From the print
കാലവർഷം പിന്നിൽ; കാറ്റ് മുന്നിൽ
27 ശതമാനം മഴക്കുറവ്; തീരത്ത് അതിശക്തമായ കാറ്റ്
പാലക്കാട് | കാലവർഷം പകുതിയിലേറെ പിന്നിട്ടിട്ടും കേരളത്തിൽ പ്രതീക്ഷിച്ച തോതിൽ മഴ സജീവമാകാത്തത് ആശങ്ക വർധിപ്പിക്കുന്നു. മറുവശത്ത്, അസാധാരണ ശക്തിയാർജിച്ച കാറ്റ് തീരദേശത്തും മലയോര മേഖലയിലും നിത്യജീവിതത്തെയും വിവിധ സാമ്പത്തിക മേഖലകളെയും സാരമായി ബാധിക്കുകയാണ്. സാധാരണ കാലവർഷക്കാലത്ത് മഴയും കാറ്റും സന്തുലിതമായി അനുഭവപ്പെടാറുണ്ടെങ്കിലും ഇത്തവണ മഴ പിന്നിലാകുകയും കാറ്റ് മുന്നിലെത്തുകയും ചെയ്ത അപൂർവ സാഹചര്യമാണ് സംസ്ഥാനത്ത് രൂപപ്പെട്ടിരിക്കുന്നത്.
മഴയുടെ കുറവും ശക്തമായ കാറ്റും ഒരേ സമയം അനുഭവപ്പെടുന്നത് കാർഷികം, മത്സ്യബന്ധനം, ജലവൈദ്യുതി ഉത്പാദനം, വൈദ്യുതി വിതരണം തുടങ്ങി വിവിധ മേഖലകളിൽ പ്രതിസന്ധിക്കിടയാക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐ എം ഡി) കണക്കുകൾ പ്രകാരം ജൂൺ ഒന്ന് മുതൽ ജൂലൈ 11 വരെ സംസ്ഥാനത്ത് ലഭിച്ചത് 653.6 മി.മീറ്റർ മഴ മാത്രമാണ്. സാധാരണ ഈ കാലയളവിൽ ലഭിക്കേണ്ടത് 891.9 മി.മീറ്റർ മഴയാണ്. ഇതോടെ കേരളത്തിൽ ശരാശരി 27 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.
മലയോര ജില്ലകളിൽ
ഗുരുതര മഴക്കുറവ്
മഴക്കുറവ് ഏറ്റവും രൂക്ഷമായത് മലയോര ജില്ലകളിലാണ്. വയനാട്ടിൽ 55 ശതമാനവും ഇടുക്കിയിൽ 52 ശതമാനവും മഴ കുറഞ്ഞു. കൊല്ലം, തൃശൂർ ജില്ലകളിൽ 29 ശതമാനം വീതവും, കാസർകോട് 26 ശതമാനവും പാലക്കാട് 25 ശതമാനവും, കണ്ണൂർ, എറണാകുളം ജില്ലകളിൽ 23 ശതമാനം വീതവും മഴക്കുറവ് രേഖപ്പെടുത്തി.അതേസമയം ആലപ്പുഴ, മലപ്പുറം, കോഴിക്കോട്, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ മഴ സാധാരണ വ്യതിയാന പരിധിക്കുള്ളിലായിരുന്നു. തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് മൂന്ന് ശതമാനം അധിക മഴ ലഭിച്ചത്. സംസ്ഥാനത്തെ 14 ജില്ലകളിൽ ഏഴിടത്ത് മഴക്കുറവ് ആശങ്കാജനകമായ നിലയിലാണെന്നാണ് ഐ എം ഡിയുടെ വിലയിരുത്തൽ.
