Connect with us

Editorial

വാഹനപ്പെരുപ്പത്തില്‍ വീര്‍പ്പുമുട്ടുന്ന കേരളം

വാഹനപ്പെരുപ്പവും ഉപയോഗവും നിയന്ത്രിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ് കേരളത്തില്‍. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുകയാണ് വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണത്തിന്റെ തോത് കുറക്കാനുള്ള ഒരു മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനു പക്ഷേ പൊതുഗതാഗതം കാര്യക്ഷമവും ആകര്‍ഷണീയവുമാകണം.

Published

|

Last Updated

മറ്റൊരു ഡല്‍ഹിയായി മാറുമോ കേരളം? അന്തരീക്ഷ മലിനീകരണം കൊണ്ട് പൊറുതിമുട്ടുമോ നമ്മുടെ സംസ്ഥാനവും? വന്‍തോതിലുള്ള വാഹന വര്‍ധനവാണ് ആശങ്കക്ക് കാരണം. അമ്പരപ്പിക്കുന്ന വര്‍ധനവാണ് കഴിഞ്ഞ രണ്ട് ദശകത്തിനിടയില്‍ സംസ്ഥാനത്ത് മോട്ടോര്‍ വാഹനങ്ങളുടെ എണ്ണത്തിലുണ്ടായത്. 2000ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത മോട്ടോര്‍ വാഹനങ്ങളുടെ എണ്ണം 20,97,863 ആയിരുന്നുവെങ്കില്‍ 2015ല്‍ നാല് മടങ്ങായി വര്‍ധിച്ച് 80,48,673ല്‍ എത്തി. 2021 അവസാനത്തില്‍ 1.56 കോടിയായി ഉയര്‍ന്നു. മൂന്നരക്കോടിയാണ് സംസ്ഥാനത്തെ ജനസംഖ്യ. 2021ല്‍ മാത്രം 7.64 ലക്ഷം പുതിയ വാഹനങ്ങള്‍ ഇറങ്ങി. പുതുതായി പ്രതിദിനം ശരാശരി 1,500 വാഹനങ്ങള്‍ വീതം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുന്നതായിട്ടാണ് സമീപകാല പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിനിടയിലും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 19.39 ശതമാനം വര്‍ധനവുണ്ടായി. ഇരുചക്ര വാഹനങ്ങളിലാണ് ഏറ്റവും കൂടുതല്‍ വര്‍ധന.

പിതാവിനും മാതാവിനും മക്കള്‍ക്കുമായി അര ഡസനില്‍ അധികം വാഹനങ്ങളുള്ള വീടുകള്‍ വരെയുണ്ട് കേരളീയ നഗരങ്ങളില്‍. ഇരുചക്ര, നാലുചക്ര വിഭാഗങ്ങളിലായി ഒന്നോ രണ്ടോ വാഹനങ്ങള്‍ കൊണ്ട് അത്യാവശ്യ കാര്യങ്ങള്‍ നിറവേറ്റാമെന്നിരിക്കെ ചില കുടുംബങ്ങള്‍ വാഹനങ്ങള്‍ വാങ്ങിക്കൂട്ടുന്നു. ഒരു വാഹനമെങ്കിലും ഇല്ലാത്ത വീടുകള്‍ അപൂര്‍വമാണ്. ഒരു കാലത്ത് കിലോമീറ്ററുകളോളം നടന്നവരാണ് മലയാളികള്‍. ഇന്നിപ്പോള്‍ ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കാനായി അതിരാവിലെ ചിലര്‍ നടക്കാറുണ്ടെന്നതൊഴിച്ചാല്‍ മലയാളികള്‍ക്ക് പൊതുവെ നടക്കാന്‍ മടിയാണ്. വളരെ അടുത്തുള്ള സ്ഥലങ്ങളില്‍ പോകുന്നതിനു പോലും വാഹനങ്ങളെ ആശ്രയിക്കുന്നു മലയാളി. ഷുഗര്‍, കൊളസ്ട്രോള്‍, പ്രഷര്‍ തുടങ്ങി പല ജീവിതശൈലീ രോഗങ്ങളും വന്‍തോതില്‍ വര്‍ധിക്കുന്നുവെന്നതാണ് അനന്തരഫലം.

