Connect with us

Kerala

ആരാകും മുഖ്യമന്ത്രി? ഡൽഹിയിൽ ചർച്ചകൾ അന്തിമഘട്ടത്തിൽ; കെ സി വേണുഗോപാലിന് മുൻതൂക്കമെന്ന് സൂചന

ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും അത് കണക്കിലെടുക്കണമെന്നുമാണ് കെ സി വേണുഗോപാൽ ചർച്ചയിൽ ഉന്നയിക്കുന്നത്.

Published

|

Last Updated

ന്യൂഡൽഹി | കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾ ക്ലൈമാക്സിലേക്ക് നീങ്ങുന്നു. എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടക്കുന്ന നിർണ്ണായക ചർച്ചകൾ ഒരു മണിക്കൂർ പിന്നിട്ടു. ചർച്ചകളിൽ കെ സി വേണുഗോപാലിന് മുൻതൂക്കം ലഭിക്കുന്നു എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

നേരത്തെ നിശ്ചയിച്ച ചർച്ചകളിലേക്ക് രാഹുൽ ഗാന്ധി കൂടി നേരിട്ട് എത്തിയതോടെ തീരുമാനം ഉടൻ ഉണ്ടായേക്കും. മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവർക്ക് പുറമെ കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, എ ഐ സി സി നിരീക്ഷക ദീപദാസ് മുൻഷി എന്നിവരാണ് യോഗത്തിൽ പങ്കെടുക്കുന്നത്.

ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും അത് കണക്കിലെടുക്കണമെന്നുമാണ് കെ സി വേണുഗോപാൽ ചർച്ചയിൽ ഉന്നയിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ നിന്ന് താൻ പിന്നോട്ടില്ലെന്ന് അദ്ദേഹം ഹൈക്കമാൻഡിനെ അറിയിച്ചു കഴിഞ്ഞു. എം എൽ എമാരുടെ പിന്തുണയാണ് പ്രധാനമെന്ന നിലപാടിൽ അദ്ദേഹം ഉറച്ചു നിൽക്കുകയാണ്.

അതേസമയം, മുഖ്യമന്ത്രി സ്ഥാനത്തിനായി വി ഡി സതീശനും ശക്തമായി രംഗത്തുണ്ട്. മറ്റ് വിട്ടുവീഴ്ചകൾക്ക് തയ്യാറല്ലെന്നാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. ഘടകകക്ഷികളുടെ പിന്തുണ തനിക്കാണെന്ന് വി ഡി സതീശൻ അവകാശപ്പെടുന്നു. സീനിയോറിറ്റി പരിഗണിക്കണമെന്ന ആവശ്യമാണ് രമേശ് ചെന്നിത്തല ഉന്നയിക്കുന്നത്.

കേരളത്തിലെ നേതാക്കളുടെ നിലപാടുകൾ നേരിട്ട് കേട്ട ശേഷം ഖർഗെ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുക.

Summary

The selection process for the next Kerala Chief Minister has reached its final stage as Congress High Command holds crucial talks in New Delhi. While K C Venugopal appears to have the upper hand with the support of a majority of MLAs, V D Satheesan and Ramesh Chennithala are also maintaining their claims. A final decision is expected shortly following the involvement of Rahul Gandhi and Mallikarjun Kharge in the deliberations.

Latest