editorial
തദ്ദേശ സ്ഥാപനങ്ങളിലെ ഫണ്ട് പ്രതിസന്ധി
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവെച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ അടിയന്തരാവശ്യത്തിനുള്ള വിഹിതം നല്‍കേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധി എത്ര ഗുരുതരമായാലും ജനങ്ങളുടെ അടിസ്ഥാന സേവനങ്ങള്‍ നിലച്ചുപോകരുത്.
കേരളത്തിന്റെ വികസന മാതൃകയുടെ ഏറ്റവും ശക്തമായ അടിത്തറയാണ് തദ്ദേശ സ്വയംഭരണ സംവിധാനം. അധികാരവും വിഭവങ്ങളും ജനങ്ങളുടെ ഏറ്റവും അടുത്ത ഭരണതലത്തിലേക്ക് കൈമാറണമെന്ന വികേന്ദ്രീകരണ ആശയത്തിന്റെ പ്രായോഗിക രൂപമാണ് പഞ്ചായത്തുകളും മുനിസിപാലിറ്റികളും കോര്‍പറേഷനുകളും. ജനകീയാസൂത്രണ പ്രസ്ഥാനത്തിലൂടെ രാജ്യത്തിനു തന്നെ മാതൃകയായ കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങള്‍ ഇന്ന് പക്ഷേ സാമ്പത്തിക ഞെരുക്കം കാരണം ഭരണസ്തംഭനത്തിലാണ്. സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടിന്റെ 2025ലെ അവസാന ഗഡുവും 2026 ഗഡുക്കളും ലഭിക്കാതെ വന്നതാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണം. ഇതുമൂലം അടിസ്ഥാന ക്ഷേമസേവനങ്ങള്‍ പോലും തടസ്സപ്പെട്ടിരിക്കുകയാണ്.
തദ്ദേശ സ്ഥാപനങ്ങള്‍ നിയമിച്ച താത്കാലിക ജീവനക്കാരുടെ ശമ്പളം മുടങ്ങിയിട്ട് നാല് മാസമായി. പാലിയേറ്റീവ് കെയര്‍, കിടപ്പുരോഗികളെ പരിചരിക്കുന്ന ആശ്വാസകിരണം പദ്ധതി, ഭിന്നശേഷിക്കാരുടെ സ്‌കോളര്‍ഷിപ്പ് പദ്ധതി, പട്ടിക ജാതി വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്‍ഡ്, ഡയാലിസിസ്, ആശുപത്രികളിലെ മരുന്നുവിതരണം തുടങ്ങി ജനജീവിതത്തെ നേരിട്ടു ബാധിക്കുന്ന നിരവധി കാര്യങ്ങള്‍ പ്രതിസന്ധിയിലാണ്. പാലിയേറ്റീവ് കെയര്‍ രംഗത്തെ പ്രതിസന്ധി ആശങ്കാജനകമാണ്. രാജ്യത്തിനാകെ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെടുന്നതാണ് ഈ പദ്ധതി. ആശ്വാസകിരണം പോലുള്ള പദ്ധതികള്‍ പാവപ്പെട്ടവര്‍ക്കും നിർധന കുടുംബങ്ങള്‍ക്കും വലിയ ആശ്വാസമാണ്. ഇത്തരം പദ്ധതികള്‍ ഫണ്ടില്ലാത്തത് മൂലം സ്തംഭിക്കുന്നത് കേവല സാമ്പത്തിക പ്രശ്‌നം മാത്രമായി കാണാവുന്നതല്ല. മനുഷ്യ കാരുണ്യ മേഖലയുടെ പരാജയമാണത്.
ഭിന്നശേഷിക്കാരുടെ സ്‌കോളര്‍ഷിപ്പും പട്ടികജാതി വിദ്യാര്‍ഥികളുടെ സ്റ്റൈപ്പന്‍ഡും മുടങ്ങുന്നത് സാമൂഹിക നീതിയെ ബാധിക്കും. സമൂഹത്തിലെ ഏറ്റവും പിന്നാക്കമായ വിഭാഗങ്ങള്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന ഉന്നതിയും അവസരങ്ങളും ഇത്തരം ക്ഷേമപദ്ധതികളിലൂടെയാണ് യാഥാര്‍ഥ്യമാകുന്നത്. ഡയാലിസിസ് മുടങ്ങുന്നുവെന്ന വാര്‍ത്ത അതീവ ഗൗരവതരമാണ്. ഒരു സാധാരണ ചികിത്സയല്ല ഡയാലിസിസ്; ജീവന്‍ നിലനിര്‍ത്താനുള്ള അതിപ്രധാനമായ സംവിധാനമാണ്. അതിന് ഫണ്ടിംഗില്‍ തടസ്സം നേരിടുന്നത് ഭരണപരമായ വീഴ്ചയെന്നതിനപ്പുറം ഗുരുതരമായ മനുഷ്യാവകാശ പ്രശ്‌നമാണ്. ആശുപത്രികളിലെ മരുന്നു വിതരണം മുടങ്ങുന്നത് പൊതുജനാരോഗ്യ മേഖലയെ ഗുരുതരമായി ബാധിക്കും.