നിശ്ശബ്ദ കൊലയാളി എന്നു വിശേഷിപ്പിക്കപ്പെടുന്ന വായു മലിനീകരണത്തില്‍ മോട്ടോര്‍ വാഹനങ്ങളുടെ പങ്ക് വളരെ വലുതാണ്. അടുത്തിടെ മുംബൈ ഐ ഐ ടിയുടെ പഠനത്തിലെ കണ്ടെത്തല്‍, അന്തരീക്ഷ മലിനീകരണത്തിന്റെ 70 ശതമാനത്തോളം വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന പുകമൂലമാണെന്നാണ്. വാഹനങ്ങള്‍ പുറത്തുവിടുന്ന പുകയില്‍ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രിക് ഓക്‌സൈഡ്, സള്‍ഫര്‍ഡൈ ഓക്‌സൈഡ്, ലെഡിന്റെ ചെറുകണികകള്‍, കത്തിത്തീരാത്ത ഇന്ധനത്തിന്റെ അംശം, ബെന്‍സീന്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ചരക്കുലോറി ഒരു കിലോമീറ്റര്‍ പിന്നിടുമ്പോള്‍ 515 ഗ്രാം കാര്‍ബണ്‍ഡയോക്‌സെഡും 3.6 ഗ്രാം കാര്‍ബണ്‍മോണോക്‌സൈഡും പുറന്തള്ളുന്നുണ്ട്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയണ്‍മെന്റ് (സി എസ് ഇ) മലിനീകരണ നിയന്ത്രണ വിഭാഗത്തിന്റെയും കാലാവസ്ഥാ വകുപ്പിന്റെയും സഹകരണത്തോടെ നടത്തിയ പഠനത്തില്‍ കേരളം അടക്കമുള്ള തെക്കന്‍ സംസ്ഥാനങ്ങളും വായു മലിനീകരണത്തിലേക്ക് നീങ്ങുന്നതായി കണ്ടെത്തുകയുണ്ടായി. കേരളത്തിലെ വായു മലിനീകരണ തോത് അപകടകരമായ അവസ്ഥയിലാണെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ടും മുന്നറിയിപ്പ് നല്‍കുന്നു. ഇത് മനുഷ്യന്റെയും മറ്റ് ജീവജാലങ്ങളുടെയും നിലനില്‍പ്പിന് ഭീഷണിയാണ്. ആസ്ത്മ, ചുമ, ശ്വാസതടസ്സം, നെഞ്ചില്‍ പിരിമുറുക്കം, കണ്ണുകള്‍ക്ക് അസ്വസ്ഥത തുടങ്ങി പലവിധ ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു വായു മലിനീകരണം. കുട്ടികളിലും പ്രായം ചെന്നവരിലും വിശേഷിച്ചും. കേരളത്തില്‍ 10 ശതമാനം പേരില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുണ്ടെന്നാണ് കണക്ക്. ജനസാന്ദ്രത കൂടുതലുള്ള കേരളത്തില്‍ വായു കൂടുതല്‍ മലിനപ്പെട്ടാല്‍ ദൂഷ്യഫലങ്ങള്‍ ഭയാനകമായിരിക്കും. അന്തരീക്ഷ മലിനീകരണത്തിനു പുറമെ റോഡപകടങ്ങളുടെ പെരുപ്പത്തിനും ഇടയാക്കുന്നു വാഹനങ്ങളുടെ പെരുപ്പം. ജനസംഖ്യയുടെ മൂന്ന് ശതമാനത്തെ ഉള്‍ക്കൊള്ളുന്ന നമ്മുടെ കൊച്ചു കേരളത്തിലാണ് രാജ്യത്തെ മൊത്തം വാഹനാപകടത്തിന്റെ 10 ശതമാനമെന്നത് അമ്പരപ്പോടെ തിരിച്ചറിയപ്പെടേണ്ട വസ്തുതയാണ്.

