Connect with us

Health

ബ്രെയിന്‍ ട്യൂമറിനെ അറിയാം

തലച്ചോറിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന ലക്ഷണം തലവേദനയാണ്.

Published

|

Last Updated

ഇന്ന് ജൂണ്‍ 8. ലോക ബ്രെയിന്‍ ട്യൂമര്‍ ദിനം. എല്ലാ വർഷവും ലോക ബ്രെയിൻ ട്യൂമർ ദിനത്തിൽ ഈ രോഗത്തെക്കുറിച്ച് അവബോധം വളർത്താനായി ലോകം ഒന്നിക്കുന്നു. ഈ അന്താരാഷ്ട്ര ദിനം പൊതുജനങ്ങളെ ബോധവൽക്കരിക്കാനും മെച്ചപ്പെട്ട രോഗി പരിചരണത്തിനായി വാദിക്കാനും ഈ വെല്ലുവിളി നിറഞ്ഞ അവസ്ഥയിൽ ജീവിക്കുന്നവരുടെ പ്രതിരോധ ശ്രമങ്ങള്‍ക്ക് മികച്ച പിന്തുണ നല്‍കാനുമായി ലക്ഷ്യമിടുന്നു.

ബ്രെയിൻ ട്യൂമറുകളെ ഗുരുതരമായ ആഗോള ആരോഗ്യ പ്രശ്‌നമായാണ് പരിഗണിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ ( WHO) കണക്കനുസരിച്ച്, പ്രായപൂർത്തിയായവരിലുണ്ടാകുന്ന അർബുദങ്ങളില്‍ ഏകദേശം രണ്ടു ശതമാനവും കുട്ടികളെ ബാധിക്കുന്ന ക്യാൻസറുകളിൽ 1.9 ശതമാനവും മസ്തിഷ്ക മുഴകളായാണ് കാണപ്പെടുന്നത്. ഈ നിരക്ക് ഭൂമിശാസ്ത്രപരമായി വ്യത്യാസപ്പെടാം. അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വികസിത രാജ്യങ്ങളിലാണ് ഉയർന്ന നിരക്കുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

തലച്ചോറിലെ കോശങ്ങളുടെ അസാധാരണ വളര്‍ച്ചയാണ് ബ്രെയിന്‍ ട്യൂമര്‍. ട്യൂമര്‍ തന്നെ പലവിധമുണ്ട്. അത്യന്തം അപകടകാരികളും താരതമ്യേന നിര്‍ദ്ദോഷികളുമെന്ന് അവയെ വേര്‍തിരിക്കാം. ട്യൂമറുകളുടെ സ്ഥാനവും വളര്‍ച്ചയുടെ തീവ്രതയും അനുസരിച്ച് ദോഷകരമല്ലാത്തവയേയും ഗുരുതരമായവയെയും തരം തിരിച്ചറിയുക പ്രധാനമാണ്. മനുഷ്യന്‍റെ മസ്തിഷ്ക കോശങ്ങളെ ബാധിക്കുന്ന 120-ല്‍ അധികം ട്യൂമറുകളെ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

ബ്രെയിന്‍ ട്യൂമറിന്റെ പ്രധാന ലക്ഷണം തലവേദനയാണ്. തലച്ചോറിന്റെ ഏത് ഭാഗത്താണ് ട്യൂമര്‍ പിടിപ്പെട്ടിരിക്കുന്നത് എന്നതിനെ ആശ്രയിച്ചായിരിക്കും വേദനയും അനുഭവപ്പെടുന്നത്. ഇടവിട്ടിടവിട്ടുള്ള ഈ കഠിന തലവേദന ട്യൂമറുള്ള സ്ഥലത്തെ കേന്ദ്രീകരിച്ചായിരിക്കും അനുഭവപ്പെടുക. മസ്തിഷ്‌കത്തിനുള്ളില്‍ ട്യൂമര്‍ വളരുമ്പോള്‍, അത് ആ ഭാഗത്ത് സമ്മര്‍ദം ചെലുത്തുകയും ശരീരത്തിന്‌റെ ആ ഭാഗത്തെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും ചെയ്യുന്നതിനാലാണ് തീവ്രമായ വേദന അനുഭവപ്പെടുന്നത്.

