Connect with us

Kerala

ഡൽഹിയിലെ നിർണ്ണായക ചർച്ചകൾ അവസാനിച്ചു; കേരളത്തിലെ മുഖ്യമന്ത്രി പ്രഖ്യാപനം പിന്നീടെന്ന് ദീപാദാസ് മുൻഷി

മണിക്കൂറുകൾ നീണ്ട ചർച്ചയും വിഫലം; അന്തിമ തീരുമാനം ഹൈക്കമാൻഡ് മാറ്റിവെച്ചു

Published

|

Last Updated

ന്യൂഡൽഹി | കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ നടന്ന നിർണ്ണായക ചർച്ചകൾ അന്തിമ തീരുമാനമാകാതെ പിരിഞ്ഞു. മുഖ്യമന്ത്രിയെ സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകുമെന്ന് എ ഐ സി സി നിരീക്ഷക ദീപാദാസ് മുൻഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലും സമവായത്തിലെത്താൻ കഴിയാത്തതിനെത്തുടർന്നാണ് തീരുമാനം മാറ്റിവെച്ചത്. എ ഐ സിസി സംഘടനാകാര്യ സെക്രട്ടറി കെസി വേണുഗോപാൽ, വി ഡി സതീശൻ, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല, കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എന്നിവർക്കൊപ്പമാണ് ദീപാദാസ് മുൻഷി മാധ്യമങ്ങളെ കണ്ടത്.

ചേരി തിരിഞ്ഞുള്ള പ്രകടനങ്ങളിൽ നിന്ന് പ്രവർത്തകർ മാറി നിൽക്കണമെന്ന് ദീപാദാസ് മുൻഷി ആവശ്യപ്പെട്ടു. തങ്ങളുടെ പേരിലുള്ള ഫ്ളക്സ് പ്രചാരണങ്ങളും മറ്റും പൂർണമായും ഒഴിവാക്കണമെന്നും വി ഡി സതീശനും ചെന്നിത്തലയും കെ  സി വേണുഗോപാലും മാധ്യമങ്ങളോട് വ്യക്തമാക്കി.

നേരത്തെ നിശ്ചയിച്ച ചർച്ചകളിലേക്ക് രാഹുൽ ഗാന്ധി കൂടി നേരിട്ട് എത്തിയതോടെ ഇന്ന് തന്നെ പ്രഖ്യാപനമുണ്ടാകുമെന്ന് കരുതിയിരുന്നെങ്കിലും നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നത തടസ്സമാവുകയായിരുന്നു. മല്ലികാർജ്ജുൻ ഖർഗെ, രാഹുൽ ഗാന്ധി, കെ സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി ഡി സതീശൻ, കെ പി സി സി അധ്യക്ഷൻ സണ്ണി ജോസഫ്, ദീപാദാസ് മുൻഷി എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.

ഭൂരിപക്ഷം എം എൽ എമാരുടെയും പിന്തുണ തനിക്കുണ്ടെന്നും അതിനാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ പരിഗണിക്കണമെന്നുമാണ് കെ സി വേണുഗോപാൽ ചർച്ചയിൽ ശക്തമായി ഉന്നയിച്ചത്. മത്സരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിൽ അദ്ദേഹം ഉറച്ചുനിന്നു. എന്നാൽ വി ഡി സതീശനും മുഖ്യമന്ത്രി സ്ഥാനത്തിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് സ്വീകരിച്ചത്. ഘടകകക്ഷികളുടെ പിന്തുണ തനിക്കാണെന്ന് സതീശൻ അവകാശപ്പെട്ടു. സീനിയോറിറ്റി പരിഗണിച്ച് തനിക്ക് അവസരം നൽകണമെന്ന് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു.

നേതാക്കളുടെ വ്യത്യസ്ത നിലപാടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ കൂടിയാലോചനകൾക്ക് ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാവുകയുള്ളൂ. കേരളത്തിലെ നേതാക്കളിൽ നിന്ന് ശേഖരിച്ച വിവരങ്ങൾ ഖർഗെയും രാഹുൽ ഗാന്ധിയും വിശദമായി പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ തീരുമാനം അറിയിക്കാനാണ് സാധ്യത.

Summary

The crucial meeting held at AICC President Mallikarjun Kharge’s residence to decide the next Chief Minister of Kerala ended without a final consensus. AICC observer Deepa Dasmunsi informed that the final decision has been postponed to a later date. Despite the presence of Rahul Gandhi and top Kerala leaders, the deadlock continues as multiple contenders remain firm on their claims for the post.

Latest