Connect with us

Stray dog ​​attack

അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുവദിക്കണം: കേരളം സുപ്രീം കോടതിയില്‍

കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും നേരത്തെ നല്‍കിയ ഹരജിക്ക് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ നേരിട്ട് സുപ്രീം കോടതിയെ സമീപിച്ചത്

Published

|

Last Updated

ന്യൂഡല്‍ഹി | തെരുവുകളില്‍ വലിയ ഭീതി സൃഷ്ടിക്കുന്ന അക്രമകാരികളായ നായകളെ കൊല്ലാന്‍ അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രിം കോടതിയെ സമീപിച്ചു. കണ്ണൂര്‍ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോര്‍പറേഷനും സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാറും കോടതിയിലെത്തിയത്. തെരുവുനായ്ക്കളുടെ ആക്രമണം സംസ്ഥാനത്ത് രൂക്ഷമാണെന്ന് ചൂണ്ടിക്കാട്ടിയ സര്‍ക്കാര്‍ അപകടകാരികളായ നായകളെ കുത്തിവെച്ച് കൊല്ലാന്‍ അനുവദിക്കണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എബിസി പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയെ കൂടി ഉള്‍പ്പെടുത്തണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

നിലവിലെ നിയമം അനുസരിച്ച് സംസ്ഥാനത്തെ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ വേണ്ട നടപടികളെടുക്കാന്‍ സര്‍ക്കാറിന് കഴിയുന്നില്ല. പേവിഷബാധയേറ്റുള്ള മരണം സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യം കൂടി പരിഗണിച്ച് നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടു.

നിലവില്‍ തെരുവ് നായകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി സുപ്രീം കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ നിന്നുള്ള വി കെ ബിജുവാണ് ഇക്കാര്യവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് വേണ്ടി പ്രസിഡന്റ് പി പി ദിവ്യയും കോഴിക്കോട് കോര്‍പറേഷന് വേണ്ടി സെക്രട്ടറി ബിനി കെ യുമാണ് സുപ്രീം കോടതിയില്‍ കക്ഷി ചേരല്‍ അപേക്ഷ ഫയല്‍ ചെയ്തത്.

1994-ലെ പഞ്ചായത്തി രാജ് നിയമത്തിലും മുന്‍സിപ്പാലിറ്റി നിയമത്തിലും മനുഷ്യന് ഭീഷണി സൃഷ്ടിക്കുന്ന അക്രമകാരികളായ തെരുവ് നായകള്‍, പന്നികള്‍, എന്നിവയെ കൊല്ലാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കിയിരുന്നു. എന്നാല്‍ 2001-ലെ എ ബി സി ചട്ടങ്ങള്‍ നിലവില്‍ വന്നതിന് ശേഷം തെരുവ് നായകളെ കൊല്ലുന്നതിനുള്ള അധികാരം തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇല്ലെന്ന് കേരള ഹൈക്കോടതി വിധിക്കുകയായിരുന്നു.

Latest