കാഴ്ചയിലും വ്യത്യാസങ്ങളുണ്ടാകും. അതായത് വസ്തുക്കളെ രണ്ടായി കാണുക,  മങ്ങലുണ്ടാവുക, എന്നിങ്ങനെ. ട്യൂമര്‍ ബാധിച്ച സ്ഥലത്തെ ആശ്രയിച്ച് ഓര്‍മക്കുറവ് ഉണ്ടാകുവാനും, അപസ്മാരം ഉണ്ടാകുവാനും സാധ്യത ഉണ്ട്. ഞരമ്പുകള്‍ക്ക് ചിലപ്പോള്‍ ബലക്ഷയവും അതുമൂലം ശരീരത്തിന്റെ ഒരു ഭാഗത്തിന് തളര്‍ച്ചയും ഉണ്ടാകാം.

തലച്ചോറില്‍ എവിടെയാണ് ട്യൂമര്‍ ബാധിച്ചത് എന്നതിനെ ആശ്രയിച്ച് ലക്ഷണങ്ങളിലും വ്യത്യാസങ്ങളുണ്ടാകും. അപസ്മാരവും ബ്രെയിന്‍ ട്യൂമറിനു മുന്നോടിയായിട്ടുള്ള ലക്ഷണമാകാം.

ബ്രെയിന്‍ ട്യൂമര്‍ എങ്ങനെ കണ്ടുപിടിക്കാം?

ട്യൂമര്‍ കണ്ടുപിടിക്കുവാന്‍ പ്രാഥമികമായി ആശ്രയിക്കുന്നത് സ്‌കാനിംഗാണ്. അതില്‍ തന്നെ എം ആര്‍ ഐ സ്‌കാനിംഗാണ് കൂടുതലായി ഉപയോഗപ്പെടുത്തുന്നത്. സിഎസ്എഫ് എന്നറിയപ്പെടുന്ന സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡിന്റെ പരിശോധനയും തലച്ചോറിനെ ബാധിക്കുന്ന ട്യൂമര്‍ കണ്ടെത്താന്‍ സഹായിക്കാറുണ്ട്.

താരതമ്യേന കുട്ടികളില്‍ ബ്രെയിന്‍ ട്യൂമര്‍ കൂടുതലായി കാണപ്പെടുന്നുവെന്നതാണ് വര്‍ത്തമാനകാലത്തെ ഏറ്റവും വലിയ ആശങ്ക. പല കേസുകളും‌ ജനിതകമായി പകര്‍ന്നു കിട്ടുന്നതാണ്. മാതാപിതാക്കളിലാരുടെയെങ്കിലും ജീനില്‍ നിന്ന് കുട്ടിയിലേക്ക് കൈമാറപ്പെടുന്നവ. രണ്ടുപേരിലും പോസിറ്റീവ് ഘടകങ്ങളുണ്ടെങ്കില്‍ രോഗം വരാനുള്ള സാദ്ധ്യത വര്‍ദ്ധിക്കുന്നു. പലതരം റേഡിയേഷനുകളില്‍ നിന്നും‌ ബ്രെയിൻ ട്യൂമര്‍ വരാമെന്ന് പറയുമ്പോഴും ഈ രോഗത്തിന്‍റെ ഉത്ഭവത്തെക്കുറിച്ച് കൃത്യമായ കാരണങ്ങള്‍ കണ്ടെത്തിയിട്ടില്ല.

ബ്രെയിൻ ട്യൂമറിന്‍റെ ലക്ഷണങ്ങളായ നിരന്തര തലവേദന , കാഴ്ച മങ്ങല്‍ , ശരീരത്തിന്‍റെ ബാലന്‍സിംഗ് നഷ്ടപ്പെടല്‍ എന്നിവ അനുഭവപ്പെട്ടാല്‍ എത്രയും വേഗം ഒരു ഡോക്ടറെ സമീപിച്ച് വേണ്ട പരിശോധനങ്ങള്‍ നടത്തണം. നേരത്തേയുള്ള രോഗനിർണ്ണയം ചികിത്സയില്‍ വളരെ പ്രധാനമാണെന്നത് മറക്കരുത്.

രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആവശ്യമായ പിന്തുണ നല്‍കുക. കൂടുതൽ ഗവേഷണങ്ങള്‍ക്കായി ഭരണാധികാരികളില്‍ സമര്‍ദ്ദം ചെലുത്തുക എന്നിവയാണ് ലോക ബ്രെയിൻ ട്യൂമർ ദിനത്തിന്‍റെ സന്ദേശം. അവനവനേയും സമൂഹത്തേയും ഈ മാരകരോഗത്തില്‍ നിന്ന് രക്ഷിക്കാനായി നമുക്ക് പൊരുതാം.

Latest