Connect with us

koodathai case

കൂടത്തായി കൂട്ടക്കൊല: ദേശീയ ഫോറന്‍സിക് ലാബ് റിപ്പോര്‍ട്ട് കേസിനെ ബാധിക്കുമോ?

കാലപ്പഴക്കം കൊണ്ടുള്ള സ്വാഭാവിക ഫലമെന്ന് കെ ജി സൈമണ്‍

Published

|

Last Updated

കോഴിക്കോട് | കൂടത്തായി കൂട്ടക്കൊലക്കേസില്‍ ദേശീയ ഫോറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതു കേസിനെ ബാധിക്കുമോ എന്ന് ആശങ്ക പടര്‍ന്നു.

മരണപ്പെട്ട നാലുപേരുടെ ശരീരത്തില്‍ സയനൈഡിന്റെയോ വിഷത്തിന്റെയോ അംശമില്ലെന്നാണ് റിപ്പോര്‍ട്ട്.വിദ്യാഭ്യാസ വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥന്‍ ടോം തോമസ്, ഭാര്യ അന്നമ്മ തോമസ്, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, പ്രതി ജോളിയുടെ ഭര്‍ത്താവ് ഷാജു സ്‌കറിയയുടെ ആദ്യ ഭാര്യ സിലിയിലുള്ള മകള്‍ രണ്ട് വയസ്സുളള ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ സാമ്പിളുകളിലെ രാസ പരിശോധനാ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയി തോമസ്, രണ്ടാമത്തെ ഭര്‍ത്താവിന്റെ ആദ്യ ഭാര്യ സിലി എന്നിവരുടെ മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയപ്പോള്‍ സയനൈഡിന്റെ അംശം കണ്ടെത്തിയിരുന്നു.
കേസില്‍ വിചാരണ ആരംഭിക്കാനിരിക്കെ നിര്‍ണായക ലാബ് റിപ്പോര്‍ട്ട് കൂടത്തായി കേസ് കൂടുതല്‍ സങ്കീര്‍ണമാക്കുമോ എന്നാണ് ആശങ്ക. 2002 മുതല്‍ 2016 വരെയുളള കാലത്ത് സ്വന്തം കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് എന്ന വീട്ടമ്മ കൊലപ്പെടുത്തിയെന്നാണ് കേസ്.

എന്നാല്‍, കേന്ദ്ര ഫോറന്‍സിക്ക് ലാബിലെ പരിശോധനാ ഫലം കൂടത്തായി കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന റിട്ട. എസ് പി. കെ ജി സൈമണ്‍ അഭിപ്രായപ്പെട്ടു. സംസ്ഥാനത്തെ ഫോറന്‍സിക്ക് ലാബില്‍ പരിശോധിച്ചപ്പോഴും ഈ നാലു മൃതദേഹങ്ങളില്‍ നിന്ന് വിഷത്തിന്റെയോ സൈയ് നേഡിന്റെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
അത് കാലപ്പഴക്കം കൊണ്ടു സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഇത് മനസിലാക്കി ഈ നാലു പേരുടെയും മരണം സംബന്ധിച്ചു പരിശോധിക്കാന്‍ ഡോക്ടറുമാരുടെ ഒരു പാനല്‍ തയ്യാറാക്കുകയും അവരുടെ റിപ്പോര്‍ട്ട് ലഭ്യമാക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്ത് നടത്തിയ പരിശോധ ഫലം കൂടുതല്‍ ഉറപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്ര ലാബിലേക്ക് അയച്ചത്.

2002 മുതല്‍ 2014 വരെയുള്ള കാലത്താണ് ഇവര്‍ മരിച്ചത്. 2019 ലാണ് ഇവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുത്ത് പരിശോധനക്കയച്ചത്.

അന്നമ്മ തോമസിനെ ഡോഗ് കില്‍ എന്ന വിഷം ഉപയോഗിച്ചും മറ്റു മൂന്നു പേരെ സയനൈഡ് നല്‍കിയും ഒന്നാം പ്രതി ജോളി കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ കേസ്. റോയ് തോമസ് , സിലി എന്നിവരുടെ മൃതദേഹത്തില്‍ സയനൈഡ് സാന്നിധ്യം കണ്ടെത്തിയിരുന്നു.

 

---- facebook comment plugin here -----

Latest