Kerala
ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് കെജ്‌രിവാളിന്റെ അറസ്റ്റ്:രമേശ് ചെന്നിത്തല
ജനാധിപത്യത്തെ പൂർണമായി തകർക്കാൻ ശ്രമം നടക്കുന്നുണ്ട്, തന്നെ എതിർക്കുന്ന മുഴുവൻ പേരെയും അടിച്ചൊതുക്കാനാണ് മോദി ശ്രമിക്കുന്നത്.
തിരുവനന്തപുരം | ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി രമേശ് ചെന്നിത്തല രംഗത്ത്. ജനാധിപത്യത്തെ പൂര്‍ണമായി തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും തന്നെ എതിര്‍ക്കുന്നവരെ അടിച്ചു ഒതുക്കുക എന്നതാണ് മോദിയുടേ രീതിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ജനാധിപത്യത്തിലെ കറുത്ത അധ്യായമാണ് കെജ്‌രിവാളിന്റെ അറസ്‌റ്റെന്നും അദ്ദേഹം പറഞ്ഞു.
ഇനിയും ഒരിക്കല്‍ കൂടി മോദി അധികാരത്തില്‍ വന്നാല്‍ ഭീകരമായ അവസ്ഥ രാജ്യത്ത് ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ ആയിക്കൊണ്ടിരിക്കുകയാണ് മോദിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്‍ഡ്യ മുന്നണിയിലെ കക്ഷിയായിതിന് പിന്നാലെയാണ് കെജരിവാളിന്റെ അറസ്റ്റ് ഉണ്ടായിരിക്കുന്നതെന്നും ഇത് ചൂണ്ടികാണിക്കുന്നത് പ്രതിപക്ഷ കക്ഷികളെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ നിലപാടിനെയാണെന്നും ചെന്നിത്തല പറഞ്ഞു.
അതേസമയം പൗരത്വ വിഷയത്തില്‍ സിപിഐഎമ്മിന്റെ മുതലകണ്ണീര്‍ വോട്ടു പിടിക്കാനുള്ള തന്ത്രമാണെന്നും ലോക്‌സഭ തിരഞ്ഞെടുപ്പ് യുഡിഎഫ് തൂത്തുവാരുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.