മഴ പിന്നാക്കം; കാറ്റ്
മുന്നേറ്റത്തിൽ
മഴയുടെ കുറവിനൊപ്പം കഴിഞ്ഞ ഏതാനും ദിവസങ്ങളായി സംസ്ഥാനത്ത് ശക്തമായ കാറ്റും കാലാവസ്ഥയെ കൂടുതൽ സങ്കീർണമാക്കുകയാണ്. ജൂണിൽ സാധാരണയേക്കാൾ ഇരട്ടിയോളം വേഗത്തിലാണ് കാറ്റ് വീശിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണങ്ങൾ സൂചിപ്പിക്കുന്നത്. തീരദേശത്തും മലയോരമേഖലയിലും മണിക്കൂറിൽ 40 മുതൽ 60 കി.മീറ്റർ വരെ വേഗത്തിൽ കാറ്റ് അനുഭവപ്പെടുന്നുണ്ട്. ഇടിമിന്നലോടു കൂടിയ മഴയുള്ള സമയങ്ങളിൽ ഇതിലും ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീഴുകയും വൈദ്യുതി ലൈനുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും വൈദ്യുതി വിതരണം മണിക്കൂറുകളോളം തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. കടലിൽ തിരമാലകൾ ശക്തമായതോടെ മത്സ്യബന്ധനവും പ്രതിസന്ധിയിലായി.
അസാധാരണ കാലാവസ്ഥക്ക്്
പിന്നിലെ ശാസ്ത്രീയ കാരണം
സമുദ്ര-അന്തരീക്ഷ വ്യവസ്ഥയിൽ ഒരേ സമയമുണ്ടായ നിരവധി മാറ്റങ്ങളുടെ സംയുക്ത ഫലമാണ് നിലവിലെ അസാധാരണ സാഹചര്യമെന്ന് കാലാവസ്ഥാ വിദഗ്ധർ വിശദീകരിക്കുന്നു. തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പ്രധാന ചാലകശക്തിയായ സോമാലി ജെറ്റ് സ്ട്രീം ശക്തിപ്പെട്ടതോടെ അറബിക്കടലിലൂടെ ഈർപ്പമുള്ള വായു കേരളത്തിലേക്ക് വ്യാപകമായി എത്തുന്നുണ്ട്. എന്നാൽ മഴമേഘങ്ങളുടെ രൂപവത്കരണത്തിന് ആവശ്യമായ അന്തരീക്ഷ അനുകൂലത എല്ലാ ദിവസവും ലഭിക്കാത്തതിനാൽ വ്യാപകമായി മഴ പെയ്യുന്നില്ല. അതേസമയം ഉത്തരേന്ത്യയിലെ ശക്തമായ ന്യൂനമർദ മേഖലക്കും തെക്കൻ ഇന്ത്യൻ മഹാസമുദ്രത്തിലെ ഉയർന്ന മർദ മേഖലക്കുമിടയിലെ മർദവ്യത്യാസം വർധിച്ചതാണ് കാറ്റിന്റെ വേഗം അസാധാരണമായി ഉയരാൻ കാരണമായത്.
ലക്ഷദ്വീപിന് സമീപം നിലനിൽക്കുന്ന ചക്രവാതച്ചുഴി, വിവിധ ദിശകളിൽ നിന്നുള്ള കാറ്റുകളുടെ സംഗമമേഖല (ഷിയർ സോൺ), അറബിക്കടലിലെ സാധാരണയേക്കാൾ ഉയർന്ന സമുദ്രോപരിതല താപനില എന്നിവയും നിലവിലെ കാലാവസ്ഥാ വ്യതിയാനത്തെ കൂടുതൽ ശക്തിപ്പെടുത്തുന്ന പ്രധാന ഘടകങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ജൂലൈ രണ്ടാം
പകുതിയിലേക്ക് പ്രതീക്ഷ
ഈ മാസം രണ്ടാംപകുതിയോടെ ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം രൂപപ്പെടുകയും അതിന്റെ സ്വാധീനത്തിൽ തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും സജീവമാകുകയും ചെയ്താൽ മാത്രമേ സംസ്ഥാനത്ത് വ്യാപകമായ മഴ ലഭിക്കാനുള്ള സാധ്യതയുള്ളുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുവരെ ശക്തമായ കാറ്റും ഇടവിട്ട മഴയും തുടരുമെന്നാണ് നിലവിലെ സൂചന.
Content Highlights: Kerala records a 27 percent deficit in southwest monsoon rainfall from June 1 to July 11. Hilly districts like Wayanad and Idukki are facing a severe rain shortage of over 50 percent. Meanwhile, unusual high-speed winds reaching up to 60 km/h are causing massive disruptions across the state.





