Connect with us

From the print

കോറോ ഹെൽത്തിന് പിന്നാലെ കൂട്ടപ്പിരിച്ചുവിടലുമായി ടാൽറോപ് ഐ ടി കമ്പനി

പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ആറ് മുതൽ 11 മാസം വരെയുള്ള ശമ്പളം ലഭിക്കാനുണ്ട്

Published

|

Last Updated

കൊച്ചി | അമേരിക്കൻ കമ്പനിയായ കോറോ ഹെൽത്തിലെ കൂട്ടപ്പിരിച്ചുവിടലിന് പിന്നാലെ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ടാൽറോപ് ഐ ടി കമ്പനിയിലും കൂട്ടപ്പിരിച്ചുവിടൽ. 300ഓളം ജീവനക്കാരെ പിരിച്ചുവിടുകയും സംസ്ഥാനത്തെ 38ഓളം ശാഖകൾ അടച്ചുപൂട്ടുകയും ചെയ്തു. പിരിച്ചുവിടപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും ആറ് മുതൽ 11 മാസം വരെയുള്ള ശമ്പളം ലഭിക്കാനുണ്ട്. ജീവനക്കാർ തൊഴിൽമന്ത്രി ബിന്ദു കൃഷ്ണയെ കണ്ട് നിവേദനം സമർപ്പിച്ചു.
തിരുവനന്തപുരം സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ടാൽറോപ്, കേരളത്തിലെ കോളജ് ക്യാമ്പസുകളിൽ “ക്യാമ്പസ് ഇന്നോവേഷൻ ഹബ്ബുകൾ’ സ്ഥാപിച്ച് ശ്രദ്ധേയമായ കമ്പനിയാണ്. എ ഐയുടെ വരവോടെ ഘട്ടംഘട്ടമായാണ് ജീവനക്കാരെ ഒഴിവാക്കിയത്. മൂന്ന് മാസത്തെ ശമ്പളവും സെറ്റിൽമെന്റ്തുകയും നൽകാമെന്ന് ഉറപ്പുനൽകിയിരുന്നെങ്കിലും, പാലിക്കാത്തതിനാലാണ് ജീവനക്കാർ ഇപ്പോൾ പരസ്യ പ്രതിഷേധത്തിലേക്ക് നീങ്ങുന്നത്.

കഴിഞ്ഞ മാർച്ച് 31ന് കമ്പനി അടച്ചിരുന്നു. ടാൽറോപിന്റെ കീഴിൽ തന്നെ 67ഓളം വേറെയും സ്റ്റാർട്ടപ്പുകളുണ്ട്. എ ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ഭാഗമായുള്ള സ്വാഭാവിക നടപടിയാണ് പിരിച്ചുവിടലെന്ന് മാനേജ്‌മെന്റ് പറയുന്നു. നിലവിൽ ഇത്രയും ജീവനക്കാരെ വെക്കാനുള്ള ശേഷി കമ്പനിക്കില്ല. രണ്ട് മാസം മുമ്പ് തന്നെ ജീവനക്കാർക്ക് നോട്ടീസ് നൽകിയിരുന്നു. ആനുകൂല്യങ്ങള്‍ പൂർണമായി നൽകും. പണം നഷ്ടപ്പെടുമോ എന്ന ഭീതിയിലാണ് ചില ജീവനക്കാർ പ്രതിഷേധവുമായി രംഗത്തിറങ്ങിയതെന്നാണ് കമ്പനിയുടെ വാദം.
എന്നാൽ കമ്പനിയുടെ വാദം ജീവനക്കാർ വിശ്വസിക്കുന്നില്ല. എ ഐ ആണ് പിരിച്ചുവിടലിന് കാരണമെന്ന് പറഞ്ഞിരുന്നില്ല. നിയമപരമായ പഴുതുകൾ ഉപയോഗിച്ചാണ് കമ്പനി നടപടി സ്വീകരിച്ചതെന്ന് ജീവനക്കാർ ആരോപിക്കുന്നു. ടാൽറോപിന് കീഴിലുള്ള 19 ഉപകമ്പനികളിലായാണ് ജീവനക്കാർ ജോലി ചെയ്തിരുന്നത്. പ്രതിസന്ധിയുണ്ടെന്ന് പറയുമ്പോഴും കമ്പനി മറ്റ് സംസ്ഥാനങ്ങളിൽ പുതിയ നിക്ഷേപങ്ങളുമായി മുന്നോട്ട് പോകുകയാണെന്നും ജീവനക്കാർ ആരോപിക്കുന്നു.

Content Highlights: Kochi-based IT firm Talrop has laid off around 300 employees and closed 38 branches across Kerala. Affected workers, who are owed 6 to 11 months of salary, have submitted a petition to Labour Minister Bindu Krishna. The management cited AI implementation as the reason, which the employees dispute.