അന്തരീക്ഷ മലിനീകരണം രൂക്ഷമായതിനെ തുടര്‍ന്ന് 2019 അവസാനത്തില്‍ ഡല്‍ഹിയില്‍ ഒറ്റ, ഇരട്ട വാഹന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രജിസ്റ്റര്‍ നമ്പര്‍ ഒറ്റ അക്കത്തില്‍ അവസാനിക്കുന്ന വാഹനങ്ങള്‍ക്ക് നിരത്തില്‍ പ്രവേശിക്കാന്‍ ചില പ്രത്യേക തീയതികളും ഇരട്ട അക്കത്തില്‍ അവസാനിക്കുന്ന രജിസ്റ്റര്‍ നമ്പറുള്ളവക്ക് മറ്റു ചില ദിവസങ്ങളും നിശ്ചയിക്കുകയായിരുന്നു അന്ന്. വായു മലിനീകരണം അതിരൂക്ഷമായതിനെ തുടര്‍ന്ന് പലതവണ സ്‌കൂളുകള്‍ അടച്ചിടേണ്ടി വന്നിട്ടുണ്ട് അവിടെ. രാജ്യത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായി അനുഭവിക്കുന്ന നഗരമാണ് ഡല്‍ഹി. പല തവണ കോടതി കയറിയതാണ് ഡല്‍ഹിയിലെ വായു മലിനീകരണം. ഇത് തടയാന്‍ ക്രിയാത്മകമായ നടപടി സ്വീകരിക്കണമെന്ന സുപ്രീം കോടതിയുടെ അന്ത്യശാസനത്തെ തുടര്‍ന്ന് വായു മലിനീകരണ നിയന്ത്രണ നടപടികള്‍ക്കായി കര്‍മ സമിതിയെയും 17 ഫ്‌ളയിംഗ് സ്‌ക്വാഡുകളെയും ചുമതലപ്പെടുത്തിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇത്തരമൊരു സ്ഥിതിവിശേഷം നമ്മുടെ നാടും കരുതിയിരിക്കേണ്ടതുണ്ട്.

വാഹനപ്പെരുപ്പവും ഉപയോഗവും നിയന്ത്രിക്കുന്നതിന് കര്‍ശന നിയന്ത്രണങ്ങള്‍ ആവശ്യമാണ് കേരളത്തില്‍. പൊതുഗതാഗത സംവിധാനം പ്രോത്സാഹിപ്പിക്കുകയാണ് വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണത്തിന്റെ തോത് കുറക്കാനുള്ള ഒരു മാര്‍ഗമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനു പക്ഷേ പൊതുഗതാഗതം കാര്യക്ഷമവും ആകര്‍ഷണീയവുമാകണം. കൃത്യനിഷ്ഠ, വൃത്തി, ജീവനക്കാരുടെ നല്ല പെരുമാറ്റം തുടങ്ങിയവ ഇതിന്റെ പ്രധാന ഘടകങ്ങളാണ്. ഒരാള്‍ മാത്രമുള്ള കാറുകളുടെ ഗതാഗതം പരമാവധി കുറക്കാനായാലും അന്തരീക്ഷ മലിനീകരണം ഒരുപരിധി വരെ നിയന്ത്രിക്കാനാകും. സൈക്കിള്‍ യാത്രയെ പ്രോത്സാഹിപ്പിക്കുന്നതും കുറഞ്ഞ ദൂര യാത്രക്ക് വാഹനം ഒഴിവാക്കി നടത്തത്തെ ആശ്രയിക്കുന്നതും മലിനീകരണ നിയന്ത്രണത്തിനു സഹായകരമാകും. ആഡംബര കാറുകളുടെയും ഇരുചക്ര വാഹന നിര്‍മാണ കമ്പനികളുടെയും താത്പര്യങ്ങള്‍ സംരക്ഷിക്കണമോ അതോ ഭീതിദമായ തോതില്‍ വര്‍ധിച്ചു വരുന്ന അന്തരീക്ഷ മലിനീകരണത്തിനും വാഹനാപകടങ്ങള്‍ക്കും അറുതിവരുത്തണോ എന്ന് തീരുമാനിക്കേണ്ടത് കേരളീയ സമൂഹമാണ്.

Latest