കേവലം റോഡുകളും കെട്ടിടങ്ങളും നിര്‍മിക്കുകയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്ന ഏജന്‍സികളല്ല ഇന്ന് തദ്ദേശ സ്ഥാപനങ്ങള്‍. ആരോഗ്യരംഗം, വിദ്യാഭ്യാസം, സാമൂഹികനീതി, ഭിന്നശേഷി ക്ഷേമം, വയോജന ക്ഷേമം, വനിതാ ശാക്തീകരണം, കൃഷി തുടങ്ങി സമൂഹത്തിന്റെ എല്ലാ മേഖലകളിലും നിര്‍ണായക പങ്ക് വഹിക്കുന്ന ഭരണസംവിധാനമാണത്. കുടുംബ ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ വരെ പല സ്ഥാപനങ്ങളും തദ്ദേശ സ്ഥാപനങ്ങളുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. അവയില്‍ പ്രതിസന്ധി വരാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കേണ്ടതുണ്ട്.
കേരളം സാമൂഹിക വികസനത്തിന്റെ മാതൃകയായി അറിയപ്പെടുന്നത് ഗ്രാമതലത്തില്‍ വരെ പൊതുസേവനങ്ങള്‍ എത്തിക്കുന്ന തദ്ദേശ സ്വയംഭരണ സംവിധാനത്തിന്റെ കരുത്ത് കൊണ്ടാണ്. ഈ സംവിധാനം സാമ്പത്തികമായി ക്ഷീണിക്കുന്നത് വികസനത്തിന്റെ അടിത്തറ തകര്‍ക്കും. അധികാര വികേന്ദ്രീകരണം നിയമനിര്‍മാണത്തില്‍ ഒതുങ്ങരുത്. അതിനൊപ്പം സാമ്പത്തിക വികേന്ദ്രീകരണവും ഉറപ്പാക്കേണ്ടതുണ്ട്.
തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതു കൊണ്ടാണ് കഴിഞ്ഞ വര്‍ഷത്തെ അവസാന ഗഡു നല്‍കാന്‍ കഴിയാതിരുന്നതെന്നാണ് മുന്‍ തദ്ദേശ മന്ത്രി എം ബി രാജേഷിന്റെ വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മീഷനോട് സര്‍ക്കാര്‍ അനുമതി തേടിയെങ്കിലും അനുമതി നല്‍കിയില്ലത്രെ. പുതിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ഇതുവരെ ഫണ്ട് നല്‍കാത്തതെന്ന് വ്യക്തമായിട്ടില്ല. സര്‍ക്കാറിന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷാരോപണം. ഫണ്ട് പ്രതിസന്ധി വരുമ്പോള്‍ അതിനെ രാഷ്ട്രീയ ആരോപണ- പ്രത്യാരോപണങ്ങളിലേക്ക് വഴിതിരിച്ചു വിടുന്ന പ്രവണത ശരിയല്ല. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പേരിലായാലും ഭരണപരമായ ക്രമീകരണത്തിന്റെ പേരിലായാലും ഫണ്ടുകള്‍ മുടങ്ങുന്നത് ആത്യന്തികമായി ജനങ്ങളെയാണ് ബാധിക്കുന്നത്. പെരുമാറ്റച്ചട്ടം നിലവില്‍ വരുന്നതിനു മുമ്പ് ഗഡുക്കള്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ എടുക്കേണ്ടതായിരുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ നാല് മാസത്തോളം ഇതിനകം പദ്ധതി പ്രവര്‍ത്തനങ്ങളില്ലാതെ കടന്നുപോയി. വര്‍ഷാവസാനം തിടുക്കപ്പെട്ട് പണം ചെലവഴിക്കേണ്ടി വരുന്നുവെന്നതാണ് ഇതിന്റെ പരിണതി. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയും പദ്ധതി പ്രവര്‍ത്തനങ്ങളുടെയും ഗുണനിലവാരത്തെ ഇത് ബാധിക്കും. സര്‍ക്കാറിന്റെ ഫണ്ട് വിനിയോഗത്തില്‍ ക്രമീകരണങ്ങള്‍ വരുത്തി പ്രശ്‌നത്തിന് അടിയന്തര പരിഹാരം കാണേണ്ടതുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പോലുള്ള അടിയന്തര പ്രാധാന്യമില്ലാത്ത പദ്ധതികള്‍ മാറ്റിവെച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങളുടെ അടിയന്തരാവശ്യത്തിനുള്ള വിഹിതം നല്‍കേണ്ടതാണ്. വികേന്ദ്രീകരണം കേരളത്തിന്റെ അഭിമാന നേട്ടമാണെന്ന് എല്ലാ സര്‍ക്കാറുകളും രാഷ്ട്രീയ നേതാക്കളും അവകാശപ്പെടാറുണ്ട്. യഥാസമയം ഫണ്ട് നല്‍കാതെ ഭരണസ്തംഭനം സൃഷ്ടിക്കുന്നതിലൂടെ ആ പ്രഖ്യാപനങ്ങളെ പൊള്ളയാക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി എത്ര ഗുരുതരമായാലും ജനങ്ങളുടെ അടിസ്ഥാന സേവനങ്ങള്‍ നിലച്ചുപോകരുത്.
Content Highlights:
Kerala local bodies face severe administrative paralysis due to delayed state plan funds. Crucial welfare services including palliative care and student scholarships remain disrupted. Opposition leaders blame government negligence while former ministers cite election code restrictions.


