടെക്ചർ വിഭാഗത്തിൽ കോഴിക്കോട് എൻ ഐ ടിക്ക് രണ്ടാം റാങ്കും മാനേജ്മെന്റ് വിഭാഗത്തിൽ കോഴിക്കോട് ഐ ഐ എമ്മിന് നാലാം റാങ്കും ലഭിച്ചു. ഓവറോൾ വിഭാഗത്തിൽ മദ്രാസ് ഐ ഐ ടി ഒന്നാം റാങ്ക് നേടി. ഓവറോൾ വിഭാഗത്തിൽ കേരള സർവകലാശാലക്ക് 43ാം റാങ്കും എം ജി സർവകലാശാലക്ക് 52, കുസാറ്റ് 65, കാലിക്കറ്റ് സർവകലാശാലക്ക് 95 റാങ്കുമാണ് ലഭിച്ചത്.

സർവകലാശാലാ വിഭാഗത്തിൽ കേരള സർവകലാശാലക്ക് 27ാം റാങ്കും മഹാത്മാ ഗാന്ധി സർവകലാശാലക്ക് 31ാം റാങ്കും ലഭിച്ചു. സർവകലാശാലാ വിഭാഗത്തിൽ കർണാടക ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആണ് ഒന്നാം സ്ഥാനത്ത്. ആദ്യ പത്തിൽ ജവഹർലാൽ നെഹ്‌റു സർവകലാശാല (രണ്ട്), ബനാറസ് ഹിന്ദു സർവകലാശാല (മൂന്ന്), തമിഴ്‌നാട്ടിലെ അമൃത വിശ്വ വിദ്യാ പീഠം (അഞ്ച്), ജാമിഅ മില്ലിയ ഇസ്്ലാമിയ (ആറ്), കർണാടകയിലെ മണിപ്പാൽ അക്കാദമി ഓഫ് ഹയർ എജ്യുക്കേഷൻ (ഏഴ്), ഹൈദരാബാദ് സർവകലാശാല (ഒമ്പത്), അലിഗഢ് മുസ്്ലിം സർവകലാശാല (10) എന്നിവ ഉൾപ്പെട്ടു.

രാജ്യത്തെ ഏറ്റവും മികച്ച മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്സിനാണ് ഒന്നാം റാങ്ക്. തമിഴ്‌നാട്ടിലെ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് മൂന്നാം റാങ്കും തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി ഒന്പതാം റാങ്കും കരസ്ഥമാക്കി.
മാനേജ്‌മെന്റ്പഠന സ്ഥാപനങ്ങളിൽ അഹ്്മദാബാദ് ഐ ഐ എം ഒന്നാം റാങ്ക് നേടി. നിയമപഠന സ്ഥാപനങ്ങളിൽ ബെംഗളൂരുവിലെ എൻ എൽ യു എസ് ഐ യു ഒന്നും ഡൽഹി നാഷനൽ ലോ സർവകലാശാല രണ്ടും റാങ്ക് നേടി.

ആർക്കിടെക്ചർ സ്ഥാപനങ്ങളിൽ ഐ ഐ ടി റൂർഖിക്കാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം എൻജിനീയറിംഗ് കോളജ് 11ാം റാങ്ക് നേടി. ഫാർമസ്യൂട്ടിക്കലിൽ ഡൽഹി ജാമിഅ ഹംദർദ് സർവകലാശാലക്കാണ് ഒന്നാം റാങ്ക്. എൻജിനീയറിംഗ് കോളജുകളിൽ തമിഴ്‌നാട്, ഡൽഹി, മഹാരാഷ്്ട്ര എൻ ഐ ടികൾ ആദ്യ മൂന്ന് സ്ഥാനങ്ങൾ നേടി.

കേരളത്തിൽ നിന്നുള്ള കോഴിക്കോട് എൻ ഐ ടിക്ക് 25ാം റാങ്കും തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പേസ് സയൻസ് 40ാം റാങ്കും തിരുവനന്തപുരം എൻജിനീയറിംഗ് കോളജ് 95ാം റാങ്കും നേടി. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കിടയിൽ നടത്തുന്ന “ഇന്ത്യ റാങ്കിംഗിന്റെ’ തുടർച്ചയായ ആറാമത്തെ പതിപ്പാണിത്.

കേരളത്തെിലെ മികച്ച കോളജുകൾ റാങ്ക് ക്രമത്തിൽ
25. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജ്.
31. രാജഗിരി കോളജ് ഓഫ് സോഷ്യൽ സയൻസ്.
44. മാർ ഇവാനിയോസ് കോളജ്.
45. സെന്റ് തെരേസാസ് കോളജ്.
46. തിരുവനന്തപുരം വിമൻസ് കോളജ്.
63. തേവര സേക്രട്ട് ഹാർട്ട് കോളജ്.
64 സെന്റ്തോമസ് കോളജ്, തൃശൂർ.
69. കോഴിക്കോട് സെന്റ് ജോസഫ് കോളജ്.
73. കോഴിക്കോട് ഫാറൂഖ് കോളജ്.
79. എസ് ബി കോളജ് ചങ്ങനാശ്ശേരി.
80. തിരുവല്ല മാർത്തോമ കോളജ്.
82. കാസർകോട് ഗവ. കോളജ്
86. കോതമംഗലം മാർ അത്തനാസിയോസ് കോളജ്.
89. ആലപ്പുഴ ബിഷപ് മൂർ കോളജ്.
89. ബി കെ കോളജ് അമലഗിരി (കോട്ടയം).
92. മഹാരാജാസ് കോളജ് എറണാകുളം.
93. സി എം എസ് കോളജ് (കോട്ടയം).
97. കണ്ണൂർ ബ്രണ്ണൻ കോളജ്.
99. പാലക്കാട് വിക്്ടോറിയ കോളജ്.